സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്‌ഷൻ ഫീസ് കുത്തനെ കൂട്ടി; നിരക്കുകളിൽ മൂന്നിരട്ടി വരെ വർധന
സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിനുള്ള സർവീസ് കണക്‌ഷൻ ഫീസ് കുത്തനെ വർധിപ്പിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. വിവിധ ഇനങ്ങളിൽ മൂന്നിരട്ടി വരെ വർധനയാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽ വരും. പോസ്റ്റുകളും അധിക വയറുകളും ട്രാൻസ്‌ഫോർമറുകളും ആവശ്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ പരിഷ്‌കാരം നേട്ടമാകുമെങ്കിലും, അധിക സാമഗ്രികൾ ആവശ്യമില്ലാത്തവർക്ക് വലിയ സാമ്പത്തിക ബാധ്യതയാകും.
നിരക്കുകൾ കിലോവാട്ട് അടിസ്ഥാനത്തിൽ ഏകീകരിച്ചതാണ് പുതിയ മാറ്റത്തിന്റെ പ്രധാന സവിശേഷത. ലൈനിൽ നിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റോ മറ്റ് അനുബന്ധ സാധനങ്ങളോ ആവശ്യമായ കണക്‌ഷനുകൾക്കും അല്ലാത്തവയ്ക്കും ഇനി ഒരേ നിരക്കായിരിക്കും. മുൻപ് ഇവയ്ക്ക് വെവ്വേറെ ഫീസാണ് ഈടാക്കിയിരുന്നത്. നിരക്കുകൾ ഏകീകരിച്ചതോടെ അപേക്ഷ നൽകുന്ന ഘട്ടത്തിൽ തന്നെ ഫീസ് അടയ്ക്കാനാകും. മുൻപ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എസ്റ്റിമേറ്റ് കണക്കാക്കുന്നതുവരെ കാത്തിരിക്കണമായിരുന്നു. എന്നാൽ 200 മീറ്ററിന് അപ്പുറം കൂടുതൽ ഉപകരണങ്ങളും പോസ്റ്റുകളും വേണ്ടിവരുന്ന സ്ഥലങ്ങളിൽ നിലവിലെ രീതി തന്നെ തുടരും.
ഗാർഹിക കണക്‌ഷൻ നിരക്കുകളിലും കാര്യമായ മാറ്റമുണ്ട്. 2 കിലോവാട്ട് വരെയുള്ള സിംഗിൾ ഫെയ്‌സ് ഗാർഹിക കണക്‌ഷന് ഇനി 2,000 രൂപ അടയ്ക്കണം. 2 കിലോവാട്ടിന് മുകളിലും 5 കിലോവാട്ട് വരെയുമുള്ള കണക്‌ഷന് മുൻപ് 1,740 രൂപയായിരുന്നത് 5,000 രൂപയായി ഉയർത്തി. ഗാർഹിക കണക്‌ഷൻ നിരക്കുകൾ രണ്ട് മാസത്തിനകം പൂർണമായി പരിഷ്‌കരിച്ച് ശുപാർശ നൽകാൻ കെ.എസ്.ഇ.ബിയോട് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
ഉയർന്ന കണക്റ്റഡ് ലോഡ് ആവശ്യമുള്ള വാണിജ്യ-വ്യവസായ ഉപഭോക്താക്കൾക്കാണ് നിരക്കുവർധന ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. 25 മുതൽ 50 കിലോവാട്ട് വരെ മുൻപ് 21,750 രൂപയായിരുന്ന ഫീസ് ഘടന മാറ്റി. ഇനി 30 മുതൽ 40 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 2,890 രൂപ വീതവും, 50 മുതൽ 100 കിലോവാട്ട് വരെ കിലോവാട്ടിന് 5,670 രൂപ വീതവും നൽകണം. ഇതനുസരിച്ച് 50 കിലോവാട്ട് കണക്റ്റഡ് ലോഡുള്ള ഒരു കണക്‌ഷന് മുൻപ് 21,750 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇനി 2.11 ലക്ഷം രൂപയോളം അടയ്ക്കേണ്ടി വരും. എന്നാൽ ഈ വിഭാഗത്തിൽ ട്രാൻസ്‌ഫോർമറോ മറ്റ് സാധനങ്ങളോ ആവശ്യമെങ്കിൽ അതിനായി പ്രത്യേക തുക ഈടാക്കില്ല.
Photo Courtesy: Google/ images are subject to copyright

