അഭിഭാഷകരംഗത്തെ ബഹുമുഖപ്രതിഭ ; അഡ്വക്കേറ്റ് എ പി വാസവൻ

അഭിഭാഷകരംഗത്തെ ബഹുമുഖപ്രതിഭ ; അഡ്വക്കേറ്റ് എ പി വാസവൻ

തൃശ്ശൂർ ജില്ലയിലെ പാലയ്ക്കലിൽ പ്രഭാകരൻ – രാധ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തമകനായി ജനനം. തൃശ്ശൂരിൽ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂർ ബി എം എസ് ലോ കോളജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം 2001 ൽ അഭിഭാഷകനായി എൻട്രോൾ ചെയ്തു. പതിനായിരത്തിലധികം കേസുകൾ കൈകാര്യം ചെയ്തിട്ടുള്ളതിൽ ആയിരത്തിലധികം സെഷൻസ് കേസുകളും പതിനാല് കൊലപാതകക്കേസുകളും പോക്സോ കേസുകളും ഉൾപ്പെടുന്നു. തന്റെ ഇരുപത്തിമൂന്ന് വർഷത്തെ അഭിഭാഷകജീവിതത്തിൽ ഒട്ടേറെ പ്രമാദമായ കേസുകളിൽ ന്യായമായ വിധി നേടുകയും ചെയ്തിട്ടുണ്ട്. നിയമത്തോടൊപ്പം മനുഷ്യത്വത്തിനും നീതിക്കും സത്യസന്ധതയ്ക്കും പ്രാധാന്യം കൽപ്പിക്കുന്ന വ്യക്തിയും പ്രശസ്ത അഭിഭാഷകനുമായ അഡ്വക്കേറ്റ് എ പി വാസവനുമായി യൂണിക്‌ ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം.
അഭിഭാഷകവൃത്തിയിൽ താങ്കൾ കൈകാര്യം ചെയ്ത പ്രത്യേക വെല്ലുവിളി നിറഞ്ഞ ഒരു കേസും അതിന്റെ നിയമസങ്കീർണ്ണതകളും ഞങ്ങളുമായി പങ്കുവെയ്ക്കാമോ?
ഏറ്റവും സങ്കീർണ്ണതയുള്ള കേസ് എന്താണ് എന്നുചോദിച്ചാൽ അതൊരു പോക്സോ കേസ് ആണ്. വലിയ കോളിളക്കം സൃഷ്ടിച്ച തൃശ്ശൂർ പോക്സോ കേസ്. പ്രതി നിരപരാധിയാണെന്ന് പരിപൂർണ്ണബോധ്യമുള്ള കേസ് ആയിരുന്നുവതെന്നതാണ് ആ കേസിന്റെ പ്രത്യേകത. പോക്സോ കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അതിൽ ഇരയാക്കപ്പെട്ടയാൾ എന്തുപറയുന്നുവോ അതിനാണ് പ്രാധാന്യം കൊടുക്കുക. പ്രസ്തുതകേസിൽ കുറ്റാരോപിതനെതിരെ പെൺകുട്ടി ശക്തമായ തെളിവുകൾ നിരത്തിയിരുന്നു. വിചാരണയിൽ ആ പെൺകുട്ടി മറ്റാരെയോ രക്ഷിക്കാനായി ഈ ആൺകുട്ടിയെ ബലിയാടാക്കുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഒടുവിൽ ആ കുറ്റാരോപിതൻ നിരപരാധിയാണെന്ന് തെളിയുകയും കോടതി അയാളെ നിരുപാധികം വിട്ടയ്ക്കുകയുമായിരുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് നിരപരാധിയാണെങ്കിൽ കഠിനമായി പരിശ്രമിച്ചാൽ സത്യം തെളിയിക്കാനാകുമെന്നത്.  

Advocate AP Vasavan
AP Vasavan

കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും അടിയന്തിരമായ ജുഡീഷ്യൽ പരിഷ്കാരങ്ങൾ ഏതൊക്കെയാണെന്നതാണ് താങ്കൾ കരുതുന്നത്?
കേരളത്തിലെ നിയമവ്യവസ്ഥിതി എന്നതിലുപരി ഇന്ത്യയിലെ പ്രധാന നിയമവ്യവസ്ഥിതി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കായിട്ട് പുതിയ നിയമസംഹിതകൾ നിലവിൽ വരുന്നുണ്ട്. ക്രിമിനൽ നടപടി നിയമത്തിലൊക്കെ വലിയ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. പുതിയ ക്രിമിനൽ നിയമങ്ങളിലെ മാനുവലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 ( Act. No.46 of 2023) ,ഭാരതീയ ന്യായസംഹിത,2023 ( Act. No.45 of 2023), ഭാരതീയ സാക്ഷ്യ അധിനിയം, 2023 ( Act. No.47 of 2023) തുടങ്ങിയവ നിലവിൽ വരുന്നതോടുകൂടി ഇത്തരം പ്രശ്നങ്ങൾക്ക് വലിയ മാറ്റം വരുമെന്നാണ് എന്റെ വിശ്വാസം. കാരണം വികസിതരാജ്യങ്ങളിൽ നടക്കുന്നതുപോലെ ഒരു മധ്യസ്ഥതയിൽ പ്രശ്നങ്ങൾ സംസാരിച്ചുതീർപ്പുകൽപ്പിക്കുക എന്ന രീതിയിലേക്കാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കോടതിമുറികളുടെ വലിപ്പക്കുറവ് അസൗകര്യം ഉണ്ടാക്കുന്നുണ്ടെന്നതിനാൽ ഇവ വിശാലമായ ഹാളുകളിലേക്ക് മാറ്റണം എന്നതാണ് എന്റെ അഭിപ്രായം. മാത്രമല്ല, കേസ് വിസ്താരങ്ങൾ, തെളിവെടുപ്പ് പോലുള്ള കോടതിനടപടികൾ ഡിജിറ്റലൈസ് (വീഡിയോ എടുത്ത് സൂക്ഷിക്കുന്നതിന്) ആക്കുന്നതിനുള്ള നടപടികൾ ഏപ്രിൽ ഒന്നാം തിയതി മുതൽ പുതിയ നിയമവ്യവസ്ഥ പ്രാബല്യത്തിൽ വരുന്നതോടുകൂടി നടപ്പിലാകും. അതോടുകൂടി ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. 
ഇന്ത്യയിലെ സ്വകാര്യതാ നിയമങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ച്ചപ്പാട് എന്താണ്, ഭാവിയിൽ അവ വിപുലീകരിക്കുന്നതിന് എന്തൊക്കെയാണ് നിലവിൽ വരുത്തേണ്ടത്?
ഇന്ത്യയിലെ സ്വകാര്യതാ നിയമങ്ങൾ എന്നതിനെ സംബന്ധിച്ചു പറയുകയാണെങ്കിൽ നിയമവ്യവസ്ഥിതി സ്വകാര്യമായിട്ടു നടത്തുകയെന്നത് എളുപ്പമുള്ള വിഷയമല്ല. എന്നാൽ സ്ത്രീകളെ സംബന്ധിക്കുന്ന കേസുകളിൽ അതായത് ലൈംഗികാതിക്രമം, പോക്സോ തുടങ്ങിയ കേസുകളിൽ സ്വകാര്യത സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇരയാക്കപ്പെട്ടവരുടെ പേരുവിവരങ്ങളോ അവർ കൊടുത്ത മൊഴികളോ പബ്ലിക് ഡൊമൈനുകളിൽ ലഭിക്കില്ല. ഇത്തരം വിഷയങ്ങളിൽ ഇപ്പോൾത്തന്നെ ജാഗരൂകരാണ്. എന്നാൽ സോഷ്യൽ മീഡിയകളിലാണ് സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലുമുണ്ടാകുന്നത്. അതിന് നിലവിലുള്ള നിയമങ്ങൾ തന്നെ കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ വേറെ ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ക്രിമിനൽ നടപടി നിയമങ്ങളിലെ മാറ്റങ്ങളും ഐ പി സി, സി ആർ പി സി ഇതെല്ലം മാറി പുതിയ നിയമസംഹിത നിലവിൽ വരുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ അതിൽ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും ആ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷം വരുന്ന ബുദ്ധിമുട്ടുകൾ എന്താണെന്ന് മനസ്സിലാക്കിയതിനുശേഷമേ അതിൽ കൂടുതലായി വരുത്തേണ്ടമാറ്റങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി പറയാൻ സാധിക്കുകയുള്ളു.

Advocate AP Vasavan
AP Vasavan & Family

കേരളത്തിലെ നിയമവിദ്യാഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അവ എന്തൊക്കെയാണ് ?
നിയമവിദ്യാഭ്യാസസമ്പ്രദായത്തിൽ കേരളത്തിൽ മാത്രമായിട്ട് മാറ്റങ്ങൾ വരുത്തുകയെന്നത് പ്രായോഗികമല്ല. കാരണം കേരളത്തിന് മാത്രമായിട്ട് പ്രത്യേക നിയമമില്ലയെന്നുള്ളതാണ്. രാജ്യത്തുടനീളം ഒരു നിയമമാണല്ലോ നിലവിലുള്ളത്. കേരളത്തിലെ വിദ്യാഭ്യാസമേഖലയിലുണ്ടായിരുന്ന ഏറ്റവും വലിയ ന്യൂനത, സ്വകാര്യമേഖലയിൽ നിയമവിദ്യാഭ്യാസസ്ഥാപനങ്ങൾ ഇല്ലായിരുന്നുവെന്നുള്ളതാണ്. ഈ പ്രശ്നങ്ങൾ മറികടന്ന്‌ സ്വകാര്യമേഖലയിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ വന്നതോടുകൂടി കേരളത്തിലെ നിയമവിദ്യാഭ്യാസസമ്പ്രദായത്തെ ആഗോളവത്കരിച്ചു എന്നുവേണമെങ്കിൽ പറയാം. നിലവിൽ പഠനം നടത്താനുള്ള സ്ഥാപനം നമ്മുടെ ഇഷ്ടത്തിന് തെരഞ്ഞെടുക്കാമെന്നുള്ളതാണ്. നിയമവിദ്യാഭ്യാസത്തിന്റെ സമ്പ്രദായത്തെ സംബന്ധിച്ചാണെങ്കിൽ അതിനൊരുപാട് ന്യൂനതകളുണ്ട്. നിയമപഠനം കഴിഞ്ഞിറങ്ങി അഭിഭാഷകനായി എൻട്രോൾ ചെയ്യുന്ന ഒരാൾക്ക് കോടതിയെന്താണെന്നും കോടതിയുടെ നടപടിക്രമങ്ങൾ എന്താണെന്നും മനസ്സിലാക്കാനുള്ള വിദ്യാഭ്യാസരീതിയല്ല ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നത്. പ്രൊഫഷണൽ കോഴ്സുകളിൽ തിയറിയോടൊപ്പം പ്രാക്ടിക്കൽ പഠനത്തിന് ഊന്നൽ കൊടുക്കുന്നതുപോലെ നിയമപഠനത്തിലും പ്രാക്ടിക്കൽ പഠനത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. മൂവ്വായിരത്തിലധികം ആക്ടുകൾ തന്നെ പ്രാബല്യത്തിലുള്ള ഒരു രാജ്യമാണ് ഭാരതം. അതിനാൽ സ്വാഭാവികമായും മുഴുവൻ നിയമവും പഠിച്ച് ഒരാൾ അഭിഭാഷകനാകുക എന്നതും പ്രായോഗികമല്ല. പ്രധാനപ്പെട്ട നിയമങ്ങൾ പഠിക്കുന്നതിനോടൊപ്പം അത് പ്രായോഗികമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നതുകൂടി പുതിയ വിദ്യഭ്യാസസമ്പ്രദായത്തിൽ ഉൾപ്പെടുത്തണമെന്നതാണ് എന്റെ അഭിപ്രായം. എന്റെ പഠനകാലത്ത് ഈ രീതിയുണ്ടായിരുന്നില്ല. എന്നാലിപ്പോൾ കുറച്ചൊക്കെ പ്രാക്ടിക്കലിന് ഊന്നൽ കൊടുക്കുന്നുണ്ട് . ഈ രീതി കുറച്ചുകൂടി വിപുലീകരിച്ച് പാഠ്യഭാഗത്തിലുൾപ്പെടുത്തുന്നത് നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. 

Advocate AP Vasavan
AP Vasavan

താങ്കളുടെ അഭിപ്രായത്തിൽ ഒരു മികച്ച അഭിഭാഷകനുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്?
ഒരു മികച്ച അഭിഭാഷകന് വേണ്ടുന്ന ഗുണങ്ങൾ എന്തെന്ന് ചോദിച്ചാൽ ഒന്നാമതായി നിയമം നന്നായി വശമാക്കിയിട്ടുള്ളയാളായിരിക്കണം. നിയമത്തിൽ അപ്‌ഡേഷൻ (സമകാലികമായ നിയമമാറ്റങ്ങൾ നന്നായിട്ട് അറിഞ്ഞിരിക്കണം) ഉണ്ടായിരിക്കണം. അതായത് ബഹു. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പുതിയ വിധികളും അവയുടെ നിയമത്തിൽ എന്തൊക്കെ പുതുക്കൽ വരുന്നു എന്നുള്ളത് യഥാസമയം അറിഞ്ഞിരിക്കണമെന്നത് പ്രധാനമാണ്. മൂന്നാമതായി തങ്ങളെ സമീപിക്കുന്ന കക്ഷികളോട് വിട്ടുവീഴ്ചയില്ലാതെ 100 ശതമാനം ആത്മാർഥത പാലിക്കുകയെന്നുള്ളതാണ്. നാലാമതായി കക്ഷി ഏൽപ്പിക്കുന്ന കേസ് നന്നായി പഠിക്കുകയും സംശയമുള്ള കാര്യങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുകയും ചെയ്യുകയെന്നുള്ളതാണ്. ഈ കാലഘട്ടത്തിൽ നടക്കുന്ന, ഞാൻ മനസ്സിലാക്കിയിട്ടുള്ള ഒരു ദുഷിച്ച പ്രവണത എന്തെന്നാൽ പണം ഉണ്ടാക്കുക എന്നതാണ്. നമ്മുടെ പ്രവർത്തിയിൽ സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ പണം നമ്മുടെ പിന്നാലെ വരും . നമ്മൾ പണത്തിന്റെ പിന്നാലെ പോകേണ്ടകാര്യമില്ല. ഇരുപത്തിമൂന്ന് വർഷത്തെ എന്റെ അഭിഭാഷകവൃത്തിയിൽ നിന്നുള്ള അനുഭവത്തിൽ നിന്നും പറയുന്നതാണിത്. ഈ ഒരു കാര്യം ഒഴിവാക്കിയാൽ അഴിമതി സ്വജനപക്ഷപാതം എന്നിവ വളരെ കുറവായിരിക്കും. അതായത് ഒരു കേസ് വിസ്തരിക്കുകയാണെങ്കിൽ അത് നടക്കുന്നത് ഒരു സ്വകാര്യയിടത്തല്ല പബ്ലിക് ആയിട്ടുള്ള ഇടത്താണ്.
താങ്കളെ ആകർഷിച്ചതും നിയമപരമായി ബഹു. കേരളാഹൈക്കോടതി സമീപകാലത്തു കൈക്കൊണ്ട ഒരു മാതൃകയുടെ ഗുണഫലങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദമാക്കാമോ?
എന്റെ ഓർമ്മയിൽ പെട്ടന്നുവരുന്ന, നിയമപരമായി ബഹുമാനപ്പെട്ട കേരളാഹൈക്കോടതി അടുത്തിടെ കൈക്കൊണ്ട തീരുമാനം ഒരമ്മ സ്വന്തം കുഞ്ഞിനെ ലൈംഗീകമായി പീഢിപ്പിച്ചു എന്ന് കുഞ്ഞിന്റെ അച്ഛൻ കൊടുത്ത പരാതിയിൽ ആ അമ്മയ്‌ക്കെതിരെ കേസെടുത്തു. ആ കേസിൽ ആ അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ബഹു. ഹൈക്കോടതി ജഡ്‌ജ്‌ ഷെർസി മാഡം ആ അമ്മയ്ക്ക് ജാമ്യം അനുവദിക്കുക മാത്രമല്ല ഒരു സ്പെഷ്യൽ ടീമിനെക്കൊണ്ട് ഇത് അന്വേഷിപ്പിക്കണം എന്നൊരു പ്രത്യേകനിർദ്ദേശം കൂടി നൽകുകയുണ്ടായി. ബഹു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ റിപ്പോർട്ട് സമർപ്പിക്കണം എന്ന വളരെ സ്ട്രോങ്ങ് ആയിട്ടൊരു തീരുമാനം ബഹു. ഹൈക്കോടതി ജഡ്‌ജ്‌ ഷെർസി മാഡം ആ കേസിലെടുക്കുകയും, പോലീസ് അതന്വേഷിക്കുകയും ആ കേസിൽ അമ്മ നിരപരാധിയാണെന്നും അച്ഛൻ ആ കുഞ്ഞിനെക്കൊണ്ട് നുണ പറയിച്ചതാണെന്നും ആ കേസ് കെട്ടിച്ചമതാണെന്നും തെളിയുകയുണ്ടായി. ഈ കേസ് ഒരു മാതൃകയാണ്. ഏറ്റവും കൂടുതൽ ദുർവിനിയോഗം ചെയ്യുന്നതും പോക്സോ നിയമമാണ്. വൈരാഗ്യം ഉള്ളവരോട് കുഞ്ഞുങ്ങളെ ഉപയോഗിച്ച് കള്ളക്കേസുകൾ കൊടുത്താൽ പിന്നൊരിക്കൽ സത്യാവസ്ഥ തെളിയിക്കാനുള്ള അവസരമുണ്ടെന്നും കള്ളക്കേസ് കൊടുക്കുന്നയാളുടെ പേർക്ക് നിയമനടപടികൾ ഉണ്ടാകുമെന്ന് മനസ്സിലാക്കാൻ ഉതകുന്നതുമായിരുന്നു പ്രസ്തുതകേസ്. പല പൊതുജനകാര്യവിഷയങ്ങളിലും ബഹു. ഹൈക്കോടതിയിടപെടുകയും കേസ് എടുക്കുകയും ചെയ്ത സംഭവങ്ങളും ഇഷ്ടംപോലെ ഉണ്ടായിട്ടുണ്ട്. പ്രത്യാഘാതങ്ങൾ എന്തെന്ന് ചോദിച്ചാൽ ഒരു പരിധിവിട്ട് കോടതികൾ മറ്റ് കാര്യങ്ങളിൽ ഇടപെടുന്നതും ശരിയല്ല എന്നുള്ളതാണ്. 
ഗോവിന്ദച്ചാമി പോലുള്ള കുറ്റവാളികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് സസുഖം ജയിലുകളിൽ വാഴുമ്പോൾ പൊതുജനത്തിന് നിയമവ്യവസ്ഥയോടുള്ള ബഹുമാനവും ഭീതിയും നഷ്ട്ടപ്പെടുകയല്ലേ? ഈ സാഹചര്യത്തിൽ ഇന്ത്യൻ നിയമവ്യവസ്ഥ പരിഷ്കരിക്കേണ്ടതുണ്ടോ?
ഗോവിന്ദച്ചാമിയുടെ കേസിൽ ചില നിയമപരമായ നീതിയുള്ളതുകൊണ്ടാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി അദ്ദേഹത്തെ തൂക്കിലേറ്റേണ്ട എന്ന വിധിയിലെത്തുകയും അദ്ദേഹത്തിന് ശിക്ഷയിളവ് നൽകുന്നതും. ഗോവിന്ദച്ചാമിയുടെ കാര്യം തന്നെയെടുത്താൽ വളരെ ശോഷിച്ച് ഭിക്ഷക്കാരനായിരുന്ന ഒരാൾ ജയിലിൽ കിടന്ന് ഭക്ഷണം കഴിച്ച് തടിച്ചുവീർത്ത് സുന്ദരനായി നമ്മൾ കണ്ടതാണ്. അങ്ങനെയുള്ള കാര്യങ്ങൾ കാണുമ്പോൾ വിഷമമുണ്ടാകും എന്നതിൽ തർക്കമില്ല. വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കൃത്യമായ ശിക്ഷ നല്കാൻ പാകത്തിലുള്ള നിയമം തന്നെയാണ് നമുക്കുള്ളത്. എന്റെ അനുഭവത്തിൽ ലോകത്തിലേക്കും ഏറ്റവും കൃത്യമായ നിയമവ്യവസ്ഥ ഇന്ത്യയിലേതാണ്. പുതിയ നിയമവ്യവസ്ഥ പരിഷ്കരണം വരുന്നതോടുകൂടി മികച്ചതാകും. അപരാധികൾ ശിക്ഷിക്കപ്പെടുക എന്നതിലുപരി നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കുക എന്നുള്ളതാണ് നമ്മുടെ നിയമവ്യവസ്ഥ മുറുകെപ്പിടിക്കുന്ന മോട്ടോ. അത് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ് . ഇന്ത്യൻ നിയമവ്യവസ്ഥയിൽ പഴുതുണ്ടെന്ന് നമുക്കൊരിക്കലും പറയാൻ സാധിക്കില്ല. പഴുതുകൾ കുറെയൊക്കെ ഉണ്ടാക്കപ്പെടുന്നവയാണ്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണെങ്കിലും കൃത്യമായി ചെയ്യുകയാണെങ്കിൽ നന്നായി നിർവ്വഹിക്കാൻ സാധിക്കുന്നതാണ് നമ്മുടെ നിയമവ്യവസ്ഥ. നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമവ്യവസ്ഥയായതിനാൽ കുറച്ചു പരിഷ്‌കരണങ്ങൾ ആവശ്യമായിരുന്നു. അത് പുതിയ നിയമവ്യവസ്ഥ പരിഷ്കരണങ്ങൾ വരുന്നതോടുകൂടി അത് പരിഹരിക്കപ്പെടും.

Advocate AP Vasavan
AP Vasavan

പല പ്രമാദമായ കേസുകളിലും നിയമവ്യവസ്ഥ നീതിയുക്തമല്ല എന്ന് പൊതുജനത്തിന് തോന്നിയ്ക്കുന്നതായ തരത്തിലുള്ള സംഭവങ്ങൾ ഇപ്പോൾ നടക്കുന്നതുണ്ടല്ലോ ? അതേക്കുറിച്ച്.
മുൻപ് ഞാൻ സൂചിപ്പിച്ചതാണ്. പല കേസുകളിലും നമുക്ക് ഈ വിധി പോരാ എന്ന് നമുക്ക് തോന്നും കാരണം ആ കേസിനെക്കുറിച്ച് നമുക്കുള്ള അറിവ് പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണ്. ഉദാഹരണത്തിന് ദിലീപിന്റെ കേസ് തന്നെയെടുക്കാം. ആ കേസിൽ ദിലീപ് എന്താണ് ചെയ്തിട്ടുള്ളതെന്ന് കൃത്യമായി അറിയുന്ന ഒരാളാണ് ഞാൻ . അതായത് മാധ്യമങ്ങളിൽ വന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ട് അറിയാമെന്നതാണ്. ആ കേസിൽ നമ്മൾ ഉദ്ദേശിക്കുന്നതുപോലെ അദ്ദേഹത്തെ പിടിച്ച് തടവിലാക്കി പുറത്തുവിടാതിരിക്കുന്ന സാഹചര്യങ്ങൾ ഇല്ല. എന്നാൽ പത്രങ്ങളിൽ വന്ന വാർത്തകളുടെ ഗ്രാവിറ്റി അത്രയ്ക്കുണ്ട്. സത്യം അതല്ല. ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു കേസ് ആണല്ലോ ഹൈറിച്ച് കേസ് . ഈ കേസിൽ ഹൈറിച്ച് 1200 കോടി രൂപ ജനങ്ങളെ പറ്റിച്ചുവെന്നും അവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 600 കോടി മരവിപ്പിച്ചുവെന്നും മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞെട്ടലോടെയാണ് ജനങ്ങൾ വായിക്കുന്നതും കേൾക്കുന്നതും. ഹൈറിച്ചിനെതിരെ ഒരു ഇടപാടുകാരും ഇതുവരെ ഒരു പരാതിപോലും കൊടുത്തിട്ടില്ലയെന്നുള്ളതാണ് സത്യാവസ്ഥ. ആ കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ കാശിനുവേണ്ടി ചെയ്തതാണ്. പ്രമാദമായ കേസുകൾ എന്ന നമ്മൾ ഉദ്ദേശിക്കുന്നത് പത്രമാധ്യമങ്ങളിലൂടെ കൽപ്പിക്കുന്ന പ്രമാദത്വമാണ്. കേസിന്റെ കേസ് ഫയൽ പരിശോധിച്ചാൽ ഈ പറയുന്ന ഒന്നും അതിൽ ഉണ്ടാകില്ല. ഉദാഹരണത്തിന്, മെത്രാൻ പീഢിപ്പിച്ചു എന്ന കേസ്. ഇതിന്റെ ജഡ്ജ്‌മെന്റ് വായിച്ചപ്പോൾ എനിക്കത്ഭുതം തോന്നി. ജഡ്‌ജ്‌മെന്റിൽ പറഞ്ഞിരിക്കുന്നതൊന്നും പത്രമാധ്യമങ്ങളിൽ വന്നിട്ടില്ല. മെത്രാൻ നിരപരാധിയായിരുന്നു. പ്രമാദമായ കേസുകൾ എന്നത് കേസിന്റെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്കേണ്ടത്. അല്ലാതെ പത്രമാധ്യമങ്ങളുടെ വാർത്തകളുടെ അടിസ്ഥാനത്തിലല്ല. 
കേസുകളുടെ കാലതാമസം ഒഴിവാക്കാൻ എന്തെക്കെ നടപടികൾ സ്വീകരിക്കണമെന്നാണ് താങ്കൾ കരുതുന്നത് ?
നമ്മുടെ നിയമവ്യവസ്ഥയിൽ പൊതുവിൽ പറഞ്ഞുകേൾക്കുന്ന ഒരു നെഗറ്റീവ് വിഷയം കേസുകളുടെ കാലതാമസം എന്നത്. അതിന് ഒരു പ്രതിവിധിയാണ് നിയമവ്യവസ്ഥയുടെ പരിഷ്‌കരണം. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന ക്രിമിനൽ നിയമങ്ങളിലെ മൂന്ന് നിയമ പരിഷ്കരണവും പ്രാബല്യത്തിൽ വരാൻ പോകുന്ന സിവിൽ നിയമങ്ങളിലെ പരിഷ്കരണവും. താമസം വിനാ കേസുകൾ തീർപ്പാക്കാൻ വേണ്ടുന്ന നടപടികളാണ് പ്രാബല്യത്തിൽ വരുന്നത്. ലോകഅദാലത്തുകൾ, മീഡിയേഷൻ സെന്ററുകൾ എന്നിവ ഒന്നുകൂടി വിപുലീകരിക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പുതിയ നിയമം വരുമ്പോൾ രണ്ടുപേർ തമ്മിലുണ്ടാകുന്ന തർക്കത്തിന് അവർ രണ്ടുപേരും കൂടി തീരുമാനിക്കുന്ന ഒരാൾക്ക് മധ്യസ്ഥത വഹിക്കാം. അതുപറ്റില്ലെങ്കിൽ നിയമവ്യവസ്ഥ അംഗീകരിക്കുന്ന മധ്യസ്ഥന്റെ സേവനം ആവശ്യപ്പെടാം. അതുമല്ലെങ്കിൽ സർക്കാർ നിയമിച്ചിരിക്കുന്ന മധ്യസ്ഥന്റെ സേവനം സ്വീകരിക്കാം. ഇതൊന്നും പറ്റില്ലെങ്കിൽ മാത്രമാണ് കോടതിയിലേക്ക് ആ കേസ് എത്തുകയുള്ളൂ. ഈ സമ്പ്രദായം നിലവിൽ വന്നാൽ കോടതികളിൽ ഇപ്പോൾ ഉള്ള കേസുകളുടെ എണ്ണത്തിൽ പകുതിയോളം കുറയ്ക്കാൻ സാധിക്കും. നടപടിക്രമങ്ങളിൽ കാലതാമസമുണ്ട് എന്ന ഞാൻ കരുതുന്നില്ല. ഒരു സ്യൂട്ട് ഫയൽ ചെയ്താൽ മുപ്പത് ദിവസത്തിനുള്ളിൽ അതിന്റെ കൗണ്ടർ ഫയൽ ചെയ്യേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ കേസിന്റെ രേഖകളെല്ലാം സംഘടിപ്പിച്ചുവരുമ്പോൾ മുപ്പതുദിവസം കഴിഞ്ഞിട്ടുണ്ടാകും. വിവരാവകാശരേഖ ആവശ്യപ്പെട്ടാൽത്തന്നെ മുപ്പത് ദിവസങ്ങൾക്കുമേലെ എടുക്കും മറുപടി ലഭിക്കാൻ. മറ്റുചില സാങ്കേതികതടസങ്ങളും നിലനിക്കുന്നതിനാൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ കേസുകൾ പെട്ടന്ന് തീർപ്പാക്കുകയെന്നത് പ്രായോഗികമല്ല. ഒരു കേസ് വിസ്തരിക്കുന്നതിനുമുൻപ് താൽക്കാലികമായി വരുന്ന ഹർജ്ജികളിൽ തീർപ്പാക്കാതെ പെട്ടന്ന് ആ കേസുകളിൽ തെളിവെടുത്ത് തീർപ്പാക്കാൻ സാധിക്കില്ലല്ലോ. അങ്ങനെയുള്ള വിഷയങ്ങളിൽ പെട്ടന്ന് തീർപ്പാക്കുക എന്ന കാര്യം നിലവിലെ സ്ഥിതിയിൽ പ്രായോഗികമല്ല. ഒരു കേസിൽ വാദിക്ക് പ്രാധാന്യമുള്ളതുപോലെ കുറ്റാരോപിതർക്കും നിയമപരിരക്ഷയ്ക്ക് അവകാശമുണ്ട്.ഒരാൾക്കെതിരെ മറ്റൊരാൾ കള്ളക്കേസ് കൊടുക്കുകയാണെങ്കിൽ കുറ്റാരോപിതന് തന്റെ പേരിൽ കേസ് ഉണ്ടെന്ന് മനസ്സിലാക്കുന്നത് ചിലപ്പോൾ നോട്ടീസ് കിട്ടുമ്പോൾ ആയിരിക്കും. കുറ്റാരോപിതൻ നിരപരാധിയാണെങ്കിൽ അദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ട്. പെട്ടന്ന് വിധി വന്നുവെന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ തന്റെ ഭാഗം പറയാനുള്ള അവസരം ശിക്ഷിക്കപ്പെട്ടവന് നഷ്ട്ടമാകും. അതിനാൽ സ്വാഭാവികമായി രേഖകൾ ഹാജരാക്കാൻ കാലതാമസം വേണ്ടിവരും. നിലവിൽ മനപ്പൂർവ്വമായ കാലതാമസം ഉള്ളതായിട്ട് തോന്നുന്നില്ല. കോടതികളുടെ എണ്ണം ചെറിയ രീതിയിൽ വർദ്ധിപ്പിക്കേണ്ടതുണ്ട്. എന്നിരുന്നാലും തർക്കപരിഹാരശാലകൾ അദാലത്തുകൾ എന്നിവയുടെ എണ്ണം കൂടുന്നതോടുകൂടി തീർപ്പാക്കാനുള്ള കേസുകളുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്.
നിയമപരമായ ഇടപെടലുകളിലൂടെ സാമൂഹിക മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിലും സമകാലിക സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുമുള്ള ബഹു. കേരള ഹൈക്കോടതിയുടെ ഇടപെടലുകൾ വിശദമാക്കാമോ?
സമകാലിക സാമൂഹികപ്രശ്നങ്ങളിൽ ദ്രുതഗതിയിൽ ഇടപെടുന്ന ഒരു കോടതിയാണ് ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി. പ്രത്യേകിച്ചും വാഹനങ്ങളിൽ എയർ ഹോൺ ഉപയോഗിക്കുക, രാത്രി കാലങ്ങളിൽ വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് അടിക്കാതിരിക്കുക തുടങ്ങിയ ട്രാഫിക് കാര്യങ്ങളിലും, സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിക്കൊണ്ട് റോഡുകളിൽ വലിയ കമാനങ്ങൾ വെയ്ക്കുക , വെള്ളക്കെട്ടുകൾ തടയാൻ നീർച്ചാലുകൾ നിർമ്മിക്കാതിരിക്കുക തുടങ്ങിയ സാമൂഹിക വിഷയങ്ങളിലും അടുത്തകാലത്തായി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ശക്തമായി ഇടപെടുന്നുണ്ട്. അതുപോലെത്തന്നെ രാഷ്ട്രീയ അക്രമക്കേസുകളിലും രാഷ്ട്രീയകൊലപാതകക്കേസുകളിലും ഇവയ്‌ക്കെതിരെ ജ്യാമ്യാപേക്ഷ കേൾക്കുന്ന സമയത്തായാലും വിധികളുടെ സമയത്തായാലും ഇത്തരം സംഭവങ്ങൾ നിർത്തലാക്കാനായിട്ട് ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകമുൾപ്പെടെയുള്ള പല കേസുകളിലും കോടതിയുടെ ഈ ശക്തമായ ഇടപെടൽ വ്യക്തമായും മനസ്സിലാക്കാൻ സാധിക്കും. രാഷ്ട്രീയമായിട്ട് ആളുകളെ ആക്രമിക്കുക, ആളുകൾക്കെതിരെ കേസ് കൊടുക്കുക, ആളുകളെ ഉന്മൂലനം ചെയ്യുക തുടങ്ങിയവയ്‌ക്കെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി വളരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. അതുപോലെതന്നെ സർക്കാർ പൊതുജനങ്ങൾക്ക് മേൽ അമിതനികുതിഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെയും ബഹു. ഹൈക്കോടതി ശക്തമായി ഇടപെട്ടിട്ടുണ്ട്. പല സാമൂഹികപ്രശ്നങ്ങളിലും പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ബഹു. കേരളാ ഹൈക്കോടതിയിടപെട്ട് വളരെ പെട്ടന്ന് തീരുമാനങ്ങൾ എടുക്കുന്ന രീതി പ്രശംസനീയമാണ്. കോടതിയുടെ നാല് ചുവരുകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ മാത്രമല്ല സാമൂഹികമായി പുറത്തുനടക്കുന്ന വിഷയങ്ങൾ കൂടി ശ്രദ്ധയോടെ വീക്ഷിച്ച് ഇതിൽ ഇടപെട്ട് നടപടി സ്വീകരിക്കുന്ന രീതി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയ്ക്കുണ്ട്.

Advocate AP Vasavan
AP Vasavan

ഒരു മുതിർന്ന അഭിഭാഷകനും നിയമരംഗത്ത് വിപുലമായ അനുഭവപരിചയമുള്ള ഒരാളെന്ന നിലയിൽ പ്രൊഫഷണൽ നൈതികത ഉയർത്തിപ്പിടിക്കാൻ യുവ അഭിഭാഷകർക്ക് എന്ത് ഉപദേശമാണ് താങ്കൾക്ക് നല്കാനാകുക?
ഈ മേഖലയിലേക്ക് പുതിയതായി വരുന്ന അഭിഭാഷകർക്ക് ഒരു മുതിർന്ന അഭിഭാഷകൻ എന്നുള്ള നിലയ്ക്ക് എനിക്ക് രണ്ടുകാര്യങ്ങളാണ് പറയാനുള്ളത്. ഒന്ന് അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ. അതായത് എവിഡൻസ് ആക്‌ട്, ഐ പി സി, സി ആർ പി സി, സി പി സി, സിവിൽ റൂൾസ് ഓഫ് പ്രാക്റ്റീസ് ഇത്തരം അടിസ്ഥാനനിയമങ്ങൾ നന്നായി പഠിച്ചിരിക്കണം. കൂടാതെ നിരന്തരം ഇവയൊക്കെ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കണം. രണ്ടാമത്തേത് കോടതിയിൽ നടക്കുന്ന നടപടിക്രമങ്ങൾ കൃത്യമായി പഠിക്കാൻ ശ്രമിക്കക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. കക്ഷികളോട് നൂറ് ശതമാനം സത്യസന്ധമായിരിക്കണം. കക്ഷിയാണ് നമ്മുടെ ദൈവം എന്നുള്ള നിലയിൽ അവരെക്കാണണം.
തിരക്കുപിടിച്ച ജോലിയും വ്യക്തിജീവിതവും തമ്മിൽ എങ്ങനെ സമന്വയിപ്പിച്ചുകൊണ്ടു പോകുന്നുവെന്ന് വിശദമാക്കാമോ?
ഏറ്റവും മുതിർന്ന അഭിഭാഷകനായ അയ്യപ്പൻ പിള്ള സാറിനെ കാണാനിടയായി. അദ്ദേഹം തന്ന ഒരു ഉപദേശമാണ് തിരക്കുപിടിച്ച ജോലിയും വ്യക്തിജീവിതവും വിജയകരമായി മുന്നോട്ടുകൊണ്ടുപ്പോകാൻ എന്നെ സഹായിക്കുന്നത്. അന്ന് മൊബൈൽ ഫോണുകൾ പ്രചാരത്തിലായിത്തുടങ്ങിയ സമയമാണ്. അന്നദ്ദേഹം എന്നോട് പറഞ്ഞത് മൊബൈൽ ഫോൺ രാത്രി ഒൻപതുമണി മുതൽ രാവിലെ ഒൻപത് മണിവരെ ഓഫ് ചെയ്യതു വയ്ക്കണം. രാത്രി ഒൻപത് മണിക്ക് ശേഷം ഉറങ്ങുന്നതുവരെയുള്ള സമയവും രാവിലെ എഴുന്നേറ്റ് ഒൻപത് മണിവരെയുള്ള സമയവും കുടുംബത്തിന് വേണ്ടി ചെലവഴിക്കണം. അല്ലാതെ തിരക്കുപിച്ച പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പായുമ്പോൾ നമ്മളെ മക്കൾ തിരിച്ചറിയാതെപോയാൽ ജീവിതത്തിൽ സമ്പാദിച്ചുവച്ചതിനൊന്നും വിലയില്ലാതെപോകും. എൻറെ അറിവിൽ കേരളത്തിലെ ഏറ്റവും മുതിർന്ന അഭിഭാഷകന്റെ ഉപദേശം ഞാൻ സ്വീകരിക്കുകയും രാവിലെ എട്ടുമണിവരെ എന്റെ മക്കളോടൊപ്പം ചെലവഴിക്കാനും അവരെ സ്‌കൂളിലേക്ക് തയ്യാറാക്കി അയക്കാനും ഞാൻ ശ്രദ്ധിച്ചിരുന്നു. അതാണ് ഇന്ന് എന്റെ മക്കൾക്ക് എന്നോടുള്ള സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ഹേതു. ഈ സംഭവം തിരക്കുള്ള, ഞാൻ നാല് കുട്ടികളുടെ അച്ഛനായ ഒരു ജഡ്‌ജിയോട് ഞാൻ ഈ കാര്യങ്ങൾ പങ്കുവച്ചു. പിന്നീടൊരിക്കൽ ഓപ്പൺ കോർട്ടിൽ വെച്ച് അദ്ദേഹം എന്നെ എഴുന്നേൽപ്പിച്ചു നിർത്തുകയും ഞാനാണ് അദ്ദേഹത്തിന്റെ ഗുരു എന്ന് പറയുകയും തിരക്കിൽ കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യം ശ്രദ്ധിക്കാൻ ഒരു മന്ത്രം ഞാൻ പറഞ്ഞുകൊടുത്തുവെന്നും അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ 100 ശതമാനം വിജയമായിരുന്നുവെന്ന് പറയുകയും ചെയ്തു. ഇന്നും എന്റെ അനൗദ്യോഗികയാത്രകളിൽ എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടാകും. എൻറെ കക്ഷികളെയും വീട്ടിൽ വന്നുകാണാൻ അനുവദിക്കില്ലെന്ന് മാത്രമല്ല എന്റെ ജോലി. ജോലിസംബന്ധമായ കാര്യങ്ങളിൽ കുടുംബത്തെ ഇടപെടാനും അനുവദിക്കില്ല. 
താങ്കളുടെ വിജയത്തിന് പിന്നിലെ ശക്തി എന്താണ്?
തീർച്ചയായും എന്റെ കുടുംബമാണ് എന്റെ വിജയത്തിന് പിന്നിലെ ശക്തി. ഭാര്യ അഡ്വക്കേറ്റ് പ്രസര വാസവന്റെ ശക്തമായ പിന്തുണയാണ് എന്റെ ശക്തി. വ്യക്തി ജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും അവരുടെ നിർലോഭമായ പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്. അഭിഭാഷക എന്നതിലുപരി നല്ലൊരു കായികതാരമാണ് പ്രസര. വനിതാ ഐ പി എൽ ക്രിക്കറ്റിലെ ബെസ്റ്റ് പ്ലെയർ ആയിരുന്നു. അഭിഭാഷകരുടെ വനിതാ ഷട്ടിൽ ടൂർണമെന്റിൽ ഇത്തവണത്തെ ചാമ്പ്യനാണ്. മോഡലിംഗ്‌ ചെയ്തിട്ടുണ്ട്. ഭീമാ ജ്വല്ലറി, ടോണി ആൻഡ് ഗൈ എന്നിവയുടെ കസ്റ്റമർമോഡൽ ആയിരുന്നു. നല്ലൊരു ചിത്രകാരിയാണ്. ഇതിലെല്ലാമുപരി മികച്ചൊരു ഗായിക കൂടിയാണ്. ഞങ്ങൾക്ക് മൂന്ന് മക്കളാണുള്ളത്. വേദിത് വാസവൻ, സഹസ്ര് വാസവൻ, ദേവാൻഷി വാസവൻ.
അഭിഭാഷക മേഖലയിലേക്ക് എത്തപ്പെടാനുണ്ടായ പ്രചോദനം എന്താണ്?
ചെറുപ്പം മുതലേ വക്കീൽ ആകണമെന്ന മോഹം അച്ഛനിൽ നിന്നാണ് എനിക്ക് കിട്ടിയത്. ക്രമേണ ആ മോഹം എന്റെ തീവ്രമായ ആഗ്രഹമായി മാറുകയായിരുന്നു . എന്റെ അച്ഛന് ബാങ്കിൽ ജോലി കിട്ടുന്നതിനുമുൻപ് ഒരു വക്കീൽ ഓഫീസിൽ ജോലി നോക്കിയിരുന്നു. അച്ഛന്റെ ആഗ്രഹമായിരുന്നു തന്റെ മൂത്തമകനെ വക്കീലാക്കുകയെന്നത്. അങ്ങനെയാണ് ഞാൻ ഈ മേഖല തെരഞ്ഞെടുത്തത്

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.