തൃശൂർ പൂരം: ആന എഴുന്നള്ളിപ്പിൽ കൂടുതൽ നിയന്ത്രണങ്ങളില്ല; ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി
തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചു.
ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ നിലവിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് കോടതിയുടെ വിശദീകരണം.
സർക്കാർ സർക്കുലർ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സ്വകാര്യ എലിഫൻ്റ് സ്‌ക്വാഡിനെ ഉപയോഗിക്കുന്നത് തടയണം, വെടിക്കെട്ട് നിശ്ചിത ദൂരപരിധി ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉള്‍പ്പെടുത്തിയിരുന്നു. തൃശൂർ പൂരം സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ സുപ്രധാന കോടതി വിധി പുറത്തുവന്നിരിക്കുന്നത്.
Photo Courtesy: Google/ images are subject to copyright

