തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി ഷിഗെല്ല ബാക്ടീരിയ ബാധ പടരുന്നു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും കൊല്ലം ജില്ലയിലുമാണ് ഇപ്പോൾ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിലുള്ള കുട്ടികളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
നേരത്തെ കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കടുത്ത വയറിളക്കത്തെ തുടർന്ന് ആറ് വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിക്കുകയുമായിരുന്നു. എന്നാൽ ഈ കുട്ടിക്കി രോഗം എവിടെ നിന്നാണ് ബാധിച്ചതെന്ന ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വിശദമായ പരിശോധനകൾ നടന്നു വരികയാണ്. ഇതിനിടെ, സമാനമായ രോഗലക്ഷണങ്ങളോടെ മറ്റ് ചിലരെക്കൂടി കൊല്ലം ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, മലത്തോടൊപ്പം ചോരയോ കഫമോ പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വവും ഭക്ഷണ ശുചിത്വവും കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright

