വിഴിഞ്ഞത്ത് എക്സിം കാർഗോ നീക്കത്തിന് തുടക്കം; ‘മിഷൻ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നുള്ള ആഭ്യന്തര കയറ്റുമതി-ഇറക്കുമതി (എക്സിം കാർഗോ) ചരക്കുനീക്കത്തിന് ഔദ്യോഗികമായി തുടക്കമായി. തുറമുഖത്തുനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്‌നറുകളുടെ ചരക്കുനീക്കം മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടമാണ് ഇതോടെ തുറന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൊന്നാണ് വിഴിഞ്ഞത്തുള്ളത്. കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്ക് കയറ്റി അയക്കുന്നതിന് സർക്കാർ ആവശ്യമായ സഹായങ്ങൾ നൽകും. കഴിഞ്ഞ പത്ത് വർഷത്തിനിടെ റെയിൽ-റോഡ് കണക്റ്റിവിറ്റി കൂടി പൂർത്തിയാക്കിയിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ നൂറിരട്ടി പ്രയോജനപ്പെടുത്താനാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖത്തെ എക്സിം ചരക്ക് നീക്കം വ്യാപാര-വ്യവസായ മേഖലയുടെ വളർച്ചയ്ക്കൊപ്പം സാധാരണക്കാരുടെ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയെയും ലോകത്തെയും ബന്ധിപ്പിക്കുന്ന പ്രധാന ഗേറ്റ്‌വേയായി വിഴിഞ്ഞം മാറിയെന്ന് അദാനി പോർട്സ് സി.ഇ.ഒ അശ്വിനി ഗുപ്ത വ്യക്തമാക്കി. തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് കണക്റ്റിവിറ്റി കൂടുതൽ ശക്തമാകുന്നതോടെ വാണിജ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും.
അതേസമയം, ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടിത്തില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
Photo Courtesy: Google/ images are subject to copyright

