ആതുരസേവനരംഗത്തെ അക്ഷരത്തിളക്കം
താങ്കളുടെ സാഹിത്യ സൃഷ്ടികള്ക്കുള്ള പ്രചോദനം?
ഇടത്തരം കാര്ഷിക കുടുംബത്തിലാണ് ഞാന് ജനിച്ചത്. കുടുംബപരമായി എഴുത്തുകാര് ആരുംതന്നെ ഉണ്ടായിരുന്നില്ല. രാമായണ പാരായണം കേട്ടുവളര്ന്ന ബാല്യമാവണം എന്നെ സാഹിത്യത്തിലേക്ക് ഇത്രയേറെ അടുപ്പിച്ചത്. നാട്ടിലെ ലൈബ്രറിയിലെ നിത്യസന്ദര്ശകനായിരുന്നു ഞാന്. വായന ശക്തമായതോടെയാണ് സാഹിത്യത്തില് അഭിരുചി തോന്നിത്തുടങ്ങിയത്. പത്താംക്ലാസില് പഠിക്കുമ്പോള് ആദ്യ കവിത എക്സ്പ്രസ് ദിനപത്രത്തില് പ്രസിദ്ധീകരിച്ചത് വീണ്ടും വീണ്ടും എഴുതാന് പ്രചോദനമായി. അന്നൊക്കെ ചുറ്റുപാടുകളില് നിന്നുള്ള കഥാതന്തുക്കളാണ് സൃഷ്ടികളായി മാറിയത്. ഉള്ളിലേക്ക് വലിഞ്ഞ നാക്ക്, ജാതിക്കൊയ്ത്ത്, ഡോക്ടറുടെ അനുഭവക്കുറിപ്പുകള്, എല്ലാം കാണുന്ന ചുമരുകള്… എന്നിങ്ങനെ നിരവധി കൃതികള് എഴുതാന് കഴിഞ്ഞുവെന്നതാണ് എന്റെ സന്തോഷം.
ഡോക്ടറുടെ അനുഭവക്കുറിപ്പുകള് എന്ന കൃതിയില് രോഗികളുടെ അനുഭവങ്ങള് എന്നതിലുപരി സാമൂഹിക പ്രശ്നങ്ങളാണല്ലോ കൂടുതലും ചര്ച്ച ചെയ്തത്?
കാലങ്ങളായി രോഗികളുമായി ഇടപെടുന്നുണ്ടെങ്കിലും എന്റെ മനസ്സിനെ സ്പര്ശിച്ച സംഭവങ്ങള് മാത്രമാണ് ഈ പുസ്തകത്തില് എഴുതിയത്. മുന്കാലങ്ങളില് നിന്ന് വ്യത്യസ്തമായി ജീവിതശൈലീരോഗങ്ങളുടെ പിടിയിലാണ് പലരും. ആരോഗ്യപ്രശ്നങ്ങള്ക്കൊപ്പം സാമൂഹികപരമായ മാറ്റങ്ങളും രോഗികളെ ബാധിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഈ പുസ്തകം. മുല്ലപ്പെരിയാര് പ്രശ്നം കൊടുമ്പിരി കൊണ്ടിരുന്ന സാഹചര്യത്തില് ഒരു വ്യക്തിക്കുണ്ടായ അനുഭവങ്ങളും സമ്മര്ദ്ദങ്ങളുമെല്ലാം ഞാന് നേരിട്ട് മനസ്സിലാക്കിയിരുന്നു. സമഗ്രമായ സാമൂഹിക പ്രശ്നങ്ങള് ഒരു രോഗിയുടെ മാനസിക തലത്തെയും ശാരീരികതലത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്.
എഴുത്തുകാരന് എന്ന നിലയിലുള്ള ഏറ്റവും വലിയ സന്തോഷം?
പുഴ.കോം എന്ന മലയാളം ഇന്റര്നെറ്റ് മാസികയില് ഞാന് എഴുതിയ മരണാനന്തരം എന്ന കവിത വായിച്ച ശേഷം ശ്രീഗണേഷ് എന്ന അധ്യാപകന് എനിക്ക് പോസ്റ്റ് കാര്ഡ് അയച്ചിരുന്നു. കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങളും സാഹിത്യചര്ച്ചകളുമായി ഞങ്ങളുടെ സൗഹൃദം വര്ഷങ്ങള്ക്കൊപ്പം വളര്ന്നു. ഇന്ന് അദ്ദേഹം തുഞ്ചത്തെഴുത്തച്ഛന് സര്വ്വകലാശാലയിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസറാണ്. കവിതകള് വായിച്ച് തേടിയെത്തിയ സൗഹൃദങ്ങള് നിരവധിയാണ്. ഇത്തരം അനുഭവങ്ങള് തന്നെയാണ് എന്നിലെ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം. നവമാധ്യമങ്ങളിലൂടെ കാലദേശങ്ങള്ക്കപ്പുറത്തേക്ക് നമ്മുടെ സൃഷ്ടികള് എത്തുന്നു എന്നറിഞ്ഞതില് അതിയായ സന്തോഷമുണ്ട്. എഴുത്തുകാരന് എന്ന രീതിയില് ലഭിക്കുന്ന കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളുടെ പ്രകാശം വലിയ അവാര്ഡുകളേക്കാള് കൂടുതല് സന്തോഷിപ്പിക്കുന്നു. പലപ്പോഴും എത്ര നന്നായി ചികിത്സിച്ചാലും നമുക്ക് ഇത്തരം പ്രതികരണങ്ങള് ലഭിക്കണമെന്നില്ല.
അടുത്ത പേജില് തുടരുന്നു

