അനശ്വരതയുടെ സോമതീരം…

അനശ്വരതയുടെ സോമതീരം…

babഅറബിക്കടലിന്റെ തീരത്ത് വിപുലമായ സൗകര്യങ്ങളോടെയുള്ള വിശാലമായ ആയുര്‍വ്വേദ റിസോര്‍ട്ടാണ് സോമതീരം. ലോകത്തിന്റെ നാനാകോണുകളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ ഇവിടെ ആയുര്‍വ്വേദത്തിന്റെ പുണ്യം തേടി എത്തുന്നു. അതിഥികള്‍ക്ക് സേവനവും സാന്ത്വനവും നല്‍കി ഓടിനടക്കുന്ന ജീവനക്കാരുടെ മുഖത്തും കാണാം ആഹ്ലാദത്തിന്റെ തിരത്തള്ളല്‍. മൂന്ന് ഭാഗത്തും കടലിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സോമതീരത്തിലെത്തുന്നവരുടെ ഓര്‍മ്മകളില്‍ ഇവരുടെ സേവനം മായാമുദ്രകള്‍ പതിപ്പിക്കുമെന്ന് തീര്‍ച്ച.

സോമതീരത്തിന് പിന്നില്‍ കഠിനാധ്വാനത്തിന്റെ പടവുകള്‍ ചവിട്ടിയെത്തിയ ബേബി സോമതീരമുണ്ട്. അദ്ദേഹത്തിന്റെ ദൂരക്കാഴ്ചയാണ് സോമതീരത്തെ ലോകത്തിലെ അറിയപ്പെടുന്ന ആയുര്‍വ്വേദ റിസോര്‍ട്ടാക്കി മാറ്റിയത്. പ്രകൃതിസംരക്ഷണം തന്റെ ഹൃദയമിടിപ്പായി കൊണ്ടുനടക്കുന്ന ബേബി മാത്യു ഇപ്പോള്‍ ജീവന്‍ ടിവിയുടെ വൈസ് ചെയര്‍മാനും എംഡിയുമാണ്. നിരവധി സര്‍ക്കാര്‍ പദ്ധതികളിലും സഹകരിച്ചുപ്രവര്‍ത്തിക്കുന്ന ബേബി അറിയപ്പെടുന്ന വ്യക്തിത്വമാണ്.

തന്റെ ഗ്രൂപ്പിനെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും ബേബി മാത്യു യുണീക് ടൈംസിന്റെ ബിജോയ് ജോര്‍ജ്ജുമായി സംസാരിക്കുന്നു.

സോമതീരം ഗ്രൂപ്പിന്റെ തുടക്കത്തെക്കുറിച്ച്?

ഞാന്‍ നാടുകാണി എന്ന കോതമംഗലത്തെ ചെറിയ ഒരു ഗ്രാമത്തിലാണ് ജനിച്ചത്. എന്റെ അച്ഛന്‍ തോട്ടം ഉടമ ആയിരുന്നു. തൊട്ടടുത്ത സ്‌കൂളുകളിലായിരുന്നു എന്റെ പഠനം. മൂവാറ്റുപുഴ നിര്‍മ്മല കോളെജില്‍ നിന്നും ബിരുദമെടുത്തു. 1984ല്‍ കൊച്ചിയില്‍ ഒരു മാര്‍ക്കറ്റിംഗ് ജോലിയില്‍ ചേര്‍ന്നു. അധികം വൈകാതെ സ്വന്തമായി ഒരു സംരംഭം തുടങ്ങി. ക്ലീനിംഗ് സൊലൂഷന്‍ മാര്‍ക്കറ്റ് ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. അന്ന് കേരളത്തല്‍ അത് ഒരു പുതിയ സങ്കല്‍പ്പമായിരുന്നു. അതിനാല്‍ ബിസിനസ് വിജയിച്ചില്ല.

എന്റെ സഹോദരന്‍ ഡോ. പോളി മാത്യു ജര്‍മ്മനിയിലായിരുന്നു. ജര്‍മ്മനിയിലേക്കും ഹോളണ്ടിലേക്കും പുരാവസ്തുക്കള്‍ അയക്കുക എന്ന ഒരു പദ്ധതി ഞങ്ങള്‍ രണ്ടുപേരും ആസൂത്രണം ചെയ്തു. ഞങ്ങള്‍ മരത്തിന്റെ പാനലുകള്‍ കയറ്റുമതി ചെയ്യാനും തുടങ്ങി. പ്രത്യേകിച്ചും ജര്‍മ്മനിയിലേക്ക് തേക്ക് തടിയുടെ പാനലുകള്‍. ഫിനിഷ് ചെയ്ത വിവിധയിനത്തില്‍പ്പെട്ട മരപ്പലകകളും യൂറോപ്പിലെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. പിന്നീട് യൂറോപ്പിലേക്ക് പരുത്തിത്തുണിയുണ്ടാക്കിയ ബാഗുകള്‍ കയറ്റുമതി ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നാണ് ഈ ബാഗുകള്‍ സംഭരിച്ചിരുന്നത്. പക്ഷെ തുന്നലും പ്രിന്റിംഗും എല്ലാം പുറത്തുകൊടുത്തു ചെയ്യിക്കേണ്ടി വന്നതിനാല്‍ ഈ ബിസിനസ് വിജയമായിരുന്നില്ല.

ഇക്കാലത്താണ് എന്റെ സഹോദരന്‍ രണ്ട് ജര്‍മ്മന്‍ സുഹൃത്തുക്കളെ ആയുര്‍വ്വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് അയച്ചത്. അവര്‍ക്ക് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്റെ ജോലി ആയിരുന്നു. അതുകൊണ്ട് ഞാന്‍ ആയുര്‍വ്വേദത്തെക്കുറിച്ച് ഗവേഷണം നടത്തി. കളമശ്ശേരിയില്‍ അവര്‍ക്ക് വേണ്ടി ഒരു ഇടം കണ്ടെത്തി. പക്ഷെ അവര്‍ക്ക് ഈ പരിചരണം ഏറെ ബോധിച്ചു. പതുക്കെ ഞങ്ങള്‍ ആയുര്‍വ്വേദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിദേശികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഗുണനിലവാരമുള്ള സേവനം നല്‍കുന്നതിനാല്‍ ഞങ്ങള്‍ ഈ രംഗത്തെ വിശ്വസ്തനാമമായി മാറി. പിന്നീട് നിരന്തരമായി വിദേശികളുടെ ആയുര്‍വ്വേദചികിത്സതേടിയുള്ള ഒഴുക്കുവന്നതോടെ സ്വന്തമായി ഒരു ആശുപത്രി സ്ഥാപിക്കാന്‍ തീരുമാനിച്ചു. അതാണ് സോമതീരത്തിന്റെ തുടക്കം. അക്കാലത്തെ ആയുര്‍വ്വേദ ആശുപത്രികളിലെ സേവനവും അന്തരീക്ഷവും വിദേശികളുടെ പ്രതീക്ഷയ്‌ക്കൊത്തവിധം ഉയര്‍ന്നതായിരുന്നില്ല.

മധ്യകേരളത്തിലെ ഒരാള്‍ എങ്ങനെയാണ് തെക്കന്‍ കേരളത്തില്‍ ഒരിടം കണ്ടെത്തി അതിനെ ലോകനിലവാരത്തിലുള്ള ഒരു ആയുര്‍വ്വേദ റിസോര്‍ട്ടാക്കി മാറ്റിയത്?
റിസോര്‍ട്ടിന്റെ അന്തരീക്ഷമുള്ള ഒരു ആയുര്‍വ്വേദ ആശുപത്രി തുടങ്ങണം എന്നതായിരുന്നു എന്റെ ആശയം. അന്ന് ടൂറിസം എന്നാല്‍ കോവളമാണ്. അതുകൊണ്ട് കോവളത്തിലായി സ്ഥലം തേടിയുള്ള അന്വേഷണം. പക്ഷെ കോവളത്ത് സ്ഥലത്തിന് പൊള്ളുന്ന വിലയായിരുന്നു. ഞാന്‍ ഒരു മത്സ്യത്തൊഴിലാളിയുടെ വള്ളമെടുത്ത് കടല്‍ത്തീരത്തിലൂടെ അന്വേഷണം നടത്തി. ആ യാത്രയിലാണ് കടല്‍നിരപ്പില്‍ നിന്ന് നൂറടിയോളം ഉയരത്തിലൂള്ള ഈ സ്ഥലം കണ്ടെത്തിയത്. പിറ്റേന്ന് ഞാന്‍ ആ പ്രദേശത്തെ പള്ളിയിലെ അച്ചനെ ചെന്ന് കണ്ടു. അദ്ദേഹം സഹായത്തിനായി ഏതാനും പേരെ വിട്ടുതന്നു. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട 200ഓളം വ്യക്തികളില്‍ നിന്നായാണ് ഈ സ്ഥലം ഞാന്‍ വാങ്ങിയത്. ആ പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടി ജോലി നല്‍കുന്ന ഒരു ബിസിനസ് കെട്ടിപ്പൊക്കുക എന്നതായിരുന്നു എന്റെ പ്രഥമമായ ആഗ്രഹം. ഞങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തോടടുത്തുനിന്നു. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കൃത്യമായ ഗുണനിലവാരം പുലര്‍ത്തി.

എങ്ങനെയാണ് സോമതീരം എന്ന പേരുണ്ടായത്?

എല്ലാ ബിസിനസ്സിലും പേര് ഒരു പ്രധാനഘടകമാണ്. ഞങ്ങള്‍ ഒരു പേരിന് വേണ്ടി തേടിനടക്കുകയായിരുന്നു. അക്കാലത്താണ് തൃശൂരില്‍ സോമയാഗം ഉണ്ടായത്. ആ പേര് എന്റെ മനസ്സില്‍ ഉടക്കി. സോമ എന്നത് സോമലതയുടെ നീരാണ്. സോമ കുടിച്ചാല്‍ അനശ്വരത ലഭിക്കും എന്നതാണ് സങ്കല്‍പം. കടലിന്റെ തീരമായതിനാല്‍ സോമയൊടൊപ്പം തീരവും കൂടിച്ചേര്‍ത്തു- സോമതീരമായി. ഇവിടെയെത്തുന്നവര്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുമെന്ന അര്‍ത്ഥത്തില്‍ ഈ പേര് വളരെ യോജിച്ച ഒന്നാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.