മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്ന് ആവശ്യം: രാജ്യസഭയിൽ നോട്ടീസ് നൽകി പ്രതിപക്ഷം
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നോട്ടീസ് നൽകി. കോൺഗ്രസ് വക്താവും എം.പിയുമായ ജയറാം രമേശിന്റെ നേതൃത്വത്തിൽ 73 പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിനാണ് കൈമാറിയത്. ഭരണഘടനയുടെ 324 (5), 124 (4) അനുച്ഛേദങ്ങൾ പ്രകാരം ഇംപീച്ച്മെന്റിന് സമാനമായ നടപടികളിലൂടെ കമ്മീഷണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രമേയം അയക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
2026 മാർച്ച് 15-ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും നോട്ടീസിൽ അക്കമിട്ടു നിരത്തുന്നുണ്ട്. നിഷേധിക്കാനാവാത്ത ഒമ്പതോളം കുറ്റങ്ങളാണ് ജയറാം രമേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ആരോപിച്ചിരിക്കുന്നത്. അദ്ദേഹം പദവിയിൽ തുടരുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും, പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വേണ്ടി ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരാൾ ഈ ഉന്നത പദവിയിൽ ഇരിക്കുന്നത് ജനാധിപത്യത്തിന് അപമാനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി ഇത്തരമൊരു നീക്കം നടത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾക്കും ഈ നീക്കം കാരണമായിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright

