ഗംഗ എക്സ്പ്രസ് വേ നാടിന് സമർപ്പിച്ചു: 6 മണിക്കൂറില് 600 കിലോമീറ്റര്; വികസനത്തിനൊപ്പം രാഷ്ട്രീയ പോരാട്ടവും ചർച്ചയാക്കി പ്രധാനമന്ത്രി
ഉത്തർപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ ആറുവരിപ്പാതയായ ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് റോഡ് പദ്ധതികളിലൊന്നായ ഇത് യുപിയുടെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ, ഉത്തർപ്രദേശിന്റെ വികസന നേട്ടങ്ങൾക്കൊപ്പം ബംഗാളിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്നു എക്സ്പ്രസ് വേ ആറ് വരിപ്പാതയാണ്. ഭാവിയില് എട്ടുവരിപ്പാതയാകുന്ന രീതിയിലാണ് ഡിസൈന്. പരമാവധി വേഗത മണിക്കൂറില് 120 കിലോമീറ്ററാണ്. റെക്കോര്ഡ് വേഗത്തിലാണ് പദ്ധതിയുടെ നിര്മാണം പൂര്ത്തിയായത്.
12 ജില്ലകളിലൂടെ കടന്നുപോയി മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്നതാണ് ഈ എക്സ്പ്രസ് വേ. മീററ്റ്, ഹാപ്പൂര്, ബുലന്ദ്ഷഹര്, അംറോഹ, സംഭാല്, ബദായൂന്, ഷാജഹാന്പൂര്, ഹര്ദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.
റോഡിനോട് ചേര്ന്ന് 12 സംയോജിത മാനുഫാക്ചറിംഗ് ആന്ഡ് ലോജിസ്റ്റിക്സ് ക്ലസ്റ്ററുകള് സ്ഥാപിക്കാന് സംസ്ഥാന സര്ക്കാര് പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി ഏകദേശം 6,507 ഏക്കര് ഭൂമി ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഏകദേശം 47,000 കോടി രൂപയുടെ നിക്ഷേപത്തിനായി 987 നിര്ദ്ദേശങ്ങള് ഇതിനകം ലഭിച്ചതായി അധികൃതര് അറിയിച്ചു.
യാത്രാസമയം പകുതിയായി കുറയും
മീററ്റിനെ പ്രയാഗ് രാജുമായി ബന്ധിപ്പിക്കുന്ന ഈ ബൃഹദ് പദ്ധതി യാഥാർഥ്യമായതോടെ 600 കിലോമീറ്ററോളം ദൂരം പിന്നിടാൻ ഇനി വെറും ആറ് മണിക്കൂർ മതിയാകും. നിലവിൽ 11 മണിക്കൂറോളം എടുക്കുന്ന യാത്രാസമയമാണ് ഇതോടെ പകുതിയോളമായി ചുരുങ്ങുന്നത്. 12 ജില്ലകളിലൂടെ കടന്നുപോകുന്ന 594 കിലോമീറ്റർ ദൈർഘ്യമുള്ള ഈ എക്സ്പ്രസ് വേ 36,230 കോടി രൂപ ചിലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ബംഗാളിൽ ബിജെപി തൂത്തുവാരുമെന്ന് പ്രധാനമന്ത്രി
വികസന പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ ബംഗാളിലെ വോട്ടെടുപ്പിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. കഴിഞ്ഞ 60 വർഷത്തിനിടയിൽ ആദ്യമായാണ് ബംഗാളിലെ ജനങ്ങൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബംഗാളിൽ ബിജെപി വലിയ വിജയം നേടുമെന്നും ശക്തമായ പോളിംഗ് ആണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ പ്രധാന പ്രത്യേകതകൾ:
ദൈർഘ്യം: 594 കിലോമീറ്റർ.
നിർമ്മാണ ചിലവ്: 36,230 കോടി രൂപ.
പ്രയോജനം: മീററ്റ് – പ്രയാഗ് രാജ് യാത്രാസമയം 11 മണിക്കൂറിൽ നിന്ന് 6 മണിക്കൂറായി കുറയും.
വ്യാപ്തി: ഉത്തർപ്രദേശിലെ 12 പ്രധാന ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്നു.
യുപിയുടെ സാമ്പത്തിക വളർച്ചയ്ക്കും വ്യാവസായിക പുരോഗതിക്കും ഗംഗ എക്സ്പ്രസ് വേ വലിയ കരുത്താകുമെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ വിലയിരുത്തി.
Photo Courtesy: Google/ images are subject to copyright

