സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ചെറിയ കേന്ദ്രങ്ങളില്‍ റജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും.

ഇന്നു മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിക്കും. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട്, മണമ്പൂർ, വര്‍ക്കല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.

വരും ദിവസങ്ങളിലും 100 പേരെ വച്ച്‌ 133 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ചില കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ എണ്ണം കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്.

ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്‌സിനേഷന്‍ തുടരാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് കോവിഡ് വാക്‌സിന്‍ കുത്തിവയ്‌പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്‌പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ കേന്ദ്രത്തിലും രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ നല്‍കുക. റജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്‌എംഎസ് ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച്‌ അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എഇഎഫ്‌ഐ (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തിരുന്നു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.