ലളിത് മോദി സുഷമാ സ്വരാജിന്റെ കുടുംബത്തിന് പണം നല്കി: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കുടുംബത്തിന് ലളിത് മോദി പണം നല്‍കിയിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഷ്ടാവിനെ പോലെയാണ് സുഷമ പ്രവര്‍ത്തിച്ചതെന്നും ഇടപാടുകള്‍ ആരെയും അറിയിച്ചില്ലെന്നും രാഹുല്‍ ആരോപിച്ചു.
ലളിത് മോദിക്ക് യാത്രാ രേഖകള്‍ ശരിയാക്കി നല്‍കിയതിന് പകരമായി സുഷമ സ്വരാജിനും കുടുംബത്തിനും എത്ര രൂപയാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ മികച്ച പ്രസംഗമാണ് പാര്‍ലമെന്റില്‍ നടത്തിയതെങ്കിലും അത് വെറും പൊള്ളയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ലളിത് മോദി വിഷയത്തില്‍ സുഷമ സ്വരാജ് സമര്‍ത്ഥമായി നാടകം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്ന് 25 എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സോണിയ.
അതേസമയം സോണിയയുടെ പ്രസ്താവനക്കെതിരെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. ഒരു ജനപ്രതിനിധിയുടെ പ്രസ്താവനയെ അഭിനയമെന്നു പറയുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും പേപ്പര്‍ നോക്കി വായിക്കാതെ ഒരു പ്രസംഗം നടത്താന്‍ സോണിയയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും സ്മൃതി പ്രതികരിച്ചു.
Photo Courtesy : Google/ images may be subject to copyright