കോവിഡ് – ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

കോവിഡ് – ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

‘സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ തന്നെ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കണം’ മന്ത്രി നിര്‍ദേശം നല്‍കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആശങ്ക വേണ്ട എങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്സിന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും.

പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രി അഡ്മിഷന്‍ നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും നിര്‍ദേശം നല്‍കി.

പ്രതിരോധം ഊര്‍ജിതമാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റുരാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരുന്നതിനാലാണ് സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറവാണ്. എന്നാല്‍ കോവിഡ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഠിച്ച പാഠങ്ങള്‍ മറക്കരുത്. ലക്ഷണങ്ങള്‍ അവഗണിക്കരുത്. രോഗ ലക്ഷണങ്ങളുള്ളവരോട് ഇടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.