ഒറ്റത്തവണ കെട്ടിടനികുതി പിഴ; ഓര്ഡിനൻസിന് നിയമപ്രാബല്യം നഷ്ടമായത് സര്ക്കാറിന് തിരിച്ചടി
ഒറ്റത്തവണ കെട്ടിടനികുതി പിഴയിലൂടെ കോടികള് പിരിച്ചെടുക്കാൻ കൊണ്ടുവന്ന ഓര്ഡിനൻസിന് നിയമപ്രാബല്യം നഷ്ടമായത് സര്ക്കാറിന് തിരിച്ചടിയായി. ഓര്ഡിനൻസിനൊപ്പം നിയമസഭസമ്മേളനം കൂടി വിളിക്കാനുള്ള ശിപാര്ശ്ശയിലും ഗവര്ണര് ഒപ്പിട്ടതോടെയാണ് ഓര്ഡിനൻസ് അസാധുവായത്. ജൂലൈ 12 ലെ മന്ത്രിസഭയോഗമാണ് പിഴത്തുക ഉയര്ത്തുന്നതിന് കേരള കെട്ടിടനികുതി നിയമ (ഭേദഗതി) ഓര്ഡിനന്സിന് ശുപാര്ശ്ശ നല്കിയത്. തുടര്ന്ന് ജൂലൈ 19ലെ മന്ത്രിസഭ യോഗം നിയമസഭ സമ്മേളനം വിളിച്ചു ചേര്ക്കാനും ഗവര്ണറോട് ശുപാര്ശ്ശ ചെയ്തിരുന്നു. ഗവര്ണര് കഴിഞ്ഞദിവസം രാജ്ഭവനില് മടങ്ങിയെത്തിയ ശേഷമാണ് ഈ ഫയലുകള് പരിഗണിച്ചത്. രണ്ടിലും ഒന്നിച്ച് ഗവര്ണര് ഒപ്പിടുകയും ചെയ്തു. ഗവര്ണര് ഒപ്പിട്ടെങ്കിലും നിയമസഭ സമ്മേളനം തീരുമാനിച്ച സാഹചര്യത്തില് ഓര്ഡിനൻസിന്റെ നിയമപ്രാബല്യം നഷ്ടമായി. ഒന്നുകില് ഓര്ഡിനൻസ് നേരത്തേ ഗവര്ണര്ക്ക് സമര്പ്പിച്ച് അംഗീകാരം വാങ്ങണമായിരുന്നു. ഇതോടെ ഓര്ഡിനൻസ് ബില്ലായി കൊണ്ടുവരുക മാത്രമാണ് സര്ക്കാറിന് മുന്നിലെ പോംവഴി. ആഗസ്റ്റ് ഏഴിന് ആരംഭിച്ച് 24 വരെ ക്രമീകരിച്ചിരിക്കുന്ന നിയമസഭ സമ്മേളനത്തില് ഇത് ബില്ലായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഒട്ടേറെ നടപടികള് പൂര്ത്തിയാക്കണം. ശേഷിക്കുന്ന ദിവസങ്ങള്കൊണ്ട് അതിനു കഴിയുമോ എന്ന കാര്യത്തില് വ്യക്തതയില്ല. കെട്ടിടനികുതി തെറ്റായി രേഖപ്പെടുത്തി ഒറ്റത്തവണ നികുതി നല്കിയവരില്നിന്നാണ് 50 ശതമാനം പിഴത്തുക ഈടാക്കാൻ മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് ഇത്തരത്തില് ആയിരക്കണക്കിന് കെട്ടിടങ്ങള് ഉണ്ടെന്നും ഈടാക്കുന്ന പിഴത്തുക വഴി റവന്യൂ വകുപ്പിന് വലിയ വരുമാനം ഉണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു.
Photo Courtesy : Google/ images are subject to copyright

