ആതുരസേവനരംഗത്തെ അക്ഷരത്തിളക്കം
സാഹിത്യത്തിലും മാറ്റങ്ങള് സംഭവിക്കുകയാണല്ലോ?
70 കളിലേതുപോലുള്ള കൃതികള് അല്ല ഇപ്പോളുള്ളത്. പുതിയ കാലത്തിനനുസൃതമായ പൊളിച്ചെഴുത്തുകളാണ് ഇപ്പോള് നടക്കുന്നത്. മലയാള നോവല് സാഹിത്യരംഗത്ത് എടുത്തുപറയാവുന്ന ഒരു മാറ്റത്തിന് തിരി കൊളുത്തിയ വ്യക്തിയാണ് ടി.ഡി രാമകൃഷ്ണന്. സതേണ് റെയില്വേയില് ചീഫ് കണ്ട്രോളര് ആയിരുന്ന അദ്ദേഹത്തിന്റെ നോവലുകളായ ഫ്രാന്സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള് ദേവനായകി എന്നിവ വളരെയധികം ചര്ച്ച ചെയ്യപ്പെട്ടവയാണ്. പ്രമേയത്തിലും എഴുത്തിലും വ്യത്യസ്തത പുലര്ത്തിയ ഈ കൃതികള് വായനക്കാരെയാകെ ഞെട്ടിച്ചുവെന്നുവേണം പറയാന്. ഇത്തരം പരീക്ഷണങ്ങളാണ് എഴുത്തിനെ നിലനിര്ത്തുന്നതെന്നാണ് ഞാന് വിശ്വസിക്കുന്നത്. അവയ്ക്ക് എപ്പോഴും വായനക്കാരുണ്ടാവും.
ഡോക്ടര് എന്ന നിലയിലുള്ള സാമൂഹിക ഉത്തരവാദിത്വം?
ദൈവമാണ് രോഗികളുടെ മുറിവുണക്കുന്നത്. ഡോക്ടര് അതിനുള്ള ഉപകരണം മാത്രമാണ് എന്നൊരു പഴഞ്ചൊല്ലുണ്ടായിരുന്നു. അത് യാഥാര്ത്ഥ്യമാണെങ്കിലും രോഗിയുടെ മനസ്സറിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടര്ക്ക് രോഗം ഭേദമാക്കാന് വേഗം സാധിക്കുമെന്നു തന്നെയാണ് ഞാന് കരുതുന്നത്. എന്നാല് ഇന്ന് രോഗികള്ക്കൊപ്പം ചെലവഴിക്കാന് ഡോക്ടര്മാര് സമയം കണ്ടെത്തുന്നില്ല എന്ന സന്ദേഹം പങ്കുവെയ്ക്കുന്ന ഒരാളാണ് ഞാന്. രോഗികള്ക്കൊപ്പം ബോധപൂര്വ്വം സമയം ചെലവഴിച്ചാല് അസുഖങ്ങള്ക്ക് പരിഹാരമാവും എന്നുതന്നെയാണ് എന്റെ വിശ്വാസം.
പ്രിയപ്പെട്ട പുസ്തകം?
ഒരു പുസ്തകം മാത്രമായി പറയാനാവില്ല. രാമായണം വളരെയധികം ഇഷ്ടമാണ്. ഒരു പുരാണകൃതി എന്നതിലുപരി ഇന്നത്തെ സാമൂഹ്യസ്ഥിതികള് മരികടക്കാനുള്ള ഒരു ഉപാധി എന്ന നിലയിലാണ് ഞാന് രാമായണം വായിക്കുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളും നമ്മളെ വെല്ലുവിളികള് നേരിടാന് പ്രാപ്തരാക്കുന്നു.ഭാവിയില് രാമായണത്തിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ വ്യത്യസ്തമായ രീതിയില് അവതരിപ്പിക്കണമെന്നാണ് ഞാന് ആഗ്രഹിക്കുന്നത്.
മറ്റു പ്രവര്ത്തനങ്ങള്?
കേരളത്തിലെ പ്രധാനപ്പെട്ട പത്രങ്ങളിലും മാസികകളിലുമെല്ലാം നെഞ്ചുരോഗങ്ങള്, ട്യൂബര്കുലോസിസ് എന്നിവയുമായി ബന്ധപ്പെട്ട ലേഖനങ്ങള് എഴുതാറുണ്ട്. ഇപ്പോള് ബി ഫോര് ബില്ഡിംഗ് എന്ന മാസികയ്ക്കുവേണ്ടി എഴുത്തുകാരുടെ ഭവനങ്ങളെക്കുറിച്ച് ലേഖനങ്ങള് നല്കുന്നുണ്ട്. 2002ല് എട്ടു പാട്ടുകള് അടങ്ങിയ ‘മധുരം, സൗമ്യം, ദീപ്തം’ എന്ന ആല്ബം സുഹൃത്തുക്കള്ക്കൊപ്പം തയ്യാറാക്കിയിരുന്നു. വിദ്യാധരന് മാഷ് ഈണം നല്കിയ ഗാനങ്ങള് മധു ബാലകൃഷ്ണന്, മഞ്ജു മേനോന് എന്നിവരാണ് ആലപിച്ചത്. വിദ്യാഭ്യാസ കാലം മുതല്ക്കേ രക്തഗ്രൂപ്പ് നിര്ണയ ക്യാമ്പുകളില് പങ്കാളിയായിരുന്നു. ഇപ്പോള് സൗജന്യ മെഡിക്കല് ക്യാംപുകള് നടത്തി നിര്ധനരായ രോഗികള്ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്കാറുണ്ട്.
കുടുംബത്തിന്റെ പിന്തുണ?
എന്റെ ഭാര്യ ഡോ. രാധിക നല്ലൊരു ആസ്വാദകയാണ്. എന്റെ കൃതികള് വായിച്ച് അഭിപ്രായങ്ങളും വിമര്ശനങ്ങളും രേഖപ്പെടുത്തുന്ന ആദ്യവായനക്കാരി കൂടിയാണ് തൃശ്ശൂര് മെഡിക്കല് കോളേജിലെ മെഡിസിന് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. രാധിക. മക്കളായ നന്ദകിഷോര്, സൂര്യപ്രതാപ് എന്നിവരും പൂര്ണപിന്തുണയാണ് നല്കുന്നത്.

