ജിഎസ്ടി ഭരണത്തിലെ മുന്‍കൂര്‍ തീര്‍പ്പ്

ജിഎസ്ടി ഭരണത്തിലെ മുന്‍കൂര്‍ തീര്‍പ്പ്

GSTഎറ്റെന്‍ ക്രാഫ്റ്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേസില്‍ ഈയിടെ ഹൈക്കോടതിയുടെ ആഭിമുഖ്യത്തില്‍ കേരളാ സര്‍ക്കാര്‍ മുന്‍കൂര്‍ തീര്‍പ്പിനുള്ള അതോറിറ്റി(എഎആര്‍) രൂപീകരിച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്ത് കേരള ഹൈക്കോടതി ബന്ധപ്പെട്ട അധികാരികളോട് രേഖാമൂലമുള്ള അപേക്ഷ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

മുന്‍കൂര്‍ തീര്‍പ്പ് എന്ന ആശയം
ജസ്റ്റിസ് കെ.എന്‍. വാഞ്ചുവിന്റെ നേതൃത്വത്തിലുള്ള പ്രത്യക്ഷ നികുതി അന്വേഷണ സമിതിയാണ് 1971ല്‍ മുന്‍കൂര്‍ തീര്‍പ്പ് എന്ന ആശയം രൂപീകരിച്ചത്. പക്ഷെ ഇത് ആത്യന്തികമായി നടപ്പാക്കിയത് 1993ലാണ്. നിയമ വ്യവഹാരം തടയല്‍, മുന്‍കൂറായി ആര്‍ജിച്ച നികുതി ബാധ്യത തടയല്‍, നികുതി ദായകരായ ബിസിനസുകാര്‍ക്ക് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ അധികൃതരെ സമീപിക്കാനുള്ള ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങള്‍ക്കാണ് മുന്‍കൂര്‍ തീര്‍പ്പിനുള്ള അതോറിറ്റി (എഎആര്‍) രൂപീകരിച്ചത്.

എഎആര്‍ സംവിധാനം രാജ്യത്തെ പ്രത്യക്ഷ നികുതി നിയമങ്ങളില്‍ സജീവമായിരുന്നു. ഇപ്പോള്‍ പരോക്ഷ നികുതി സംവിധാനത്തിലേക്കും എഎആര്‍ സംവിധാനം കുറേശ്ശെയായി കടന്നുവന്നുകൊണ്ടിരിക്കുകയാണ്. എഎആര്‍ സങ്കല്‍പം ഇപ്പോള്‍ ജിഎസ്ടി ഭരണത്തിലേക്കും ചില്ലറ മാറ്റങ്ങളോടെ കടന്നുവരികയാണ്.

ജിഎസ്ടി ഭരണത്തിലെ മുന്‍കൂര്‍ തീര്‍പ്പ്

കേന്ദ്ര ചരക്ക് സേവന നികുതി നിയമം 2017ലെ 17ാം അധ്യായത്തിലെ 95 മുതല്‍ 106 സെക്ഷനുകളിലാണ് എഎആറിലെ ആശയങ്ങള്‍ വിശദീകരിക്കുന്നത്. അപേക്ഷകന്‍ ഏറ്റെടുത്ത ചരക്കിന്റെയോ സേവനത്തിന്റെയോ വിതരണവുമായി ബന്ധപ്പെട്ടുള്ള ചില പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട് എഎആര്‍ നല്‍കുന്ന തീരുമാനങ്ങളാണ് മുന്‍കൂര്‍ തീര്‍പ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചരക്കിന്റെയും സേവനത്തിന്റെയും നടന്ന ഇടപാടുകള്‍ മാത്രമല്ല, ഏറ്റെടുത്ത ഇടപാടുകളും ഇതില്‍ ഉള്‍പ്പെടും. ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതോ രജിസ്‌ട്രേഷന്‍ കിട്ടാന്‍ ആഗ്രഹിക്കുന്നതോ ആയ എല്ലാവരും അപേക്ഷകന്‍ എന്ന വാക്കിനാല്‍ പ്രതിനിധീകരിക്കപ്പെടുന്നു. അതിനാല്‍, അഡ്വാന്‍സ് റൂളിംഗിനുള്ള അപേക്ഷ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഇടപാടുകാരനും നല്‍കാം.

അതുപോലെതന്നെ, ഒരൊറ്റ അപേക്ഷയിലൂടെ അപേക്ഷകന് പല വിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാം. അതിലൂടെ പല പ്രശ്‌നങ്ങള്‍ക്കായി നിരവധി അപേക്ഷകള്‍ നല്‍കണം എന്ന സ്ഥിതിവിശേഷവും ഇല്ലാതാവുകയാണ്.
അപേക്ഷ ഫയല്‍ ചെയ്യുന്നതിനുള്ള ചോദ്യങ്ങള്‍
സിജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 97 എഎആറിന് മുന്നില്‍ ഉയര്‍ത്താവുന്ന വിവിധതരം ചോദ്യങ്ങള്‍ എന്തൊക്കെയെന്ന് നിര്‍വ്വചിക്കുന്നു. എഎആറിന് മുന്നില്‍ കുഴക്കാവുന്ന ഏത് ചോദ്യവും താഴെപ്പറയുന്ന വിഷയങ്ങളില്‍ ഉന്നയിക്കാം.
1. ചരക്കിന്റെയോ സേവനങ്ങളുടെയോ രണ്ടും ഒന്നിച്ചുള്ളതിന്റെയോ വേര്‍തിരിവ്.
2. ഈ നിയമത്തിന്റെ കീഴില്‍ ഇറക്കിയ ഉത്തരവുകളുടെ പ്രായോഗികത.
3. വിതരണം ചെയ്ത ചരക്കിന്റെയോ സേവനത്തിന്റെയോ മൂല്യമോ സമയമോ കണക്കാക്കല്‍.
4.അടച്ച നികുതിയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ സ്വീകാര്യത.
5.നികുതിയടക്കാനുള്ള ബാധ്യത തീരുമാനിക്കല്‍.
6.അപേക്ഷകന്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണം.
7.ചരക്കിന്റെയോ സേവനത്തിന്റെയോ വിതരണത്തിന്റെ കാര്യത്തില്‍ അപേക്ഷകന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം.

മുകളില്‍ പ്രസ്താവിച്ച ചോദ്യങ്ങളല്ലാതെ മറ്റൊന്നും എഎആറിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന്, അടയ്‌ക്കേണ്ട ടാക്‌സിന്റെ സ്വഭാവം, വിതരണം ചെയ്ത ചരക്കിന്റെയോ സേവനത്തിന്റെ സ്ഥലം, ഇടപാട് കയറ്റുമതി സ്വഭാവമുള്ളതോ അല്ലാത്തതോ തുടങ്ങിയ ചോദ്യങ്ങളൊന്നും എഎആറിന് മുന്നില്‍ നിരത്താന്‍ കഴിയില്ല. എഎആറിന്റെ പരിധി പരിമിതപ്പെടുത്തുന്നതിന് പകരം ഏത് ചോദ്യവും ഉന്നയിക്കുകയെന്നത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കാരണം അത് ബിസിനസ് സുഗമത കൂട്ടുന്നതിനെ സഹായിക്കും.

അപേക്ഷ പരിശോധിക്കല്‍
അവശ്യമായ ഫീസോടൊപ്പം അപേക്ഷ ഫയല്‍ ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു. എഎആര്‍ അപേക്ഷയുടെ ഒരു കോപ്പി ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കേണ്ടതുണ്ട്. ഇതിന് പുറമെ, അധികൃതര്‍ അപേക്ഷ പരിശോധിച്ച ശേഷം അത് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. അപേക്ഷകന്റെ വാദം കേട്ടതിന് ശേഷം മാത്രമേ അപേക്ഷ തള്ളിക്കളയുന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് ചിന്തിക്കാനാവൂ. നേരത്തെ പരിഗണനയിലിരിക്കുന്ന അപേക്ഷയിലോ അതല്ലെങ്കില്‍ സിജിഎസ്ടി നിയമമനുസരിച്ച് തീരുമാനമെടുത്ത അപേക്ഷയിലോ എഎആറിന് അപേക്ഷ അനുവദിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

സമയപരിമിതിയോ? നിര്‍ബന്ധിത ഉത്തരവോ?
അപേക്ഷ ലഭിച്ച് 90 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച് എഎആര്‍ ഉത്തരവിറക്കണമെന്നത് നിര്‍ബന്ധമാണ്. മുന്‍കൂര്‍ തിര്‍പ്പ് കല്‍പിച്ച ശേഷം എഎആര്‍ ഈ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയക്കേണ്ടതുണ്ട്.

അപ്പീല്‍ സാധ്യതയുണ്ടോ?
നിയമത്തില്‍ അപ്പീലിനുള്ള സാധ്യതകളെപ്പറ്റിയും പറയുന്നുണ്ട്. അത്തരം അപ്പീലുകള്‍ എഎഎആറിന് (എഎആറിന്റെ അപ്പലേറ്റ് അതോറിറ്റി)മുന്നിലാണ് സമര്‍പ്പിക്കേണ്ടത്. എഎആറിന്റെ ഉത്തരവിനാല്‍ പ്രശ്‌നമനുഭവിക്കുന്ന മൂന്ന് പേര്‍ക്ക് എഎഎആറിന് മുന്നില്‍ അപ്പീല്‍ പോകാം. അപേക്ഷന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍, അധികാരപരിധിയില്‍പ്പെട്ട ഓഫീസര്‍ എന്നിവരാണ് ഈ മൂന്ന് പേര്‍. എഎഎആറിലെ അംഗങ്ങള്‍ക്ക് തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെങ്കില്‍ ഈ സമിതിക്ക് മുന്‍കൂര്‍ തീര്‍പ്പ് നല്‍കാന്‍ കഴിയില്ല. അപേക്ഷന് ഇത്തരം സാഹചര്യങ്ങളില്‍ പരിഹാരം നല്‍കുന്നതിന് നിയമത്തിന് സാധിക്കുന്നില്ല. വ്യവഹാരങ്ങള്‍ ഒഴിവാക്കാനും പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് രക്ഷപ്പെടാനും ആഗ്രഹിക്കുന്ന അപേക്ഷന് ഇത് നരകതുല്ല്യമാണ്.

എഎഎആറിന് മുന്നില്‍ 30 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാന്‍ നിയമം അനുശാസിക്കുന്നു. എഎഎആര്‍ ഈ അപ്പീലില്‍ വാദം കേട്ട് 90 ദിവസത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കേണ്ടതാണെന്ന് നിയമം അനുശാസിക്കുന്നു. മുന്‍കൂര്‍ തീര്‍പ്പ് സംബന്ധിച്ച കാര്യങ്ങള്‍ ജിഎസ്ടി നിയമങ്ങളില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ഇതിന്റെ ഫലപ്രാപ്തി എത്രത്തോളമാണെന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. എഎആര്‍ കോടതികളുടെയും നികുതിദായകന്റെയും റവന്യൂ അധികൃതരുടെയും ഭാരം കുറച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കാലമാണ് ഉത്തരം പറയേണ്ടത്.

 

Photo courtesy : Google /images may be subject to copyright

 

ലേഖനം: അഡ്വ. ഷെറി സാമുവേല്‍ ഉമ്മന്‍
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അദ്ദേഹം ടാക്‌സ്, കോര്‍പറേറ്റ് നിയമം എന്നിവയില്‍ വൈദഗ്ധ്യം നേടിയ ചാട്ടേര്‍ഡ് അക്കൗണ്ടന്റും കോസ്റ്റ് അക്കൗണ്ടന്റും കമ്പനി സെക്രട്ടറിയും കൂടിയാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.