ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം; വാറണ്ട് റദ്ദാക്കാൻ ഹർജി

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം; വാറണ്ട് റദ്ദാക്കാൻ ഹർജി

ഡൽഹി പൊലീസിന്റെ അറസ്റ്റ് നീക്കത്തിനെതിരെ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പട്യാല ഹൗസ് കോടതിയെ സമീപിച്ചു. തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐഷി ഘോഷ് കോടതിയിൽ ഹർജി നൽകിയത്. സിപിഎം പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ കയറി ഐഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാനാണ് പാർട്ടി തീരുമാനം. ഇന്നലെ രാത്രി വൈകിയും മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവനിൽ തങ്ങിയിരുന്ന ഐഷിക്കായി തിരച്ചിൽ നടത്തിയിരുന്നു.

പാർട്ടി ആസ്ഥാനത്ത് ഡൽഹി പൊലീസ് അതിക്രമിച്ചു കയറിയ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു മഫ്തിയിലെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവനിൽ വച്ച് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ, ആ സമയത്ത് ഓഫീസിലുണ്ടായിരുന്ന മുതിർന്ന സിപിഎം നേതാക്കൾ ഇടപെട്ട് പൊലീസിന്റെ നീക്കം തടയുകയായിരുന്നു.

2021-ൽ ഡൽഹി ബംഗ്ലാ ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ പട്യാല ഹൗസ് കോടതിയിൽ നടപടികൾ പുരോഗമിക്കുകയാണ്. കേസ് പരിഗണിച്ചപ്പോൾ ഒരുതവണ കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഐഷിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. വാറന്റിനെതിരെ കോടതിയെ സമീപിക്കാൻ ഇരിക്കെയായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ തിടുക്കപ്പെട്ടുള്ള ഈ നടപടി.

ജന്തർ മന്തറിലെ കർഷക സമരത്തിലടക്കം സജീവമായി രംഗത്തുണ്ടായിരുന്ന ഐഷി ഘോഷിനെതിരെയുള്ള പൊലീസിന്റെ നീക്കം രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് സിപിഎം വിമർശിച്ചു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.