മന്ത്രിസഭാ രൂപീകരണം: രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍
യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും.ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.
മന്ത്രിസഭയിൽ അൻവർ സാദത്തിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ചർച്ചയിൽ ശക്തമായി ഉന്നയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ മുസ്ലിം ലീഗുമായി സംസാരിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ എന്നാണ് വി.ഡി. സതീശൻ നൽകിയ മറുപടി. ലീഗ് ഈ ആവശ്യത്തോട് വഴങ്ങിയില്ലെങ്കിൽ ഐ.സി. ബാലകൃഷ്ണൻ, ടി.ജെ. വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരിൽ ഒരാളെ മന്ത്രിയാക്കണമെന്ന ബദൽ നിർദേശവും ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്.
ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമായി; ലീഗിന് അഞ്ച് മന്ത്രിസ്ഥാനം?
അതേസമയം, യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമായി. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകുമെന്നാണ് നിലവിലുള്ള സൂചനകൾ. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. എന്നാൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജോസഫ് വിഭാഗം.
കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഗവർണർക്ക്
കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ തയ്യാറാകുമെന്നാണ് സൂചന. ഹൈക്കമാൻഡിന്റെ അംഗീകാരം വാങ്ങിയ ശേഷം ഇന്ന് തന്നെ പട്ടിക ഗവർണർക്ക് കൈമാറാനാണ് നീക്കം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പി.സി. വിഷ്ണുനാഥും കന്റോൺമെന്റ് ഹൗസിലെത്തി ചർച്ചകളിൽ പങ്കാളികളായി.
“കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ ഉണ്ടായേക്കും.”
— സണ്ണി ജോസഫ് (കെപിസിസി പ്രസിഡന്റ്)
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപാ ദാസ് മുൻഷി, കെ.സി. വേണുഗോപാൽ എന്നിവർ ഒരുമിച്ച് ഇരുന്ന് ചർച്ച നടത്തിയായിരിക്കും കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറാക്കുക. തുടർന്ന് ഈ പട്ടിക ഹൈക്കമാൻഡിന് കൈമാറി അനുമതി വാങ്ങും. അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
Photo Courtesy: Google/ images are subject to copyright

