ഏഷ്യൻ ഗെയിംസിൽ അരുണാചലിൽ നിന്നുള്ള താരങ്ങൾക്ക് വിസ നിഷേധിച്ചു; യാത്ര റദ്ദാക്കി കായികമന്ത്രിയും
അരുണാചല്‍ പ്രദേശില്‍ നിന്നുള്ള രണ്ട് കായിക താരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ചൈന വിസ നിഷേധിച്ചതില്‍ പ്രതിഷേധവുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. ഏഷ്യന്‍ ഗെയിംസ് വേദി സന്ദര്‍ശിക്കാനുള്ള യാത്ര കേന്ദ്രമന്ത്രി റദ്ദാക്കി. ചൈനീസ് സര്‍ക്കാര്‍ ശത്രുതാ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. വുഷു താരങ്ങളായ ഒനിലു തെഗ, മെപുങ് ലംഗ എന്നിവര്‍ക്കാണ് ചൈന വിസ നിഷേധിച്ചത്. ഈ ടീമിലെ മറ്റംഗങ്ങള്‍ ഇതിനകം തന്നെ മത്സരത്തില്‍ പങ്കെടുക്കാന്‍ ചൈനയിലെ ഹാങ്ഴുവില് എത്തിക്കഴിഞ്ഞു. അതേസമയം, അരുണാചല്‍ പ്രദേശിനെ ചൈന അംഗീകരിക്കുന്നില്ലെന്നും ദക്ഷിണ ടിബറ്റന്‍ റീജയന്റെ ഭാഗമായ അവിടം ചൈനയുടെ ഭൂപ്രദേശമാണെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിങ് അവകാശപ്പെടുന്നത്. എല്ലാ കായിക താരങ്ങളോടും ചൈനയക്ക് തുറന്ന സമീപനമാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നും നിയമപരമായ രേഖകളുമായി എത്തുന്ന എല്ലാ താരങ്ങളെയും ഹാങ്ഴൂ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്നും അവര്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright