ബ്രഹ്മപുരം പ്ലാന്റിൽ ബയോ മൈനിങ്ങിന് അനുമതി, ടെൻഡർ 54.90 കോടിക്ക് സോൺട ഇൻഫ്രാടെക് കമ്പനിക്ക് .
ബ്രഹ്മപുരം പ്ലാന്റില് വര്ഷങ്ങളായി മലപോലെ കെട്ടിക്കിടക്കുന്ന മാലിന്യം ബയോ മൈനിങ് ചെയ്യാന് കോര്പറേഷന് പ്രവൃത്തി അനുമതി നല്കി. ഈ മാസം 30ന് നടപടി റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിൻറെ കര്ശന ഉത്തരവിൻറെ അടിസ്ഥാനത്തില് ചേർന്ന കോര്പറേഷന് കൗണ്സിലില് അഞ്ചര മണിക്കൂര് നീണ്ട ചൂടേറിയ ചര്ച്ചക്കൊടുവിലാണ് തീരുമാനം. സോണ്ട ഇന്ഫ്രാടെക് എന്ന കമ്പനിക്ക് 54.90 കോടിക്കാണ് ടെന്ഡര് ലഭിച്ചത്. യു.ഡി.എഫ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രവൃത്തിക്ക് അനുമതി നല്കിയത്.
ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവുപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില് ബയോ മൈനിങ്ങിന് അനുമതി നല്കാന് നഗരസഭക്ക് കര്ശന നിര്ദേശം നല്കിയിരുന്നു. ബയോ മൈനിങ് കരാര് തുകയില് പകുതി സംസ്ഥാന സര്ക്കാര് വഹിക്കും. ഇതോടൊപ്പം ബ്രഹ്മപുരത്തെ 20 ഏക്കര് ഭൂമി 27 വര്ഷത്തേക്ക് കെ.എസ്.ഐ.ഡി.സിക്ക് പാട്ടത്തിന് നല്കാനും കൗണ്സില് തീരുമാനിച്ചു.
വേസ്റ്റ് ടു എനര്ജി പദ്ധതി നടപ്പാക്കുന്നതിന് ഈ ഭൂമി കൈമാറണമെന്ന് സര്ക്കാര് ഉത്തരവിറക്കിയിരുന്നു. ജൂലൈ ഏഴിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് അടിയന്തര തീരുമാനം വേണമെന്ന് അറിയിച്ച സാഹചര്യത്തിലാണ് അടിയന്തര കൗണ്സില് ചേര്ന്നത്. ഭൂമി കൈമാറ്റവും യു.ഡി.എഫ് അംഗങ്ങള് ശക്തമായി എതിര്ത്തു. മാലിന്യപ്ലാന്റിൻെറ നടത്തിപ്പ് ചുമതല ഏല്പിക്കാന് നടത്തിയ ടെന്ഡറില് യോഗ്യരെ ലഭിക്കാത്തതിനാല് റീടെന്ഡര് ചെയ്യാനുള്ള കൗണ്സില് അജണ്ട മാറ്റിവെച്ചു. എട്ടുവര്ഷമായി കോര്പറേഷന് മാലിന്യസംസ്കരണം സംബന്ധിച്ച് തീരുമാനം എടുക്കാത്തതിനാലാണ് ദുരന്തനിവാരണ നിയമം അനുസരിച്ച് സര്ക്കാര് ചുമതല ഏറ്റെടുത്തതെന്ന് മേയര് അനില് കുമാര് വിശദീകരിച്ചു. ഈ മാസം 30ന് ഗ്രീന് ട്രൈബ്യൂണലിന് നടപടി റിപ്പോര്ട്ട് സംസ്ഥാന ചീഫ് സെക്രട്ടറി സമര്പ്പിക്കണം. അതിനുമുൻപ് വെള്ളിയാഴ്ച പ്രവൃത്തി ഉത്തരവ് സംബന്ധിച്ച റിപ്പോര്ട്ട് സമര്പ്പിക്കാന് ചീഫ് സെക്രട്ടറി നഗരസഭ സെക്രട്ടറിക്ക് അന്ത്യശാസനം നല്കിയിട്ടുണ്ട്. എട്ടു കേസാണ് ഹരിത ട്രൈബ്യൂണലിന് മുന്നില് കോര്പറേഷന് എതിരായി എത്തിയത്. കോര്പറേഷന് ഭരണഘടനാപരമായ ബാധ്യതയാണ് നിറവേറ്റുന്നത്. കോര്പറേഷന് ഫണ്ടില്നിന്ന് പദ്ധതിക്കായി പണം ചെലവഴിക്കേണ്ടി വന്നാല് കൗണ്സില് അംഗീകാരത്തോടെ മാത്രമേ ചിലവഴിക്കുകയുള്ളുവെന്നും മേയര് പറഞ്ഞു.
അതേസമയം, സോണ്ട ഇന്ഫ്രാടെക് കമ്പനിയെ തെരഞ്ഞെടുത്തതിന് പിന്നില് അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു. ടെന്ഡര് യോഗ്യതകള് പൂര്ത്തീകരിക്കാത്തതാണ് കമ്പനി . 21 കോടി, 30 കോടി എന്നിങ്ങനെ ടെന്ഡര് ചെയ്ത കമ്പനികളെ മാറ്റി 56 കോടിയുടെ ടെന്ഡറാണ് ഉറപ്പിച്ചത്. സര്ക്കാര് കോര്പറേഷൻറെ അധികാരം ഓരോന്നായി കവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

