സൗദിയിൽ സെയിൽസ്, മാർക്കറ്റിംഗ് മേഖലകളിൽ 60% സ്വദേശിവൽക്കരണം നിലവിൽ വന്നു; കുറഞ്ഞ ശമ്പളം 5,500 റിയാൽ
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ സെയിൽസ്, മാർക്കറ്റിംഗ് തസ്തികകളിൽ 60 ശതമാനം സ്വദേശിവൽക്കരണം ഞായറാഴ്ച (ഏപ്രിൽ 19) മുതൽ നിലവിൽ വന്നു. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച പുതിയ പരിഷ്കാരങ്ങൾ ഇതോടെ രാജ്യത്തുടനീളം പ്രാബല്യത്തിലായി. രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.
മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ പുതിയ നിയമം ബാധകമാകുന്നത്. ഈ തസ്തികകളിൽ നിയമിക്കപ്പെടുന്ന സ്വദേശി ജീവനക്കാരെ നിതാഖാത് പരിധിയിൽ ഉൾപ്പെടുത്തണമെങ്കിൽ അവർക്ക് കുറഞ്ഞത് 5,500 സൗദി റിയാൽ ശമ്പളം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്കിനേക്കാൾ കുറവാണ് നൽകുന്നതെങ്കിൽ ആ ജീവനക്കാരെ സ്വദേശിവൽക്കരണ തോതിൽ പരിഗണിക്കുകയില്ല.
മാർക്കറ്റിംഗ് വിഭാഗത്തിൽ മാർക്കറ്റിംഗ് മാനേജർ, അഡ്വർടൈസിംഗ് ഏജന്റ്, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ്, ഫോട്ടോഗ്രാഫർ എന്നിവയുൾപ്പെടെ പത്തോളം തസ്തികകളിലാണ് ഈ നിയന്ത്രണം വരുന്നത്. സെയിൽസ് വിഭാഗത്തിൽ സെയിൽസ് മാനേജർ, റീട്ടെയിൽ-ഹോൾസെയിൽ സെയിൽസ് പ്രതിനിധികൾ, ഐടി-ടെലികോം സെയിൽസ് സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ തസ്തികകളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും.
ഈ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. എന്നാൽ പുതിയ നിയമത്തിലേക്ക് മാറുന്നതിന് സ്ഥാപനങ്ങൾക്ക് ആവശ്യമായ പരിശീലനവും പിന്തുണയും ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് (HADAF) വഴി ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വിഷൻ 2030-ന്റെ ഭാഗമായി തൊഴിൽ വിപണിയിലെ സ്വദേശികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Photo Courtesy: Google/ images are subject to copyright

