ആരാധകര്‍ക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കാന്‍ മോഹം; അരുണ്‍ വിജയ്
ഭാവിയില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ പദ്ധതിയുണ്ടോ?
എനിക്ക് ചില അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷെ ഏതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിനോടൊപ്പം സിനിമ ചെയ്യാന്‍ അവസരം വന്നിട്ടുണ്ട്. അതില്‍ അദ്ദേഹത്തിന്റേതുപോലെ തുല്ല്യപ്രാധാന്യമുള്ള റോള്‍ ആണ്.
അല്‍ഫോണ്‍സ് പുത്രന് വേണ്ടി അഭിനയിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. ശരിയാണോ?
തീര്‍ച്ചയായും. അല്‍ഫോണ്‍സ് എന്റെ സുഹൃത്താണ്. ഞങ്ങള്‍ തമ്മില്‍ ചില ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പക്ഷെ അത് എത്രത്തോളം വരെ പോകുമെന്ന് എനിക്കറിയില്ല. ഇതുവരെ ഔദ്യോഗികമായി കാര്യങ്ങള്‍ പ്രഖ്യാപിക്കാറായിട്ടില്ല.
ഡ്രീം റോള്‍?
പ്രത്യേകിച്ച് ഒന്നുമില്ല. ഇംഗ്ലീഷ്, തമിഴ് ചിത്രങ്ങള്‍ കാണുമ്പോള്‍ പല കഥാപാത്രങ്ങളും മനസ്സില്‍ തട്ടാറുണ്ട്. സത്യയില്‍ കമല്‍ സാര്‍ ചെയ്ത റോള്‍… ആ കഥാപാത്രം എനിക്കിഷ്ടമാണ്. നായകന്‍ എന്ന ചിത്രത്തിലെ കമല്‍ സാറിന്റെ റോള്‍…ഇതുപോലെ പ്രചോദനം നല്‍കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ഉണ്ട്. ‘ഇന്‍ സിനിമാസ് എന്റര്‍ടെയിന്റ്‌മെന്റ്’ എന്ന പേരില്‍ ഞാനും ഒരു സിനിമ നിര്‍മ്മാണക്കമ്പനി ആരംഭിച്ചിട്ടുണ്ട്. നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.
ഒരു നടന്‍ എന്നതിനപ്പുറം…
സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. മറ്റ് മേഖലകളിലും പ്രവര്‍ത്തിച്ചുനോക്കാന്‍ ശ്രമിക്കുകയാണ്. ചലച്ചിത്രനിര്‍മ്മാണം ഞാന്‍ എന്നും പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന മേഖലയാണ്. നിര്‍മ്മാണം എളുപ്പമല്ല. അതില്‍ വലിയൊരു റിസ്‌ക് ഉണ്ട്. പൈറസി വലിയ പദ്ധതികളെപ്പോലും തകിടം മറിക്കുന്ന ഒന്നാണ്. പക്ഷെ എന്റെ മനസ്സില്‍ ചില പദ്ധതികള്‍ ഉണ്ട്. അതുകൊണ്ടാണ് എല്ലാ റിസ്‌കുകളും ഉണ്ടായിട്ടും ഞാന്‍ നിര്‍മ്മാണം പരീക്ഷിച്ചത്. അതിലും ഞാന്‍ ഇപ്പോള്‍ വിജയിച്ചു.
ആദ്യ ചിത്രത്തിന് തന്നെ അവാര്‍ഡ് കിട്ടിയല്ലേ.. ?
ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി. പക്ഷെ ആരാധകര്‍ നല്‍കുന്ന സ്‌നേഹവും അഭിനിവേശവുമാണ് ഏറ്റവും മികച്ച അവാര്‍ഡ്. കഴിഞ്ഞ 19 വര്‍ഷക്കാലം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ അവര്‍ നല്‍കിയ അവാര്‍ഡാണ് പ്രധാനം. അതാണ് എന്നെ ഈ മേഖലയില്‍ തുടരാന്‍ അനുവദിച്ചത്. യെന്നൈ അറിന്താല്‍ എന്ന ചിത്രത്തോടെ അത് പാരമ്യത്തിലെത്തി. എല്ലാ താരങ്ങളെയും ദീര്‍ഘകാലം ചലച്ചിത്രവ്യവസായത്തില്‍ താങ്ങിനിര്‍ത്തുന്നത് ആരാധകരാണ്. അതിനപ്പുറം ദൈവമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നതെന്നും ഞാന്‍ കരുതുന്നു. ദൈവം എന്നെ ഇനിയും സഹായിക്കുമെന്ന് ഉറപ്പാണ്. ഞാന്‍ ആഗ്രഹിക്കുന്നത് നേടാന്‍ കഴിയുക തന്നെ ചെയ്യും.
ആരാധകരോട്…
എനിക്ക് ലഭിച്ച ജനപ്രീതിയ്ക്ക് കാരണം അവരാണ്. ഭാവിയില്‍ അവരെ ഞാന്‍ ഒരിക്കലും നിരാശപ്പെടുത്തില്ല. എന്റെ ചിത്രങ്ങളില്‍ നിന്നും അവര്‍ക്ക് എന്തെങ്കിലും പ്രതീക്ഷിക്കാം. ചിലപ്പോള്‍ അവര്‍ക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കും. നിങ്ങള്‍ ദീര്‍ഘവര്‍ഷങ്ങളായി എനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി.
Photo courtesy : Google /images may be subject to copyright

