കെ.വിദ്യയെ കണ്ടെത്താന് അന്വേഷണസംഘം, കോഴിക്കോട് ഭാഗത്ത് ഉണ്ടെന്ന് സംശയം
വ്യാജ പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ മുന് നേതാവ് കെ.വിദ്യയെ 10 ദിവസം കഴിഞ്ഞും കണ്ടെത്താനാവാതെ വന്നതോടെയാണ് പോലീസിന്റെ പുതിയ നീക്കം. സൈബര് സെല്ലിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്. വിദ്യ കോഴിക്കോട് ഭാഗത്ത് ഉണ്ടെന്ന് സംശയിക്കുന്നു.
അട്ടപ്പാടി ഗവണ്മെന്റ് കോളേജിലെ അഭിമുഖത്തിന് മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കാറില് വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറില് കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല് കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാര് പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാള് വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പോലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുന്നതിനിടയിലാണ് ഇക്കാര്യങ്ങള് വ്യക്തമായത്.
ജൂണ് രണ്ടിനാണ് വിദ്യ കോളേജില് എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തില് വലിയ തോതില് ആശയ കുഴപ്പം ഉണ്ടായിരുന്നു. പോലീസ് കോളേജിലെത്തിയപ്പോള് ചുമതലയിലുണ്ടായിരുന്ന ജീവനക്കാരന് ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജില് ആറ് ദിവസത്തെ ദൃശ്യങ്ങള് മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പോലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിന്സിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങള് പരിശോധിക്കുകയായിരുന്നു. ഇതില് നിന്നാണ് നിര്ണായക വിവരങ്ങള് ലഭിച്ചത്.
Photo Courtesy : Google/ images are subject to copyright

