കുട്ടികളെ പ്രകോപിപ്പിക്കരുത്, ശരിയായ വഴി കാട്ടണം; നീറ്റ് പ്രതിഷേധത്തിൽ എൻഡിഎ എംപിമാരോട് പ്രധാനമന്ത്രി

കുട്ടികളെ പ്രകോപിപ്പിക്കരുത്, ശരിയായ വഴി കാട്ടണം; നീറ്റ് പ്രതിഷേധത്തിൽ എൻഡിഎ എംപിമാരോട് പ്രധാനമന്ത്രി

നീറ്റ് പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ, എൻഡിഎ എംപിമാർക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

കുട്ടികളെ പ്രകോപിപ്പിക്കരുതെന്നും അവർക്ക് ശരിയായ പാത കാട്ടിക്കൊടുക്കുകയാണ് വേണ്ടതെന്നും ജി.എം.സി. ബാലയോഗി ഓഡിറ്റോറിയത്തിൽ നടന്ന എൻഡിഎ യോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

യുവാക്കൾ നിലവിൽ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും അവരെ ശരിയായ ദിശയിലേക്ക് നയിക്കാൻ എംപിമാർ മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് എളുപ്പമാണെങ്കിലും അതിൽ നിന്ന് തിരികെ വരുന്നത് പ്രയാസകരമാണെന്നും, കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കേണ്ടത് ഓരോ ജനപ്രതിനിധിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കൂടിക്കാഴ്ച നടത്തി.

പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉറപ്പാക്കുക, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് സിജെപി പ്രതിനിധികളായ സൗരവ് ദാസും അശുതോഷ് റാങ്കയും മന്ത്രിക്ക് മുന്നിൽ വെച്ചത്.

സിജെപി പ്രതിനിധികളുമായുള്ള ചർച്ച വിജയകരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ പിന്നീട് പ്രതികരിച്ചു.

പരീക്ഷാ ക്രമക്കേടുകളിൽ സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.