ബുറെവി ചുഴലിക്കാറ്റ്; ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ജില്ലയില് കാറ്റിന് സാധ്യത
ബുറെവി ചുഴലിക്കാറ്റിൻ്റെ അടിസ്ഥാനത്തില് തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയിലാണ്. ഇന്ന് ഉച്ചയ്ക്ക് ജില്ലയില് കാറ്റിന് സാധ്യതയുണ്ട്. മുന്കരുതലിൻ്റെ ഭാഗമായി ജില്ലയില് 217 ദുരിതാശ്വാസ ക്യാംപുകള് തുറന്നിരിക്കുകയാണ്. 15,840 പേരെ പാര്പ്പിക്കാന് സാധിക്കും. പൊന്മുടിയിലെ ലയങ്ങളില് താമസിക്കുന്ന തോട്ടം തൊഴിലാളികളെ വിതുരയിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിൻ്റെ പശ്ചാത്തലത്തില് മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ നേതൃത്വത്തില് കലക്ടറേറ്റില് ഉന്നതതല യോഗം ചേര്ന്നു. കാറ്റിൻ്റെ വേഗത കുറയുന്നതിനാല് വലിയ നാശനഷ്ടമുണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറയുകയുണ്ടായി. എങ്കിലും ജാഗ്രതയില് ഒരു വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു. 20 പേരടങ്ങുന്ന ദേശീയ ദുരന്തപ്രതികരണ സേനയുടെ ടീം ജില്ലയിലുണ്ട്.
തീരദേശത്തെ മുന്കരുതലുകള് വിലയിരുത്താന് കലക്ടര് ഡോ.നവ്ജ്യോത് ഖോസ മുതലപ്പൊഴി, അഞ്ചുതെങ്ങ്, വലിയപള്ളി എന്നിവിടങ്ങള് സന്ദര്ശിക്കുകയും ചെയ്തു. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില് എല്ലാ സ്ഥാനാര്ഥികളും രാഷ്ട്രീയ പാര്ട്ടികളും പ്രചരണ ബോര്ഡുകള് സ്ഥാപിക്കുന്നത് കുറയ്ക്കണമെന്ന് കലക്ടര് നിര്ദേശിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

