കേരളത്തിൻെറ ഫാഷൻ രാജ്ഞി : Beena Kannan

കേരളത്തിൻെറ ഫാഷൻ രാജ്ഞി : Beena Kannan

 

മികച്ച കലാചാതുരിജന്മസിദ്ധമാക്കിയ വനിത. മാറുന്ന ഫാഷൻ സങ്കൽപങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും അത് വേണ്ടവരിലേക്കെത്തിക്കാനും ഇവർക്ക് ഒരു പ്രത്യേക മിടുക്കുണ്ട്. ചില വസ്ത്രങ്ങൾ പൂർത്തിയാക്കാൻ ചിലപ്പോൾ മാസങ്ങൾ എടുക്കും. അതാണ് ഫാഷൻ്റെ രാജ്ഞിയായ ബീനാകണ്ണൻ്റെ ഫാഷൻ യാത്രയുടെ പ്രത്യേകത. ഓരോ ദിവസവും, വർഷങ്ങൾ ഓരോന്ന് കഴിയുമ്പോഴും ബീനാകണ്ണൻ മാറിക്കൊണ്ടിരിക്കുകയാണ്. ഒപ്പം അവരുടെ ഫാഷൻ സങ്കൽപങ്ങളും. ഫാഷൻ രംഗത്ത് ചുവടുറപ്പിയ്ക്കാൻ കൊതിക്കുന്ന നൂറുകണക്കിന് വനിതാസംരംഭകർക്ക് പ്രചോദനമാണ് ബീനാകണ്ണൻ. അതേ സമയം ലോകമെമ്പാടുമുള്ള വിജയികളായ സംരംഭകരെപ്പോലെ ഇവർക്കും എങ്ങനെ വിപണിയിൽ നിലനിൽക്കാം എന്ന രഹസ്യം അറിയാം. കേരളത്തിലെ സാരീസംസ്‌കാരത്തെ അവിശ്വസനീയമായ സൗന്ദര്യസങ്കൽപങ്ങളാൽ മാറ്റിമറിച്ച സംരംഭകയാണ് ബീനാകണ്ണൻ എന്ന കാര്യത്തിൽ തർക്കമില്ല.

ഇന്ത്യ, യുഎഇ, യുഎസ്എ തുടങ്ങി ആഗോളതലത്തിലുള്ള പ്രധാന ഫാഷൻ കേന്ദ്രങ്ങളിലെല്ലാം സാരി ഡിസൈനുകൾ പുറത്തിറക്കിയിട്ടുണ്ട്. ബിസ്‌പോക്ക് ബ്രൈഡലുകൾ കാഷ്വലുകൾ എന്നിവ ശീമാട്ടിയിലും. കട്ട്സ് ആൻറ് ഫിറ്റ്സിലെ പുതുമകളും ശീമാട്ടിയെ ഇന്ത്യയിലെ മറ്റ് കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ബാല്യത്തിൽ തുടങ്ങിയ താൽപര്യം

ബീന കണ്ണൻ തൻ്റെ കഴിവുകൾ ബാല്യകാലത്തിലാണ് കണ്ടെത്തുന്നത്. നിറയെ നിറങ്ങളും ബഹളങ്ങളും നിറഞ്ഞ, കുടുംബത്തോടൊപ്പമുള്ള ബാല്യകാലം. കുട്ടിക്കാലത്ത് എല്ലാ രംഗങ്ങളിലും മുഖ്യസ്ഥാനം ബീനാകണ്ണൻ കീഴടക്കിക്കൊണ്ടിരുന്നു . കളിയും ഊഞ്ഞാലാട്ടവും സൈക്കിൽ സവാരിയും നിറഞ്ഞ ബാല്യം. ബന്ധുക്കളായ കുട്ടികളോടൊപ്പം ക്ഷേത്രങ്ങളിൽ പതിവായി സന്ദർശിക്കുന്ന കുട്ടി. ആനയുടെ പിന്നിൽ ത്രിമോതിരം കിട്ടുമെന്ന പ്രതീക്ഷയോടെ പേടിച്ചരണ്ട നിന്നിരുന്ന പെൺകുട്ടി. മെടഞ്ഞിട്ട മുടിയിൽ മനോഹരമായ റോസപ്പൂ തിരുകി നടക്കുന്ന പെണ്ണ്. ഒറ്റക്കുട്ടിയായതിനാൽ മാതാപിതാക്കൾ ഒരിക്കലും ബീനയെ അധികം അകന്നുനിൽക്കാൻ അനുവദിച്ചിരുന്നില്ല. ഡോക്ടറാകാൻ മോഹിച്ചെങ്കിലും, ബീനയെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാതെ അവനവന് വേണ്ടി ജോലി ചെയ്യുന്ന ഒരാളാക്കാനാണ് മാതാപിതാക്കൾ ആഗ്രഹിച്ചത്.

അവരുടെ മുത്തച്ഛൻ വീരയ്യ റെഡ്യാർ ആയിരുന്നു ബിസിനസിലേക്കുള്ള പ്രചോദനം. തൻ്റെ കഴിവുകളെ തേച്ചുരച്ച് വൈദഗ്ധ്യമാക്കിമാറ്റിയത് അദ്ദേഹമായിരുന്നു. കോളേജ് പഠനം കഴിഞ്ഞയുടൻ കോട്ടയത്തെ കടയിൽ വ്യപാരത്തിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. ജോലിയും കുടുംബജീവിതവും കൃത്യമായ ബാലൻസോടെ മുന്നോട്ട് കൊണ്ടുപോകാൻ പഠിച്ചത് ഇവിടെനിന്നാണ്. തൻ്റെ മൂന്ന് കുട്ടികളെ വളർത്തേണ്ട ചുമതലയും ഇതോടൊപ്പമുണ്ടായിരുന്നു.

ഇൻ്റെർനെറ്റും കംപ്യൂട്ടറും ലാപ്‌ടോപും സെൽഫോണും ഇല്ലാത്ത കാലഘട്ടത്തിൽ ആകെ കൂട്ടുണ്ടായിരുന്നത് ദൂരദർശൻ മാത്രം. അന്ന് എംജി റോഡിൽ വളരെക്കുറച്ച് കാറുകളേ ഓടിയിരുന്നുള്ളൂ. ചെന്നൈയിലെ മൗണ്ട് റോഡിൽ കാറോടിച്ച് പോകുന്ന ഒരേയൊരു സ്ത്രീ ബീനാകണ്ണനായിരുന്നു. ഒരു ബിസിനസ്‌കാരിയാകുമെന്ന് സ്വപ്‌നം പോലും കാണാതിരുന്ന സ്ത്രീയുടെ കൈകളിലേക്ക് ഭർത്താവിൻ്റെ മരണത്തോടെ വലിയൊരു ബിസിനസ് ഉത്തരവാദിത്വം വന്നുചേരുകയായിരുന്നു. അന്ന് കടവും സാമ്പത്തിക അസ്ഥിരതയുമുള്ള ശീമാട്ടിയായിരുന്നു ബീനയുടെ കൈകളിലേക്കെത്തിയത്. അന്നത്തെ ഒരു കോടിയുടെ കടമെന്നത് ഇന്നത്തെ ആയിരം കോടികൾക്ക് തുല്യമായിരുന്നു. അന്ന് ശീമാട്ടിയുടെ ബാധ്യത 43 കോടിയായിരുന്നു. ഈ അസ്വാസ്ഥ്യങ്ങൾക്കുള്ളിൽ ബീന ശാന്തമായി നിന്നു. സാവധാനത്തിൽ തൻ്റെ കഠിനപ്രയത്നവും അർപ്പണമനോഭാവവും കൊണ്ട് ഒരു സാമ്രാജ്യം കെട്ടിപ്പൊക്കി അവർ. മികച്ച മാനേജ്‌മെൻ്റ ശീലങ്ങളും സുസ്ഥിരമായ പ്രവർത്തന സംവിധാനവും കൊണ്ടുവന്നു. ആലപ്പുഴയിലെ ചെറിയക്കടയിൽ നിന്നുമാണ് ഇന്ന് കാണുന്ന ശീമാട്ടിയുടെ തുടക്കം. ഇപ്പോൾ കേരളത്തിൽ 2 ശാഖകളാണ് ശീമാട്ടിക്കുള്ളത്. ഇപ്പോൾ ബീനാ കണ്ണൻ്റെ കീഴിൽ കഴിവുറ്റ മാനേജർമാരുണ്ട്. ഓരോ നിമിഷവും ബീനാ കണ്ണൻ ശീമാട്ടിയുടെ മുഖം മിനുക്കുന്നതിൽ അവിരാമം പ്രവർത്തിക്കുന്നു.

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയുള്ള ഫാഷൻ ലോകം എന്ന നിലയ്ക്കാണ് കൊച്ചിയിൽ ശീമാട്ടി തുറന്നത്. രണ്ടുവർഷത്തിനുള്ളിൽ ശീമാട്ടിയുടെ സമ്പന്നരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ തയ്യാറാക്കിക്കൊടുക്കുന്ന തയ്യൽ യൂണിറ്റ് ശീമാട്ടി തുറന്നു. ഹോളിവുഡിലും ബോളിവുഡിലും ഉള്ള ഫാഷനുകൾ ചെറിയ വിലയ്ക്ക് ഉപഭോകതാക്കൾക്ക് ലഭ്യമാക്കി. ശീമാട്ടിയായിരുന്നു ആ ഫാഷനുകൾ തയ്യാറാക്കിയത്. ബോളിവുഡിലെ ഡിസൈനർ ലെഹംഗയും വെള്ളയും വിവിധ വർണ്ണങ്ങളും ഉള്ള ഗൗണുകളും വെള്ള സാരി മുതൽ ഡിസൈനർ ഡ്രസ്സുകൾ വരെയും ശീമാട്ടിയിൽ ഒരുങ്ങി. എംബ്രോയഡറിയും കല്ലുകളും പുതമയാർന്ന തുണിത്തരങ്ങളും ഇവയൊരുക്കാൻ ഉപയോഗിച്ചു. അങ്ങനെ സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുന്ന പുതിയ പുതിയ ഫാഷനുകൾ ശീമാട്ടിയിൽ ഒരുങ്ങി. ഈ മാഗസിൻ്റെ കവർ പേജിൽ ബീനാകണ്ണൻ അണിഞ്ഞിരിക്കുന്നത് അവരുടെത്തന്നെ ബുട്ടീക് ആയ കട്ട്സ് ആൻഡ് ഫിറ്റ്സിൻെറ ശ്രേണിയിൽ നിന്നുമുള്ളതാണ്.

2005 ശീമാട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ മാറ്റത്തിൻ്റെ വർഷമായിരുന്നു. അന്ന് ശാദി കി ഹവേലി എന്ന പേരിൽ വിവാഹസാരികളുടെ വലിയ മേള ശീമാട്ടിയിൽ നടന്നു. ഇത് പരസ്യവ്യവസായത്തേയും പിടിച്ചുലച്ചു. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ, കൈയിൽ നെയ്ത സിൽക്ക് സാരി (ഏകദേശം 500 മീറ്റർ നീളം ) 2007 ൽ ഒരുങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ഷോറൂമുകളിൽ ഒന്നായി ശീമാട്ടിയെ സിഎൻബിസി തിരഞ്ഞെടുത്തു. 2010ൽ ശീമാട്ടിയുടെ നൂറാം വാർഷികമായിരുന്നു. 35 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തെ അനുമോദിച്ച്‌കൊണ്ട് വലിയ അംഗീകാരങ്ങളും അഭിനന്ദനങ്ങളും ബീനയെത്തേടിയെത്തി. ഈറോഡ് കോയമ്പത്തൂർ വീവേഴ്‌സ് കമ്മ്യൂണിറ്റിയിൽ നിന്നും ലൈഫ് ടൈം അചീവ്‌മെൻ്റ അവാർഡ് നേടി. ഇന്ത്യ ട്രേഡ് ഫെയർ ഫൗണ്ടേഷന്റെ സാരി അവാർഡും ബീനാ കണ്ണൻ നേടി. ടൈംസ് ഗ്രൂപ്പിൻ്റെ വുമൻ ഓഫ് സബ്സ്റ്റൻസ് എന്ന അവാർഡും ബീനയെ തേടിയെത്തി. ഫാഷൻ മന്ത്രയുടെ ബെസ്റ്റ് വുമൻ ഓൺട്രിപ്രെന്യൂർ അവാർഡും ബീനയ്ക്ക് ലഭിച്ചു. ജൂനിയർ ചേംബറിൽ നിന്നും നിരവധി അവാർഡുകൾ ലഭിച്ചു. കൊച്ചിയിലെ ആഘോഷം ബീന കണ്ണൻ മറ്റ് മെട്രോ നഗരങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും യുഎസിലേക്കും കൂടി നീട്ടി. നൂറാം വാർഷിക ഫാഷൻ ഷോയിൽ സമീര റെഡ്ഡി, സ്‌നേഹ മറ്റ് പ്രമുഖ മോഡലുകൾ എന്നിവർ പങ്കെടുത്തു. ക്വീൻ ഓഫ് സിൽക്‌സ്, എക്‌സലൻസ് ഇൻ സിൽക്‌സ് എന്നീ അവാർഡുകൾ യഥാക്രമം നോർത്ത് അമേരിക്കയിലെ പ്രവാസി കേരളാ അസോസിയേഷനും മേരിലാൻഡ് വാഷിംഗ്ടൺ ശാഖയും നൽകി ആദരിച്ചു. വിദ്യാർത്ഥികൾക്ക് ഒരു ഡിസൈനിംഗ് മത്സരം ബീന സംഘടിപ്പിച്ചു. പേൾ അക്കാദമിയും സെൻ്റ തെരേസാസുമാണ് വിജയികളായത്. 2016 ൽ ബീനാ കണ്ണൻ്റെ ‘ഉപഭോക്താവ് തന്നെ മോഡൽ’ എന്ന പരിപാടിയുടെ മൂന്നാം വാർഷികം ആഘോഷിക്കുകയുണ്ടായി. ശീമാട്ടി എന്ന ബ്രാന്റിന് വിശ്വാസ്യതയും ആധികാരികതയും സമ്മാനിക്കാൻ ഇതിനായി. 2016 ലെ ബനാറസി കാഞ്ചീപുരം ക്യാമ്പയിന് ലോകത്ത് എല്ലായിടത്തുനിന്നുമുള്ള ഉപഭോക്താക്കൾ പങ്കെടുത്തു. 2014 മുതൽ ഓരോ വർഷവും ബീനയുടെ ബ്രൈഡൽ ഷോകൾ നടന്നു വരുന്നു. മന്ദീര ബേഡി, ഊർമ്മിള മാതോംങ്കർ, സ്‌നേഹ, റിമ കല്ലിങ്ങൽ, ദീപിക പാദുകോൺ, ജാക്വിലിൻ ഫെർണാണ്ടസ്, ലിസ ഹെയ്ഡൻ, സമീറ റെഡ്ഡി, സൊണാലി ബെന്ദ്രെ എന്നിവർ അംബാസഡർമാരായോ പരസ്യമോഡലുകളായോ മാറി. എഴുത്തുകാരി കമലാദാസ് (മാധവിക്കുട്ടി) ബീനയെക്കുറിച്ച് ഒരിക്കൽ കുറിച്ചു- മറ്റാർക്കും കഴിയാത്തവിധം ബീനകണ്ണൻ തെക്കേയിന്ത്യയിൽ ടെക്‌സ്‌റ്റൈൽ റീട്ടെയിലിംഗിനെ സ്ഥാപനവൽക്കരിച്ചു. മൈൻഡ് ട്രീ സ്ഥാപകനായ സുബ്രതോ ബാഗ്ചി ശീമാട്ടിയെ ഒരു കേസ് സ്റ്റഡിയാക്കി മാറ്റി. വിജയകരമായി റീടെയിൽ ബിസിനസിനെ എങ്ങനെ വലിയ തോതിൽ ചെയ്യാമെന്നതിൻ്റെ ഉദാഹരണമായിരുന്നുവത് . ഹിന്ദു പത്രത്തിലെ ലേഖിക പ്രേമ മൻമഥൻ ബീനയുടെ ബ്രൈഡൽ സാരികളിൽ ഫാഷൻ്റെ ചലനങ്ങൾ കണ്ടെത്തി.

ഭാവിയിൽ ബിസിനസുകാരികളാവാൻ മോഹിക്കുന്ന സ്ത്രീകൾ ഇപ്പോഴും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ബീനാ കണ്ണനെ തന്നെയാണ് എന്നുള്ളതാണ് വസ്തുത.

അവരുടെ രോഗിയായ ഭർത്താവിന് ക്യാൻസർ രോഗമാണെന്ന് തിരിച്ചറിഞ്ഞശേഷം ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ബീനകണ്ണന് ആശുപത്രിയും വീടും മാത്രമേ ലോകമായുണ്ടായിരുന്നുള്ളു . ആശുപത്രിയിൽ ഭർത്താവിനെ പരിചരിക്കുക. അതിന് ശേഷം വീട്ടിൽ കുട്ടികളെ പരിചരിക്കുക ഇതായിരുന്നു ദിനചര്യ. ജീവിതത്തിലെ ആ കഠിനദിനങ്ങളിൽ അവർ കുറെ കരഞ്ഞു. ആ നാളുകളിൽ അവർക്ക് പ്രചോദനത്തിനായി മുറുകെപിടിക്കാൻ സ്ത്രീകളായ റോൾ മോഡൽ ആരും ചുറ്റിലില്ലായിരുന്നു. സങ്കടത്തിൻ്റെ ആ എട്ട് വർഷങ്ങളിൽ അവർ ഒരു കാര്യം അറിഞ്ഞു. അവർ ഈ ലോകത്ത് ഏകയാണെന്ന സത്യം.

2 നും 11നും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളെ ഒറ്റയ്ക്ക് വളർത്തിക്കൊണ്ടുവരിക എന്നത് ചെറിയ കാര്യമായിരുന്നില്ല. ഇന്ന് ബീനാ കണ്ണൻ എന്ന പേര് സഹനത്തിൻ്റെയും ശക്തിയുടെയും പര്യായപദമാണ്. കരുത്ത് നേടാൻ പരിശ്രമിക്കുന്ന എല്ലാ സ്ത്രീകൾക്കുമുള്ള പ്രചോദനത്തിൻ്റെ പാരമ്യതയാണ് ഈ പേര്. നിങ്ങളുടെ ഓരോ ചുവടുവെപ്പുകളും ശ്രദ്ധയോടെ വെക്കുക, പങ്കാളികളെ ഉറപ്പാക്കുക, സ്വന്തം കഴിവിൽ വിശ്വസിക്കുക….എന്തൊക്കെ വന്നാലും ശരിയായി എടുത്ത തീരുമാനങ്ങളനുസരിച്ച് കൂസാതെ മുന്നേറുക. എല്ലാ കരുത്തും നിങ്ങളുടെ ഉള്ളിലുണ്ട്. പുറത്ത് തിരയരുത്. ഒപ്പം സത്യസന്ധമായിരിക്കുക. വിമർശനങ്ങളും പരിഹാസങ്ങളും നേരിടുമ്പോഴും പതറാതിരിക്കുക. അമ്മയായാലും ഭാര്യയായാലും മകളായാലും വ്യവസായസംരംഭകയായാലും നിങ്ങളിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്വം ഫലപ്രദമായി നിറവേറ്റുക. നിങ്ങളുടെ മനസ്സിനെ ഫ്രഷ് ആയി നിലനിർത്താൻ നിങ്ങളുടെ താൽപര്യങ്ങൾ പിന്തുടരുക. ഓരോ ദിവസവും വരുന്നതുപോലെ നേരിടുക. ഇതൊക്കെയാണ് ബീനാ കണ്ണൻ്റെ ജീവിതം നൽകുന്ന പാഠങ്ങൾ.

പരസ്യങ്ങളിൽ സ്ത്രീകളുടെ മുഖം കൊണ്ടുവന്നതിന് പിന്നിലും കൃത്യമായ ലക്ഷ്യങ്ങൾ ശീമാട്ടിക്കുണ്ട്. ശീമാട്ടിയുടെ കരുത്തായ സ്ത്രീകൾക്ക് പുറമെ പുരുഷന്മാരായ ഉപഭോക്താക്കളെക്കൂടി ആകർഷിക്കുക. അവരിപ്പോഴും അവർക്ക് പ്രചോദനം പകരുന്ന വഴികളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു. ഭരതനാട്യം, കുതിരയോട്ടം, ആത്മീയത, ഭക്തി ഇതെല്ലാം അവരുടെ ഇഷ്ടപഥങ്ങൾ തന്നെ. ഇഷ്ടങ്ങൾ പിന്തുടരുന്നതിൽ പ്രായം തടസ്സമാകരുതെന്നും ബീനാ കണ്ണൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ആവേശം നൽകുന്ന കാര്യങ്ങൾ ചെയ്തുതീർക്കാൻ നിങ്ങളുടെ മനസ്സും ശരീരവും ഫിറ്റായിരിക്കണമെന്നും അവർ വിശ്വസിക്കുന്നു.

.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.