ഡോ. മാത്യു കുഴല്‍നാടന്‍- കേരള രാഷ്ട്രീയത്തിലെ ഹൈടെക് എംഎല്‍എ

ഡോ. മാത്യു കുഴല്‍നാടന്‍- കേരള രാഷ്ട്രീയത്തിലെ ഹൈടെക് എംഎല്‍എ

കേരള രാഷ്ട്രീയത്തിലെ ശക്തനായ എം.എല്‍ എ മാത്യു കുഴല്‍നാടന്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട് നില്‍ക്കുന്നു. നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും. രാഷ്ട്രീയം സേവനമാകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നേതാവ്. പാര്‍ട്ടി ഭേദമന്യേ ജനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും കൈയടിക്കുന്ന വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം.
ലൈഫ് മിഷന്‍ കേസും, സ്വര്‍ണ്ണക്കടത്ത്, പാന്‍പരാഗ് കടത്തും പോലെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടി കേരളരാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്ന മാത്യു കുഴല്‍നാടന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായ മാത്യു കുഴല്‍നാടന്‍ 2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ നിയമസഭാമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം ലോ കോളജില്‍ കെ എസ് യു ഭാരവാഹിയായിരുന്നു. ശേഷം സംസ്ഥാന വൈസ് പ്രസിഡന്റായി. പിന്നീട് ജെ.എന്‍.യു വിലേക്ക്. അക്കാലത്താണ് എന്‍.എസ്.യു ഐയുടെ ദേശീയ വൈസ് പ്രസിഡന്റായത്. അതിന് ശേഷം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമൊക്കെയായി. സാമൂഹിക മാധ്യമങ്ങളിലൂടെയുളള നിരന്തരമായ ഇടപെടലുകളാണ് മാത്യു കുഴല്‍നാടനെ ശ്രദ്ധേയനാക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും കോണ്‍ഗ്രസിന്റെ പ്രതിനിധിയായി തിളങ്ങുകയും ചെയ്യുന്നു.

വിവരസാങ്കേതികതയുടേയും സാമൂഹ്യ മാധ്യമങ്ങളുടേയുമെല്ലാം സാധ്യതകള്‍ ഉപയോഗിച്ച് തുടങ്ങിയ നവലോക കോണ്‍ഗ്രസ് പ്ലാറ്റ് ഫോമിന്റെ ചുമതല കുഴല്‍നാടനായിരുന്നു വഹിച്ചിരുന്നത്. വേറിട്ട ആശയങ്ങളായിരുന്നു കുഴല്‍നാടനെ വ്യത്യസ്തനാക്കിയിരുന്നതും. ആദ്യംവിദ്യാര്‍ഥി, പിന്നെ നേതാവ് എന്നതായിരുന്നു വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് കുഴല്‍നാടന്‍ നല്‍കിയ ഉപദേശം. പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ട് പഠനത്തില്‍ പിറകോട്ടുപോയി എന്ന് പറയുന്ന പല മുന്‍ഗാമികളെയും പറ്റി കേട്ടിട്ടുള്ളതുകൊണ്ടാണ് അദ്ദേഹം അത്തരത്തിലൊരു ആശയം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതും. രാഷ്ട്രീയവും പഠനവും ഒരുമിച്ച് കൊണ്ടുപോകുന്ന രീതിയാണ് താന്‍ സ്വീകരിച്ചതെന്നും രാഷ്ട്രീയം ഉപജീവനത്തിനുള്ള മാര്‍ഗ്ഗമാകാതെ വരുമാനത്തിന് തൊഴില്‍ വേണമെന്നുമാണ് കുഴല്‍നാടന്റെ പക്ഷം.

പാര്‍ട്ടി പ്രൊഫഷണല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ സംസ്ഥാന പ്രസിഡന്റായി മാത്യു കുഴല്‍നാടനെ തിരഞ്ഞെടുത്തു. പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മാത്യു കുഴല്‍നാടന്‍ എല്‍.ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മൂവാറ്റുപുഴ പിടിച്ചെടുക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കുഴല്‍നാടന്റെ 32കോടിയുടെ ആസ്ഥി വിവരങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. എന്നാല്‍ അതിനും കുഴല്‍നാടന് മറുപടിയുണ്ടായിരുന്നു. ജോലി ചെയ്തുകിട്ടിയതും കുടുംബസ്വത്തും തന്നെയാണെന്നും ഒരു രൂപപോലും രാഷ്ട്രീയത്തില്‍ നിന്ന് സമ്പാദിച്ചിട്ടില്ലെന്നും സമ്പാദിക്കാന്‍ ഉദ്ധേശിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
എല്‍. ഡി എഫിന് തുടര്‍ഭരണം ലഭിച്ച തിരഞ്ഞെടുപ്പിന് ശേഷം ഒട്ടും ആത്മവിശ്വാസമില്ലാത്ത രീതിയിലായിരുന്ന കോണ്‍ഗ്രസിനെ നിലപാടുകളുടെ കരുത്തുകൊണ്ട് ഉറപ്പിക്കാന്‍ ശ്രമിച്ചതും അദ്ദേഹമാണ്. ‘എല്ലാം പരിഹരിക്കും’ എന്നാണ് അദ്ദേഹം അന്ന് ഉറപ്പിച്ച് പറഞ്ഞത്. വല്ലാതെ ദുര്‍ബലമായിപ്പോയ യുഡി എഫിനെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും മാത്യു കുഴല്‍നാടനാണ്.

മൂവാറ്റുപുഴക്കാര്‍ ഹൈടെക് എം.എല്‍ എ ആയിട്ടാണ് കുഴല്‍നാടനെ കാണുന്നത്. മൂവാറ്റുപുഴയുടെ ഉന്നമനത്തിനായി ധാരാളം വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്ന കാര്യത്തിലും വിവരസാങ്കേതിക വിദ്യയുടെ എല്ലാ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും മറ്റുള്ളവരില്‍നിന്ന് ഒരുപിടി മുന്നിലാണ് മൂവാറ്റുപുഴയുടെ കരുത്തനായ എം.എല്‍.എ മാത്യു കുഴല്‍നാടന്‍. മാറ്റം നമ്മില്‍നിന്ന് ആരംഭിക്കട്ടെ എന്നാണ് കുഴല്‍നാടന്റെ പക്ഷം. കേരള രാഷ്ട്രീയത്തിലെ പ്രതീക്ഷയുടെ, കരുത്തിന്റെ പ്രതീകമായിത്തന്നെ ഈ നേതാവ് എന്നും നിലനില്‍ക്കട്ടെ.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.