കൊച്ചി വാട്ടര് മെട്രോ ലോകത്തിന് മാതൃക
കൊച്ചി വാട്ടര് മെട്രോ ലോകത്തിന് മാതൃകയെന്ന് അന്താരാഷ്ട്ര മാരിടൈം സംഘടന. 2024ഓടെ കൊച്ചി മെട്രോ പൂര്ണ്ണമായും സൗരോര്ജ്ജത്തില് പ്രവര്ത്തിക്കുമെന്ന് കെഎംആര്എല് എംഡി. വാട്ടര് മെട്രോ ബോട്ടില് യാത്ര നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഐഎംഓയിലെ പാര്ട്ട്നര്ഷിപ്പ് ആന്റ് പ്രോജക്റ്റ്സ് മേധാവി ജോസ് മത്തൈക്കല് വാട്ടര് മെട്രോ യാത്രാനുഭവം വിവരിച്ചത്. കൊച്ചിയില് തന്നെ നിര്മ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളും വാട്ടര് മെട്രോ ഓപ്പറേഷന്സും മറ്റ് രാജ്യങ്ങള്ക്ക് മാതൃകയാക്കാവുന്നതാണെന്നും ജോസ് സൂചിപ്പിച്ചു. സാധാരണക്കാര്ക്ക് ഏറ്റവും സുരക്ഷിതമായി കുറഞ്ഞ ചെലവില് മികച്ച സൌകര്യങ്ങളോടെ യാത്ര ചെയ്യാന് വാട്ടര് മെട്രോ സഹായകരമാകും എന്നും ഐഎംഓ അധികൃതര് ചൂണ്ടിക്കാട്ടി. യു എന്നില് അംഗങ്ങളായ രാജ്യങ്ങള്ക്ക് വാട്ടര് മെട്രോയെ അഭിമാനപൂര്വ്വം പരിചയപ്പെടുത്തുമെന്നും മലയാളി കൂടിയായ ജോസ് മത്തൈക്കല് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജന്സികളില് ഒന്നാണ് അന്താരാഷ്ട്ര മാരിടൈം സംഘടന.
കടല്മാര്ഗ്ഗമുള്ളയാത്രയുടെ സുരക്ഷ, പരിസ്ഥിതി ആശങ്കകള്, നിയമപരമായ കാര്യങ്ങള്, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ചുമതല ഐ.എം.ഒയ്ക്കാണ്. ഐഎംഓയുടെ ഗ്രീന് വോയേജ് പദ്ധതിക്കായി നടത്തുന്ന പഠനങ്ങളുടെ ഭാഗമായാണ് സംഘം വാട്ടര് മെട്രോയില് ഹൈക്കോര്ട്ട് മുതല് വൈപ്പിന് വരെ സന്ദര്ശിച്ചത്. കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വാട്ടര് മെട്രോ നീളുമെന്നാണ് പ്രതീക്ഷയെന്നും ഐഎംഓ അധികൃതര് കൂട്ടിച്ചേര്ത്തു. 2024ഓടെ കൊച്ചി മെട്രോ സമ്പൂര്ണ്ണമായും സൗരോര്ജ്ജത്തില് പ്രവര്ത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആര്എല് എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

