ഫുട്ബോള്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ – റിലയന്‍സ് കുരുക്കില്‍

ഫുട്ബോള്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ – റിലയന്‍സ് കുരുക്കില്‍

sports-fifa-kicks-world-cup-tickets-sales
ലോകകപ്പ് ഫുട്‌ബോളിലെ ടിക്കറ്റുകളില്‍ ഭൂരിഭാഗവും കരിഞ്ചന്തയിലെത്തിയ കേസില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും പ്രതിക്കൂട്ടില്‍. ഫിഫ ടിക്കറ്റ് വില്‍പ്പന ഏല്‍പ്പിച്ച മാച്ച് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിന്റെ സിഇഒയുടെ അറസ്റ്റിനെ തുടര്‍ന്നാണ് റിലയന്‍സിന്റെ പങ്കാളിത്തം പുറത്ത് വന്നത്. റിലയന്‍സിന്റെ പക്കലുള്ള മുഴുവന്‍ ടിക്കറ്റുകളും മരവിപ്പിക്കാന്‍ ഫിഫ തീരുമാനിച്ചു.
ഓപ്പറേഷന്‍ യൂള്‍ റിമെ എന്ന പേരില്‍ റിയോ ഡി ജെനീറോ പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ടിക്കറ്റുകള്‍ മൊത്തമായി കരിഞ്ചന്തയിലെത്തിയെന്ന് തെളിഞ്ഞത്. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള മാച്ച് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനമാണ് ടിക്കറ്റ് വില്‍പ്പനയുടെ ചുമതല മൊത്തമായി ഏറ്റെടുത്തത്. ലോകമെമ്പാടുമുള്ള വിവിധ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയാണ് മാച്ച് ഹോസ്പിറ്റാലിറ്റി ടിക്കറ്റ് വില്‍പ്പന നടത്തിയത്. എന്നാല്‍ ലോകകപ്പ് ആരംഭിക്കും മുമ്പ് തന്നെ ടിക്കറ്റുകള്‍ ലഭ്യമല്ലെന്ന് പരാതി ഉയര്‍ന്നു. മത്സരങ്ങള്‍ ആരംഭിച്ചതോടെ കരിഞ്ചന്തയില്‍ സുലഭമായി ലഭിക്കാനും തുടങ്ങി. പത്തിരട്ടിയിലും അധികം തുകക്കാണ് കരിഞ്ചന്തക്കാര്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ വിറ്റഴിച്ചത്.
കരാര്‍ ലഭിച്ച മാച്ച് ഹോസ്പിറ്റാലിറ്റിയുടെ അറിവോടെയാണ് ഈ കരിഞ്ചന്ത വില്‍പ്പനയെന്നാണ് റിയോ പൊലീസിന്റെ നിഗമനം. സിഇഒ റേയ് വെലാനെ പൊലീസ് കസ്റ്റഡിയിലെടുത്ത ഉടനെയാണ് മാച്ച് ഹോസ്പിറ്റാലിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്. റിയോ പൊലീസ് കരഞ്ചന്തക്കാരില്‍ നിന്നും പിടിച്ചെടുത്ത ടിക്കറ്റുകള്‍ ഉപകരാര്‍ ലഭിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് അടക്കമുള്ള നാലു കമ്പനികളില്‍ നിന്നാണ് ചോര്‍ന്നതെന്നാണ് മാച്ച് ഹോസ്പിറ്റാലിറ്റിയുടെ ഭാഷ്യം. അമേരിക്ക, അള്‍ജീരിയ, നൈജീരിയ എന്നീ സ്ഥലങ്ങള്‍ ആസ്ഥാനമായുള്ളതാണ് മറ്റ് കമ്പനികള്‍. റിലയന്‍സിന്റെ പക്കലുള്ള മുഴുവന്‍ ടിക്കറ്റുകളും മരവിപ്പിക്കാന്‍ ഫിഫ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഒക്റ്റാഗണ്‍ എന്ന മറ്റൊരു സ്ഥാപനം തങ്ങളുടെ പക്കലുണ്ടായിരുന്ന ടിക്കറ്റുകള്‍ മുഴുവന്‍ വാങ്ങുകയായിരുന്നുവെന്നാണ് റിലയന്‍സ് വിശദീകരിക്കുന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.