സച്ചിന്‍ എത്തി; ഇന്നു നമ്മുടെ ഓട്ടം

തിരുവനന്തപുരം* കൂട്ടായ്മയുടെ ആവേശ ചരിത്രമെഴുതി കേരളം ഇന്ന് ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തോടെ ഒഴുകും. ദേശീയ ഗെയിംസിനു മുന്നോടിയായി കേരളം ഒന്നാകെ പങ്കെടുക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം ഇന്നു രാവിലെ 10.30ന് സംസ്ഥാനത്തെ പതിനായിരത്തോളം കേന്ദ്രങ്ങളില്‍. തലസ്ഥാനത്തു സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടക്കുന്ന മെഗാ റണ്ണില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുക്കര്‍ പങ്കെടുക്കും.
ലോകകായിക ചരിത്രത്തില്‍ ഒരു കോടിയോളം പേര്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം ആദ്യമാണെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്‍പില്‍ 10.30ന് ഗവര്‍ണര്‍ പി.സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി എസ്.ശിവകുമാര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, ദേശീയ ഗെയിംസ് സിഇഒ: ജേക്കബ് പുന്നൂസ് തുടങ്ങിയവരും സച്ചിനൊപ്പം ഓടും. സ്പീക്കര്‍ ജി.കാര്‍ത്തികേയനും പങ്കെടുക്കും. ഈ സമയം തന്നെ കേരളത്തില്‍ പതിനായിരത്തോളം കേന്ദ്രങ്ങളിലും കൂട്ടയോട്ടം നടക്കും.

