നിലമ്പൂരില് 12കാരനെ കെട്ടിയിട്ട നിലയില് കണ്ടെത്തിയ സംഭവം- കുട്ടി ആസൂത്രണം ചെയ്തത്
നിലമ്പൂര് മിനര്വപടിയിലെ കെട്ടിടത്തില് 12കാരനെ കെട്ടിയിട്ട നിലയില് കണ്ടെത്തിയ സംഭവം, സ്കൂളില് പോകാനുള്ള മടി കാരണം കുട്ടിതന്നെ ആസൂത്രണം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് കെ.എന്.ജി റോഡിനോട് ചേര്ന്ന മൂന്നുനില കെട്ടിടത്തിലെ കോണിപ്പടിയില് ഏഴാം ക്ലാസുകാരനെ കൈകള് പിന്നിലേക്ക് കെട്ടിയിട്ട നിലയില് കണ്ടെത്തിയത്. ഒന്നാം നിലയില് പ്രവര്ത്തിക്കുന്ന ഇലക്ട്രോണിക് കടയിലെ ജീവനക്കാരന് കുട്ടിയുടെ കരച്ചില് കേട്ട് വന്നുനോക്കിയപ്പോഴാണ് കൈകള് കെട്ടി കമഴ്ന്നുകിടക്കുന്ന കുട്ടിയെ കണ്ടത്. സമീപം സ്കൂള് ബാഗും ഉണ്ടായിരുന്നു. കുട്ടിയെ താഴെ എത്തിച്ച് നാട്ടുകാരുടെ സഹായത്തോട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടിയെ ആശുപത്രിയിലാക്കി.
രണ്ടു ദിവസമായി കുട്ടി ക്ലാസില് എത്തിയിരുന്നില്ല. സ്കൂള് സമയം കഴിയുംവരെ സുരക്ഷിതമായ സ്ഥലം എന്ന നിലയിലാണ് ഇവിടം തിരഞ്ഞെടുത്തത്. ആരെങ്കിലും കണ്ടാല് സംശയം തോന്നാതിരിക്കാനാണ് കൈകള് പ്ലാസ്റ്റിക് വള്ളികൊണ്ട് പിറകിലേക്ക് കെട്ടിയത്. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് കുട്ടി കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തിയെത്. സ്കൂള് ബാഗുമായി കുട്ടി തനിയെ കോണിപ്പടി കയറുന്നത് സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലുണ്ട്. കുട്ടിക്ക് കൗണ്സിലിങ് നല്കും.
Photo Courtesy : Google/ images are subject to copyright

