പാതിരാസൂര്യന്റെ നാട്ടില്‍
അക്ഷാംശത്തില്പ്പെട്ട എട്ട് സര്‍ക്കിളുകളില്‍ ഒന്നായ ആര്‍ടിക് സര്‍ക്കിളില്‍ പ്രവേശിച്ചാലാണ് പാതിരാസൂര്യനെയും ഐസ് ഹോട്ടലുകളും കാണാനാവുക. സ്വീഡന്റെ വടക്കന്‍ പ്രദേശങ്ങളിലാണ് ഈ അദ്ഭുതങ്ങള്‍ ദൃശ്യമാവുന്നത്. സമി എന്നറിയപ്പെടുന്ന തദ്ദേശ ഗ്രാമീണവാസികള്‍ തങ്ങുന്ന ഈ പ്രദേശം സ്വീഡനിലെ ലാപ്ലാന്റ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കരടികളെയും മഞ്ഞുമേഖലയിലെ കലമാനുകളായ റെയിന്‍ഡീറുകളെയും എല്‍കുകള്‍ എന്നറിയപ്പെടുന്ന മ്ലാവുകളെയും കാണാന്‍ സാധിക്കും. ഭ്രാന്തമായി ഒഴുകുന്ന പുഴകളും ആശ്ചര്യപ്പെടുത്തുന്ന കൊടുങ്കാടുകളുമാണ് ഈ പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകത. വേനല്‍ക്കാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മെയ്മാസം തുടക്കം മുതല്‍ സെപ്തംബര്‍ പാതി വരെ നീളുന്നതാണ് വേനല്‍ക്കാലം. മഞ്ഞുകാലത്ത് താപനില മൈനസ് മുപ്പതിനേക്കാള് താഴുന്നതിനാല്‍ ഇവിടേക്കുള്ള യാത്ര ദുഷ്കരമാവും.
വടക്കന്‍ സ്വീഡനിലെ പാതിരാസൂര്യന്‍, മഞ്ഞിലൂടെയും മഞ്ഞുരുകിയുണ്ടാകുന്ന പുഴയിലൂടെയും പ്രത്യേകം നിര്‍മ്മിച്ച വണ്ടിയില്‍ യാത്രചെയ്യുന്ന സ്നോമൊബൈലിംഗ്, കേലറാല്വെന് നദിയിലൂടെയുള്ള റിവര്‍ റാഫ്റ്റിംഗ്, തെളിഞ്ഞ നദിയിലുള്ള നീന്തിക്കുളി, സമോര്ഗസ്ബോര്ഡിലെ ക്ലാസിക് ഭക്ഷ്യവിഭവങ്ങള്‍, ജൊക്ക്മൊക്ക് ചന്ത, ഫറ്റ് മൊമക് ഗ്രാമം, ഫസ്റ്റെന്ബെര്ഗ് പിക്ചര്‍ ഗ്യാലറി, ഐസ് ഹോട്ടലുകള്‍ (എല്ലാവര്‍ഷവും മഞ്ഞും ഐസും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹോട്ടലുകളാണിവ) സ്റ്റോക്ഹോം തുറമുഖത്തിലെ വാസ യുദ്ധക്കപ്പലുകള്‍, ഇന്ലാന്റ്സ്ബനനിലെ തീവണ്ടികള്‍, ഗാമെല്സ്റ്റോഡ് എന്നിങ്ങനെ ഒരു ജീവിതം മുഴുവന്‍ ഓര്‍മ്മിച്ചു നുണയാനുള്ള തെളിവാര്‍ന്ന ചിത്രങ്ങളുമായി സ്വീഡന് നിങ്ങളെ കാത്തിരിക്കുന്നു…
Photo Courtesy: Google/ images are subject to copyright