ഇറാൻ മുൻ പരമോന്നത നേതാവ് അലി ഖമേനിക്ക് നാല് മാസങ്ങൾക്ക് ശേഷം വിടവാങ്ങൽ ചടങ്ങ്; അഞ്ച് നഗരങ്ങളിലായി വിലാപയാത്ര
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് നാല് മാസങ്ങൾക്ക് ശേഷം വിടവാങ്ങൽ ചടങ്ങുകൾ ഒരുങ്ങുന്നു. ഇറാനിലും ഇറാഖിലുമുള്ള അഞ്ച് പ്രമുഖ നഗരങ്ങളിലായി നീളുന്ന ഒരാഴ്ചത്തെ വിലാപയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. ഖമേനിയുടെ ജന്മസ്ഥലമായ മഷ്ഹദിലെ ഇമാം റെസ പള്ളിയോട് ചേർന്നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വിവിധ രാഷ്ട്രത്തലവന്മാരും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങിൽ കോടിക്കണക്കിന് ജനങ്ങൾ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനത്തിലാണ് ഖമേനിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ശിയാ വിശ്വാസികൾ രക്തസാക്ഷിത്വത്തിന്റെ മാസമായി ആചരിക്കുന്ന ഇസ്ലാമിക മാസമായ മുഹറത്തിലാണ് വിടവാങ്ങൽ ചടങ്ങുകൾ മുഴുവൻ നടക്കുന്നത്. തങ്ങളുടെ ശത്രുക്കൾക്കും ലോകത്തിനാകെയും ഉള്ള ശക്തമായ സന്ദേശം എന്ന നിലയിലാണ് ഇറാൻ ഭരണകൂടം ഈ വിടവാങ്ങൽ ചടങ്ങിനെ നോക്കിക്കാണുന്നത്. റെവല്യൂഷണറി ഗാർഡ് കമാൻഡർ അലി അക്ബർ പൂർജംഷിദിയനാണ് ഈ വൻ പരിപാടികളുടെ മേൽനോട്ടം വഹിക്കുന്നത്.
ഇറാൻ ചരിത്രത്തിൽ ഇതിനുമുമ്പ് ഇത്രയും വലിയ ജനപങ്കാളിത്തമുള്ള വിലാപയാത്രകൾ നടന്നത് രണ്ട് തവണ മാത്രമാണ്. 1989-ൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ ആയത്തുള്ള റൂഹുള്ള ഖുമൈനി അന്തരിച്ചപ്പോഴും, 2020-ൽ ഖുദ്സ് ഫോഴ്സ് കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടപ്പോഴുമായിരുന്നു അത്. മുൻപ് നടന്ന രണ്ട് വിലാപയാത്രകൾക്കിടയിലും വൻ ജനത്തിരക്ക് അനുഭവപ്പെടുകയും ഭഗദഡിൽ നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു. ഇത് കണക്കിലെടുത്ത് ഇത്തവണ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇറാൻ ഒരുക്കിയിരിക്കുന്നത്.
Photo Courtesy: Google/ images are subject to copyright

