തിരുനെല്ലിയിലേക്കുള്ള യാത്രവിശേഷങ്ങളിലൂടെ
നനവുള്ള ഓർമ്മകളോടെയാണ് ഞാൻ തിരുനെല്ലിയാത്രയുടെ വിശദാംശങ്ങൾ നിങ്ങളുമായി പങ്ക് വെക്കുന്നത്. ആഗസ്റ്റ് 17ന് ആകസ്മികമായുണ്ടായ എന്റെ ഭർത്താവിന്റെ വേർപാട്. മരണം മുൻകൂട്ടി കണ്ടത് പോലെ, മരണശേഷമുള്ള ആഗ്രഹങ്ങൾ അദ്ദേഹം മകനോട് പറഞ്ഞേൽപ്പിച്ചിരുന്നു. അതിലൊന്നാണ് അസ്ഥി തിരുനെല്ലിയിൽ ഒഴുക്കണമെന്നത്. ഞങ്ങളുടെ കുടുംബത്തിലെ മരണാനന്തരകർമ്മങ്ങൾ ആലുവായിലാണ് ചെയ്യാറുള്ളതെങ്കിലും, അച്ഛന്റെ ആഗ്രഹം നിറവേറ്റാമെന്ന് മക്കൾ തീരുമാനിച്ചു.
തിരുനെല്ലി ക്ഷേത്രത്തിൽ അന്വേഷിച്ചപ്പോൾ, ക്ഷേത്രത്തിൽ ബലിതർപ്പണം ചെയ്യാമെന്നും പക്ഷെ അസ്ഥിനിമജ്ജന പ്രക്രീയ ക്ഷേത്രം നടത്താറില്ലെന്നും, ക്ഷേത്രത്തിൽ ബലിതർപ്പണം ചെയ്തശേഷം, ക്ഷേത്രത്തിന് വെളിയിൽ നദിയുടെ ഒഴുക്കുള്ള ഭാഗത്ത് അസ്ഥിനിമജ്ജനം ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ക്ഷേത്രഭാരവാഹികളിൽ നിന്നറിഞ്ഞു. അങ്ങനെയാണ് തിരുനെല്ലിയിലേക്കുള്ള യാത്ര പുറപ്പെടുന്നത്.
റബർത്തോട്ടങ്ങളും വാഴത്തോപ്പുകളും വൃക്ഷലതാദികളും കൊണ്ട് സമൃദ്ധിയായ സ്ഥലത്ത് കൂടെയുള്ള യാത്ര, ഉണങ്ങി വരണ്ട് ശുഷ്കിച്ചുപോയ എൻറെ ചിന്തകളെ ഭൂമിദേവീ തൻറെ വരപ്രസാദത്തിലൂടെ വഴി തിരിച്ച് വിടുന്നതായി എനിക്കനുഭവപ്പെട്ടു. നെൽവിത്തിനകത്ത് നിന്ന് പ്രപഞ്ചത്തെ പുൽകാൻ ആകാംക്ഷയോടെ എത്തി നോക്കുന്ന പുത്തൻ നാമ്പുകൾ പോലെയായി എൻറെ ചിന്തകൾ.വനാന്തരങ്ങളിലുള്ള കലപില ശബ്ദമുണ്ടാക്കി പറക്കുന്ന പറവകളിലേക്കും, വൃക്ഷതലപ്പിലൂടെയും ശാഖകളിലൂടെയും വാനരന്മാർ ചാടി കളിക്കുന്നതും ഊഞ്ഞാലാടുന്നതുമായ കുസൃതികളിലേക്കും എൻറെ ശ്രദ്ധ ചെന്ന് പതിച്ചു.
സങ്കടത്തിന്റെ തീയും ചൂടും നിറഞ്ഞ് വിങ്ങുന്ന മനസ്സിനെ തണുപ്പിക്കാനുതകുന്ന, കുളിർമ്മയുള്ള കാഴ്ചകൾ. ഇതൊക്കെ ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രകൃതി നിത്യേന തുടർന്നുകൊണ്ടേയിരിക്കുന്നതാണ്. പ്രപഞ്ചത്തെ എല്ലായ്പോഴും മുന്നോട്ട് നയിക്കുന്നത്, പ്രകൃതിയുടെ ഈ ലീലാവിലാസങ്ങളാണെങ്കിലും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമേ നാം ശക്തിയെ ശ്രദ്ധിക്കാറുള്ളൂ.
കടലിലെ ഓരോ ഓളങ്ങളും തിരകളായി മുന്നോട്ട് വന്ന് കുതിച്ച് കരയിലമർന്ന് തല്ലിത്തകർന്ന് അവസാനിക്കുമ്പോഴും, പുതിയ പുതിയ തിരമാലകൾ രൂപപ്പെടുവാൻ പ്രകൃതി എത്ര സഹായിക്കുന്നു. ജനനവും മരണവും നിത്യസംഭവമാണെങ്കിലും, നേരിട്ടനുഭവിച്ചാലേ അതിന്റെ ആഴം മനസ്സിലാക്കാനാവൂ, മറ്റുള്ളവരുടെ ദുഖങ്ങൾ ചിലരുടെ ഹൃദയങ്ങളിൽ മാത്രമല്ലേ സ്പർശിക്കാറുള്ളൂ.
ഞങ്ങൾ യാത്ര ചെയ്ത വഴികൾ, ഊട്ടിയെ അനുസ്മരിപ്പിക്കുംവിധം നിറയെ വളവുതിരിവുകളും ഹെയർപിന്നുകളും വഴിയുടെ ഒരു വശം മലയും മറുവശം അഗാധമായ കുത്തനെയുള്ള ഗർത്തങ്ങളും നിറഞ്ഞതാണ്. മരങ്ങൾ തിങ്ങിനിറഞ്ഞ വനപ്രദേശങ്ങൾ ശീതളച്ഛായ പകരുന്നതും കൊടുംകാടിൻറെ ഹരിതാഭ ആസ്വദിക്കാനുള്ള മനസ്സിന്റെ തീവ്രമായ ആവേശമായിരിക്കാം യാത്ര ചെയ്യാൻ സാധാരണയായി എന്നേ പ്രേരിപ്പിച്ചിരുന്നത്. റോഡിന് ഇരുഭാഗത്തുമുള്ള വനത്തിലേക്ക് കണ്ണോടിച്ചാൽ ദൃശ്യമാവുന്ന പച്ചപരവതാനി വിരിച്ച പോലുള്ള മനോഹരമായ പുൽമേടുകളും അതിനകത്തൊക്കെ ബ്രൗൺ നിറത്തിൽ തലപൊക്കി നില്ക്കുന്ന ഉയരമുള്ള റബ്ബർ മരങ്ങളുടെയും അതിമനോഹരമായ കാഴ്ച. പുൽത്തകിടികളാൽ പ്രകൃതി തീർത്ത പച്ചവെൽവറ്റിലൂടെ എഴുന്ന് നിൽക്കുന്ന മരങ്ങളുടെ കാഴ്ച്ചകൾ കോരിത്തരിപ്പിച്ചതിനാൽ, ഞാൻ മെല്ലെ മുകളിലേക്ക് ഒന്ന് കണ്ണോടിച്ചു. ആകാശനീലിമയുടെ ഒരംശം പോലും കാണാനാവാത്തവിധം പച്ചക്കുട നിവർത്തിയത് പോലെ, റബ്ബർമരങ്ങളുടെ ഇലകൾ കൊണ്ട് ഇരുവശത്തുമുള്ള വനങ്ങൾക്കും റോഡുകൾക്കും മേൽകൂര തീർത്തിരിക്കുന്നു. ഇലകളൊക്കെ മുകളിലെത്തി സൂര്യപ്രകാശത്തിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് തടിയ്ക്കാവശ്യമായ ഭക്ഷണം പാകം ചെയ്യുന്നു. അല്ലെങ്കിൽ റബ്ബർ മരങ്ങൾക്ക് ഇത്ര തഴച്ച് വളരാൻ സാധ്യമാവില്ലല്ലോ. പ്രപഞ്ചത്തെ ഇത്ര കലാചാരുതയോടെ ഒരുക്കന്നത് ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും ആസ്വദിക്കാനാണെന്നറിയാം.
തനിയെ അണിഞ്ഞൊരുങ്ങിയിട്ട് എന്റെ ചന്തം കണ്ടോ എന്ന് ഉള്ളിലിരുന്ന് ആരോ ചോദിക്കുന്നതായി തോന്നി. പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സ്വിറ്റ്സർലന്റ് വരെയൊന്നും പോയി മെനക്കെടേണ്ടേന്ന് സധൈര്യം ആരോടും പറയാനാവുംവിധമുള്ള സൗന്ദര്യമാണ് വഴിനീളേ ഞങ്ങൾ നുകർന്നത്.
കവിത്വവാസന മനസ്സിൽ വിടരുകയായിരുന്നെങ്കിലും, ഈ പ്രകൃതി തന്നെയാണോ ഭയാനഹമായ രീതിയിൽ ദുരന്തങ്ങൾ വിതച്ച് സർവ്വജീവജാലങ്ങൾക്കും ഭീഷണിയും ജീവഹാനിയും വരുത്തുന്നതെന്ന് ചിന്തിച്ച് പോയി. ഗുരുദേവന്റെ കാളിനാടകമാണ് ചിന്തകളിൽ ഓടിയെത്തിയത്. …സമസ്തപ്രപർഞ്ചം സ്യജിച്ചും, ഭരിച്ചും, മുദാ സംഹരിച്ചും, രസിച്ചും, രമിച്ചും, കളിച്ചും, പുളച്ചും മഹാഘോരഘോരം വിളിച്ചും മമാനന്ദദേശേ വസിച്ചും ….
ദേവിയുടെ ലീലാവിലാസങ്ങളിൽ, നൃത്തലഹരിയിൽ നടനമാടുമ്പോൾ ശാന്തപ്രകൃതമായ സാന്ത്വാനവും, ഘോരഘോരമായ പ്രവർത്തികളിലൂടെയും കടന്ന് പോവുന്ന ജീവാത്മക്കളായ നാമെല്ലാം എത്ര ചെറുജീവികളാണെന്ന് ഓർത്ത് പോയി. ശിവപെരുമാളോട് ഭവനാടകമാടുമരുമ്പൊരുളെ എന്ന് കവി പാടുന്നതുമൊക്കെ ഓർത്ത് മനസ്സ് നമിച്ചു പോയി.
സാധാരണക്കാരായ ജീവാത്മക്കൾക്ക് പ്രപഞ്ചത്തിൽ നടക്കുന്നതെല്ലാം പരദൈവത്തിന്റെ നടനമാണെന്ന ആത്മബോധവും പ്രകാശവും ആർജ്ജിക്കുമ്പോഴേക്കും, വിധിയുടെ നിശ്ചയപ്രകാരം ആസ്വാദനം ഇടയ്ക്ക് വെച്ച് നിർത്തി മടങ്ങേണ്ടി വരുന്നു. ജീവിതസത്യം ശരിക്കും തിരിച്ചറിയുമ്പോൾ, നമ്മുടെ ദൗത്യത്തിന്റ മുക്കാൽ ഭാഗവും പൂർത്തിയാക്കി നമുക്ക് മുന്നിൽ നിമിഷങ്ങൾ മാത്രമേ അവശേഷിക്കുന്നുണ്ടാവൂ.
യാത്ര മുന്നോട്ട് തുടരുന്തോറും ഭൂമിക്ക് ഭംഗിയേറി വരുന്നതായി കാണപ്പെട്ടു.. ഒരു വണ്ടിക്ക് മാത്രം പോകാവുന്ന വിധത്തിൽ വീതി കുറഞ്ഞ ടാറിട്ടറോഡുകൾ അതിന് ഇരുഭാഗത്തും വനങ്ങൾ അതിലൂടെ മരങ്ങൾ ഇടതൂർന്ന് വന്ന് മേഘങ്ങൾ കാണാനാവാത്ത വിധം പച്ചനിറത്തിലെ പന്തൽ ഇട്ടിരിക്കും പോലുണ്ട്. എത്ര മനോഹരമായ സ്ഥലങ്ങൾ കൊതിയോടെ നോക്കിയിരുന്നു, ഞാനെന്റെ ദുഖമൊക്കെ മറന്ന് മറ്റൊരു ലോകത്ത് എത്തിപ്പെട്ടത് പോലെ. 43 വർഷം ഒരുമിച്ച് ജീവിച്ച വ്യക്തിയുടെ അസ്ഥിയും കൊണ്ടുള്ള യാത്ര, മനസ്സിലുണ്ടാക്കുന്ന വിങ്ങൽ, എന്നേ പോലുള്ളവർക്ക് താങ്ങാനാവുന്നതിലും അധികമാണ്. നിർവ്വികാരതയോടെ എനിക്ക് ചുറ്റിലും ഉള്ളവരുടെ നാടകങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ശേഷം അടുത്തലക്കം
Photo Courtesy : Google/ images are subject to copyright

