ബുദ്ധിയും ഓര്‍മ്മയും കൂട്ടാനൊരു ഭക്ഷണക്രമം

ബുദ്ധിയും ഓര്‍മ്മയും കൂട്ടാനൊരു ഭക്ഷണക്രമം

fud`മനസ്സിന്റെ വ്യായാമത്തിന്‌ സമയം നീക്കിവെക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകതയുള്ള, ഏകാഗ്രതയുള്ള, അതിവേഗം പ്രശ്‌നപരിഹാരം നടത്താന്‍ കഴിയുന്ന വ്യക്തിയായി മാറും. നിങ്ങളുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കാനുള്ള ശരിയായ പോഷകങ്ങളെക്കുറിച്ചും നിങ്ങള്‍ മനസ്സിലാക്കണം.`

ബുദ്ധിശക്തി രണ്ട്‌ രൂപങ്ങളിലാണ്‌ വരുന്നത്‌: ഒന്ന്‌ സുവ്യക്തരൂപമുള്ളതാണെങ്കില്‍ രണ്ടാമത്തേത്‌ അനായാസേന മാറ്റംവരാവുന്ന രൂപത്തിലുള്ളതാണ്‌. പഠിച്ച അറിവും അനുഭവത്തില്‍ നിന്നുള്ള അറിവും ഉപയോഗിക്കാനുള്ള കഴിവാണ്‌ സുവ്യക്തരൂപമുള്ള അറിവ്‌ എന്നത്‌. എന്നാല്‍ വ്യക്തമായ രൂപമില്ലാതെ, എളുപ്പം രൂപംമാറിക്കൊണ്ടിരിക്കുന്ന ബുദ്ധിശക്തിയെന്തെന്നാല്‍ പുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപ്രയോഗിക്കാനും കൃത്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും ഉള്ള കഴിവാണ്‌. ഈ ബുദ്ധിശക്തിയാണ്‌ കൗമാരകാലത്ത്‌ ഏറ്റവും ശക്തമായി നിലനില്‍ക്കുന്നത്‌. പക്ഷെ ക്രമേണ ഈ ശക്തി ക്ഷയിക്കുന്നു. എന്നാല്‍ മനശാസ്‌ത്രജ്ഞര്‍ പറയുന്നത്‌ ഈ രൂപത്തിലുള്ള ബുദ്ധിശക്തി വളര്‍ത്താന്‍ കഴിയുമെന്നാണ്‌. മനസ്സിന്‌ വ്യായാമം നല്‍കാന്‍ സമയം മാറ്റിവെക്കുക വഴി നിങ്ങള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകതയുള്ള, ഏകാഗ്രതയുള്ള എളുപ്പം പ്രശ്‌നപരിഹാരം നടത്താന്‍ സാധിക്കുന്ന വ്യക്തിയായി മാറും. ബുദ്ധിവികാസത്തിന്‌ ആവശ്യമായ പോഷകങ്ങള്‍ കഴിക്കുകയും വേണം.

പ്രാതലാണ്‌ ഏറ്റവും പ്രധാനപ്പെട്ട ആഹാരം. നന്നായി പ്രാതല്‍ കഴിക്കുന്നവരുടെ ഓര്‍മ്മശക്തി, സര്‍ഗ്ഗാത്മകത, ഏകാഗ്രത, പൊതുവായ പ്രകടനം എന്നിവ മെച്ചപ്പെട്ടതായി കാണുന്നു. പ്രാതലില്‍ ശരിയായ അളവില്‍ മാംസ്യം, കാര്‍ബോഹൈഡ്രേറ്റ്‌, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്‌. നല്ല പ്രാതലിനെ മൂന്നാക്കി വിഭജിച്ചാല്‍ അതില്‍ മൂന്നില്‍ ഒരു ഭാഗം മാംസ്യവും ഇനിയൊരു ഭാഗം പഴങ്ങളും പച്ചക്കറികളും മൂന്നാമത്തെ ഭാഗം കാര്‍ബോഹൈഡ്രേറ്റുകളും ആയിരിക്കണം. പോഷകം നിറഞ്ഞ പ്രാതല്‍ കഴിക്കുമ്പോള്‍ തന്നെ അതില്‍ കൊഴുപ്പും ഉണ്ടെന്ന്‌ ഉറപ്പുവരുത്തണം. ആരോഗ്യകരമായ പ്രാതലിലെ പഞ്ചസാരയുടെ അളവ്‌ രക്തത്തിലേക്ക്‌ സാവധാനത്തിലേ കലരൂ. അതായത്‌ അത്‌ നിങ്ങളുടെ വിശപ്പിനെ കുറെ നേരത്തേക്ക്‌ അടക്കിനിര്‍ത്തി ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവ്‌ വര്‍ധിപ്പിക്കുന്നതിന്‌ സഹായിക്കും. ശരീരത്തില്‍ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ്‌ സുസ്ഥിരമായി നിലനിര്‍ത്താന്‍ മൂന്ന്‌ നേരം ലളിതമായ ഭക്ഷണവും അതിനിടയില്‍ ലഘുഭക്ഷണവും കഴിക്കുന്നതാണ്‌ നല്ലത്‌. ആരോഗ്യകരമായ ലഘുഭക്ഷണമെന്നാല്‍ കൊഴുപ്പിന്റെ അളവ്‌ കുറഞ്ഞ യോഗര്‍ട്ട്‌, ഓട്ട്‌ കേക്ക്‌, ഉണക്കിയ പഴങ്ങള്‍, കൊഴുപ്പ്‌ കുറഞ്ഞ ഭക്ഷ്യധാന്യങ്ങള്‍കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ എന്നിവയാകാം. വൈകിക്കഴിക്കുന്ന അത്താഴം ഉറക്കം കെടുത്തിയേക്കൂം. ഉറങ്ങാന്‍ കിടക്കുന്നതിന്‌ മൂന്ന്‌ മണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിക്കുന്നത്‌ ഉറപ്പാക്കുക. ഇത്‌ ഉറക്കത്തിന്‌ മുന്‍പേ ഭക്ഷണത്തെ ദഹിപ്പിക്കും.

തലച്ചോര്‍ ഇന്ധനമായി ഉപയോഗിക്കുന്നത്‌ ഗ്ലൂക്കോസ്‌ മാത്രമാണ്‌. മണിക്കൂറില്‍ അഞ്ച്‌ ഗ്രാം ഗ്ലൂക്കോസാണ്‌ തലച്ചോര്‍ ഉപയോഗിക്കുന്നത്‌. പക്ഷെ ഗ്ലൂക്കോസ്‌ എങ്ങനെയാണ്‌ സൂക്ഷിച്ചുവെക്കേണ്ടതെന്ന്‌ തലച്ചോറിന്‌ അറിയില്ല. അതിനാല്‍ നമ്മുടെ ചംക്രമണ സംവിധാനത്തിലൂടെ തലച്ചോറിന്‌ ഗ്ലൂക്കോസ്‌ ഇടയ്‌ക്കിടെ കിട്ടിക്കൊണ്ടേയിരിക്കണം. അതുകൊണ്ട്‌ തലച്ചോറിന്റെ ഓര്‍മ്മശക്തിക്കുവേണ്ട ഒരു പ്രധാനഘടകമാണ്‌ ഗ്ലൂക്കോസ്‌. ചെറിയ ഗ്ലൈസീമിക്‌ സൂചികയുള്ള പഞ്ചസാരയാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ രക്തത്തില്‍ ഗ്ലൂക്കോസിന്റെ നിയന്ത്രണം അനുവദിച്ച്‌ തലച്ചോറിന്‌ പ്രമേഹത്തിന്റെ ശല്ല്യമില്ലാതെ ഗ്ലൂക്കോസ്‌ ശരിയായ അളവില്‍ നല്‍കുകയും ചെയ്യുന്നു.

ജീവകം ഇ തലച്ചോറിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌. കാരണം ഇത്‌ ശരീരത്തിന്‌ രോഗപ്രതിരോധശേഷി നല്‍കുന്ന ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഈ ജീവകം ഏറ്റവും കരുത്തുറ്റ ആന്റിഓക്‌സിഡന്റായി കാണപ്പെടുന്നു. ഒപ്പം തലച്ചോറിലെ കൊഴുപ്പുള്ള കോശങ്ങളെ പ്രായമാവുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു. മറവിരോഗമായ അല്‍ഷിമേഴ്‌സ്‌ തടയാന്‍ ജീവകം ഇ നല്ലതാണ്‌. പച്ചയിലക്കറികള്‍, കിവി, കടലകള്‍ എന്നിവ ജീവകം ഇ നിറയെ അടങ്ങിയ ഭക്ഷണങ്ങളാണ്‌. ബദാംപരിപ്പിലും ജീവകം ഇ യും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. അവൊകാഡൊയിലും ജീവകം ഇ അടങ്ങിയിരിക്കുന്നു. ബീറ്റ കരോട്ടിന്‍, ലൈകോപീന്‍ എന്നീ രണ്ട്‌ ആന്റിഓക്‌സിഡന്റുകള്‍ ആഗിരണം ചെയ്യുന്നതിന്‌ അവൊകാഡൊയും അവൊകാഡൊ എണ്ണയും സഹായിക്കുമെന്ന്‌ പറയുന്നു.

നിങ്ങളെ ജാഗ്രതയോടെ നിര്‍ത്തുന്ന തലച്ചോറിലെ കോശങ്ങളായ ഒറെക്‌സിന്‍ ന്യൂറോണ്‍സിനെ ഉദ്ദീപിപ്പിക്കാന്‍ മാംസ്യത്തിന്‌ കഴിയും. മൃഗങ്ങളില്‍ നിന്ന്‌ ലഭ്യമായ ഇറച്ചി, പാലുല്‍പന്നങ്ങള്‍, മുട്ട എന്നിവയും മത്സ്യവും മാംസ്യത്തിന്റെ ഉറവിടമാണ്‌. മാംസ്യത്തിലെ പ്രധാനഘടകമായ അമിനോ ആസിഡ്‌ മുട്ടയില്‍ നിറയെ അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ കോശങ്ങളെ നിര്‍മ്മിക്കുന്ന ഫോസ്‌ഫോലിപിഡ്‌സും ലെസിതിനും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഓര്‍മ്മയ്‌ക്ക്‌ അത്യാവശ്യമാണ്‌ സെറിനും മിതിയോനൈനും. പഠനത്തെ ഉത്തേജിപ്പിക്കുന്ന നോന്‍അഡ്രീനാലിനെ ഉദ്ദീപിപ്പിക്കുന്ന ടൈറോസിന്‍, ഫിനൈല്‍അലനൈന്‍ എന്നീ ഘടകങ്ങളും മുട്ടയില്‍ ധാരാളമായുണ്ട്‌.

ബ്ലൂബെറി ഏകാഗ്രതയെയും ഓര്‍മ്മയെയും വര്‍ധിപ്പിക്കാന്‍ കഴിവുള്ള അടങ്ങിയ ആന്റി ഓക്‌സിഡന്റ്‌ അടങ്ങിയ ഫലമാണ്‌. തലച്ചോറിലേക്കും രക്തത്തിലേക്കും ഓക്‌സിജന്‍ ഒഴുക്കാന്‍ ബ്ലൂബെറിക്ക്‌ സാധിക്കും. നാഡീവ്യൂഹകോശങ്ങളെ സുഗമമായി പ്രവര്‍ത്തിപ്പിക്കാനും അറിവുനേടുന്ന പ്രവര്‍ത്തനത്തെ നിലനിര്‍ത്താനും സഹായിക്കുന്ന ബ്ലൂബെറി ക്യാന്‍സറിനെതിരെ പോരാടുന്നു. തലച്ചോറില്‍ പ്രായംകൂടുന്ന ചില പ്രവര്‍ത്തനങ്ങളെ തടയാനും ബ്ലൂബെറിയ്‌ക്ക്‌ കഴിയും. ചെറി, റാസ്‌ബെറി, നെല്ലിക്ക, മള്‍ബെറി എന്നീ കടുത്തനിറങ്ങളുള്ള ഫലങ്ങള്‍ക്കും ആരോഗ്യം നല്‍കാനുള്ള കഴിവുണ്ട്‌.കഴിക്കാന്‍ സാധിക്കുന്ന എല്ലാ ഫലങ്ങളും ജീവകം സിയുടെ ഉറവിടമാണ്‌. ഇത്‌ രക്തക്കുഴലുകളെ ശക്തമാക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തലച്ചോറിന്‌ ഓക്‌സിജന്‍ പകരാനും നമ്മുടെ നാഡീവ്യൂഹങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഫ്രീറാഡിക്കലുകളെ ചെറുക്കാനും ഇവയ്‌ക്ക്‌ കഴിവുണ്ട്‌. ജീവകം സിയുടെ അളവ്‌ ശരീരത്തില്‍ കൂടുതലായി ഉള്ളവര്‍ക്ക്‌ ഓര്‍മ്മശക്തിയും ശ്രദ്ധയും ആവശ്യമായ പരീക്ഷകളില്‍ നല്ലതുപോലെ പ്രകടനം നടത്താന്‍ കഴിയും.

സാല്‍മന്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യം ഓര്‍മ്മ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മറവിരോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഡിഎച്ച്‌എ പോലുള്ള അത്യാവശ്യമായ ഫാറ്റി ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. തലച്ചോറിലെ വ്രണം ഇല്ലാതാക്കാന്‍ ഇവയ്‌ക്ക്‌ കഴിവുണ്ട്‌. ആഴ്‌ചയില്‍ രണ്ട്‌ നേരമെങ്കിലും എണ്ണക്കൊഴുപ്പുള്ള മത്സ്യം കഴിക്കണം.

തലച്ചോറിലെ കോശങ്ങള്‍ക്ക്‌ ഓക്‌സിജന്‍ ആവശ്യമാണ്‌. ഇതിനായി ഭക്ഷണത്തില്‍ ഇരുമ്പിന്റെ അംശം ഉണ്ടാവാന്‍ ശ്രദ്ധിക്കണം. ഇരുമ്പ്‌ സത്ത്‌ കുറഞ്ഞുപോയാല്‍ തളര്‍ച്ച, ഉണര്‍വ്വ്‌കുറവ്‌, ഏകാഗ്രതയില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും. കൊഴുപ്പ്‌ കുറവുള്ള മാംസവും ഇരുമ്പ്‌ സത്തിന്‌ നല്ലതാണ്‌. തലച്ചോറിന്റെ ധാരണശകതി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ധാതുക്കളായ ഇരുമ്പ്‌, സിങ്ക്‌ എന്നിവ അതില്‍ അടങ്ങിയിട്ടുണ്ട്‌. മുട്ടയുടെ കരു, പയറുവര്‍ഗ്ഗങ്ങള്‍, ലെന്റില്‍സ്‌, ഉണക്കിയെടുത്ത ആപ്രിക്കോട്ട്‌, ധാന്യാഹാരങ്ങള്‍, ബ്രൊക്കോളി, സമ്പൂര്‍ണ്ണ ധാന്യം, ഹോള്‍മീല്‍ ബ്രഡ്‌ എന്നിവയും ഇരുമ്പ്‌ സത്തിന്‌ പേര്‌ കേട്ടതാണ്‌.

തലച്ചോറിന്‌ ആവശ്യമായ ജലാംശം ലഭിച്ചില്ലെങ്കില്‍ തലവേദനയുണ്ടാകാന്‍ സാധ്യത ഏറെയാണ്‌. ദിനംപ്രതി 6 മുതല്‍ 8 ഗ്ലാസ്‌ വരെ വെള്ളം കുടിക്കണം. വെള്ളത്തിന്‌ പുറമെ ജ്യൂസ്‌, പാല്‍ എന്നിവയും പരിഗണിക്കാവുന്നതാണ്‌.

ചിക്കന്‍, ഉരുളക്കിഴങ്ങ്‌, പഴങ്ങള്‍ തുടങ്ങിയ ജീവകം ബി അധികമായുള്ള ഭക്ഷണവും നിങ്ങളുടെ ഓര്‍മ്മശക്തിയെയും തലച്ചോറിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. തലച്ചോറിലെ ചോദനകളെ വഹിക്കുന്ന ധാതുക്കളില്‍ പ്രധാനമാണ്‌ മഗ്നീഷ്യം. മഗ്നീഷ്യവും ജീവകം ബി6 ഉം കൂടതലായി കിട്ടുന്നതാണ്‌ പഴങ്ങള്‍. അമിനോ ആസിഡിന്റെ മെറ്റബോളിസത്തിനും നാഡീവ്യൂഹത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും മഗ്നീഷ്യം ആവശ്യമാണ്‌. മാത്രമല്ല, മഗ്നീഷ്യം ചില ന്യൂറോട്രാന്‍സ്‌മിറ്ററുകളായ ഗാമ അമിനോ ബ്യൂട്ടിറിക്‌ ആസിഡ്‌, സെറോട്ടോനിന്‍ എന്നിവ ഉല്‍പാദിപ്പിക്കും. ശാന്തമായ പെരുമാറ്റത്തിന്‌ ഇവ അത്യാവശ്യമാണ്‌.
ജീവകം ബി9നാല്‍ സമ്പന്നമാണ്‌ ഇലക്കറികള്‍. അത്‌ ഭ്രൂണത്തിന്റെ കോശങ്ങള്‍ വികസിപ്പിക്കുന്നതില്‍ സജീവപങ്കാളിത്തം വഹിക്കുന്നു. രക്തകോശങ്ങളുടെ നവീകരണവും സാധ്യമാകുന്നു. ചീര, ലെറ്റിയൂസ്‌, ബ്രൊക്കോളി, ഐസ്‌ബര്‍ഗ്‌ ലെറ്റിയൂസ്‌ എന്നിവ ജീവകം ബി9 നാല്‍ സമ്പന്നമാണ്‌. ഇതില്‍ ശ്രദ്ധേയമായ ഒന്നാണ്‌ റോസ്‌മേരി. ഇതില്‍ ഓര്‍മ്മയും ഏകാഗ്രതയും ഉണര്‍ത്താന്‍ കഴിയുന്ന അപിജെനിന്‍ എന്ന ഫ്‌ളേവനോയിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഒപ്പം തലച്ചോറിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും ഇത്‌ നല്ലതാണ്‌.

അതുപോലെ ചോക്ലേറ്റില്‍ അടങ്ങിയ ഫ്‌ളേവനോള്‍ എന്ന പദാര്‍ത്ഥം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ധിപ്പിക്കും. അതിനാല്‍ പരീക്ഷാസമയത്ത്‌ ചോക്ലേറ്റ്‌ ഉപയോഗം നല്ലതാണെന്ന്‌ പറയുന്നു. ഹ്രസ്വകാല ഓര്‍മ്മശക്തി ഉണര്‍ത്തുകയും ശ്രദ്ധ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ചായയും തലച്ചോറിനെ സംരക്ഷിയ്‌ക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നു. തേയിലയിലെ ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ തടയുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തുകയും ചെയ്യുന്നു. ചായ കുടി പതിവാക്കുന്നവര്‍ക്കും ഓര്‍മ്മശക്തി മെച്ചപ്പെടുമെന്ന്‌ പറയാറുണ്ട്‌.

വ്യായാമം പൊതുവേ ശാരീരകവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. ആരോഗ്യമുള്ള ശരീരം ബുദ്ധിശക്തി വളര്‍ത്തുന്നതിനെ സഹായിക്കുന്നു. ബുദ്ധിശക്തി ഉണര്‍ത്താന്‍ സഹായിക്കുന്ന മറ്റ്‌ പ്രവര്‍ത്തനങ്ങളാണ്‌ എഴുത്ത്‌, ധ്യാനം, വിമര്‍ശനാത്മകമായ ചിന്താപ്രവര്‍ത്തനങ്ങള്‍, സര്‍ഗ്ഗാത്മകതയിലേര്‍പ്പെടല്‍, നിരന്തരമായ ഐക്യു വ്യായാമം, ചെസ്‌ പോലുള്ള ഗെയിമുകള്‍, സംഗീതം ശ്രവിക്കല്‍, ശരിയായ ഉറക്കം എന്നിവ. സാമൂഹ്യമായ ഇടപെടല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും അതുവഴി ബുദ്ധിശക്തിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.