ലോകകായികമാമാങ്കത്തിന് കൊടിയിറങ്ങുമ്പോള്‍..

ലോകകായികമാമാങ്കത്തിന് കൊടിയിറങ്ങുമ്പോള്‍..

”കൂടുതല്‍ വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ” എന്ന ഒളിമ്പിക് ആപ്തവാക്യം ഒത്തൊരുമയോടെ എന്നുകൂടി തിരുത്തിയെഴുതിയാണ് ഇത്തവണത്തെ ഒളിമ്പിക്സ് സംഘടിപ്പിച്ചിരിക്കുന്നത്.

ലോകജനതയെ ആകമാനം ദുരിതത്തിലാഴ്ത്തിയ മഹാമാരിയില്‍, കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന കായികമാമാങ്കത്തിന് ഒരുവര്‍ഷത്തിന് ശേഷം അതിജീവനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ജപ്പാനിലെ ടോക്ക്യോയില്‍ തിരിതെളിയു മ്പോള്‍ ലോകജനതയുടെ മനസ്സിലും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പൊന്‍പ്രഭ തെളിഞ്ഞു. ആബാലവൃദ്ധം ജനങ്ങളുടെയും ശ്രദ്ധ മുഴുവനും ടോക്യോയിലേക്ക് ചുരുങ്ങിയ പതിനേഴ് ദിവസങ്ങള്‍ക്ക് തിരശീല വീഴുമ്പോള്‍ മെഡല്‍ പട്ടികയില്‍ ഇടം നേടി ഭാരതവും അഭിമാനത്തിന്റെ ഉത്തുംഗശൃംഗത്തിലാണ്.


”കൂടുതല്‍ വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ” എന്ന ഒളിമ്പിക് ആപ്തവാക്യം ഒത്തൊരുമയോടെ എന്നുകൂടി തിരുത്തിയെഴുതിയാണ് ഇത്തവണത്തെ ഒളിമ്പിക്സ് സംഘടിപ്പിച്ചിരിക്കുന്നത്. സമാപനച്ചടങ്ങിലെ കായികതാരങ്ങളുടെ പരേഡില്‍ ഇന്ത്യന്‍ പതാകയേന്തിയത് ഗുസ്തി വെങ്കല മെഡല്‍ ജേതാവ് ബജ്രംഗ് പുനിയായാണ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മത്സരം പൂര്‍ത്തിയാക്കിയ ഓരോ താരവും 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന നിബന്ധനയുള്ളതിനാല്‍ പ്രമുഖതാരങ്ങളില്‍ പലര്‍ക്കും സമാപനച്ചടങ്ങില്‍ പങ്കെടുക്കാനായില്ല.


ഒളിമ്പിക്സിലെ ചരിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യയും മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഇന്ത്യ മെഡൽപ്പട്ടികയിൽ നാല്പത്തിയെട്ടാം സ്ഥാനത്താണ്. ഒരു സ്വര്‍ണ്ണം, രണ്ട് വെള്ളി, നാല് വെങ്കലം ഉള്‍പ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ആകെ 86 രാജ്യങ്ങളാണ് മെഡല്‍പട്ടികയില്‍ സ്ഥാനംനേടിയിട്ടുള്ളത്. ടോക്കിയോ ഒളിമ്പിക്സില്‍ 39 സ്വര്‍ണ്ണവും 41 വെള്ളിയും 33 വെങ്കലവും ഉള്‍പ്പെടെ 113 മെഡലുകള്‍ കരസ്ഥമാക്കി അമേരിക്ക മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനത്തും 38 സ്വര്‍ണ്ണവും 32 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 88 മെഡലുകള്‍ സ്വന്തമാക്കി ചൈന രണ്ടാം സ്ഥാനത്തും 27 സ്വര്‍ണ്ണവും 14 വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ 58 മെഡലുകളുമായി ആതിഥേയരായ ജപ്പാന്‍ മെഡല്‍പ്പട്ടികയില്‍ മൂന്നാംസ്ഥാനത്തുമാണ്.
മില്‍ഖാ സിങ്ങിനും പി ടി ഉഷയ്ക്കും നഷ്ടമായ സ്വപ്നം വര്‍ഷങ്ങള്‍ക്കിപ്പുറം നീരജ് ചോപ്രയിലൂടെ യാഥാര്‍ഥ്യമാകുമ്പോള്‍ ഭാരതത്തിലെ 130 കോടി ജനങ്ങളുടെ സ്വപ്നസാഷാത്കാരം സാധ്യമാകുകയായിരുന്നു.
നീരജ് ചോപ്രയുടെ സ്വര്‍ണമെഡല്‍ ഒളിമ്പിക് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക് മെഡലായി മാറിയിരിക്കുകയാണ്. 87.58 മീറ്റര്‍ ദൂരം പായിച്ചാണ് ഹരിയാന സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ നീരജ് ചോപ്ര പുരുഷ ജാവലിനില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫൈനലില്‍ ആദ്യ ശ്രമത്തില്‍ തന്നെ മികച്ച ദൂരം കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ നില കൂടുതല്‍ മെച്ചപ്പെടുത്തുകയായിരുന്നു. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരമാണ് താരത്തിന് കണ്ടെത്താനായത്. ആദ്യ റൗണ്ടിലും താരം ഒന്നാമതെത്തുകയും ചെയ്തു. പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരം കണ്ടെത്തി മികച്ച പ്രകടനം നടത്തിയാണ് നീരജിന്റെ ഫൈനല്‍ പ്രവേശനം. ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും നീരജ് സ്വന്തമാക്കി.
ടോക്യോ ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടി മീരാബായ് ചാനു. വനിതകളുടെ 49 കിലോ ഗ്രാം ഭാരോദ്വഹനത്തിനാണ് മീരാബായ് ചരിത്രം കുറിച്ചത്. സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയുമായി ആകെ 202 കിലോയാണ് മീരാബായ് ഉയര്‍ത്തിയത്. ആദ്യമായാണ് ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി നേടുന്നത്. പിവി സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതയാണ് മീരാബായ്.


പുരുഷന്മാരുടെ 57 കിലോ ഗ്രാം വിഭാഗത്തിൽഇന്ത്യയുടെ രവി കുമാർ ദഹിയയാണ് വെള്ളി നേടിയത്. ഫൈനലില്‍ റഷ്യയുടെ സ്വര്‍ റിസ്വനോവിച്ച് ഉഗുവേവിനോടാണ് പരാജയപ്പെട്ടത്. സ്‌കോർ 7-4. സുശീല്‍ കുമാറിന് ശേഷം ആദ്യമായിട്ടാണ് മറ്റൊരു താരം ഗുസ്തയില്‍ ഇന്ത്യക്കായി വെള്ളി നേടുന്നത്.
ടോക്കിയോ ഒളിംപിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗം ഗുസ്തി മത്സരത്തില്‍ ഇന്ത്യയുടെ ബജ്രംഗ് പൂനിയയാണ് വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ കസാഖിസ്താന്റെ ദൗലത്ത് നിയാസ്ബെക്കോവിനെയാണ് ബജ്രംഗ് പൂനിയ 8-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയത്. ക്വാർറില്‍ ഇറാന്‍ താരം മൊർേസ ഗിയാസിയെ തോല്‍പിച്ചാണ് ഇന്ത്യന്‍ താരം സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ പരാജയപ്പെട്ട താരം മൂന്നാം മെഡലിനായുള്ള പോരാട്ടത്തിലേക്ക് എത്തുകയായിരുന്നു.
ആവേശകരമായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയേയാണ് സിന്ധു തോല്‍പ്പിച്ചത്. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-13, 21-15. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി കാര്‍ട്ടില്‍ നിറഞ്ഞുകളിച്ച സിന്ധു, വെറും 53 മിനിറ്റിനുള്ളില്‍ വിജയവും വെങ്കലമെഡലും കരസ്ഥമാക്കി. വ്യക്തിഗത ഇനത്തില്‍ രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും ആദ്യ ഇന്ത്യന്‍ വനിതയുമാണ് സിന്ധു.


ബോക്സിങ്ങില്‍ വനിതകളുടെ 69 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ ലവ്‌ലീനബോര്‍ഗോഹെയ്ന്‍ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ കരസ്ഥമാക്കി. സെമിഫൈനലില്‍ ലോകചാംപ്യന്‍ തുര്‍ക്കിയുടെ ബുസേനസ് സര്‍മേനലിയോടു തോറ്റതോടെയാണ് ലവ്‌ലീനയുടെ മെഡല്‍ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. 5 – 0 സ്‌കോര്‍. ഇന്ത്യയ്ക്കായി ഒളിംപിക് മെഡല്‍ നേടുന്ന മൂന്നാമത്തെ ബോക്സിങ് താരമാണ് അസം സ്വദേശിനിയായ ലവ്‌ലീന.
നാല് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇന്ത്യന്‍ ഹോക്കി പുരുഷടീം ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പി ക്സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയത്. ടീമിലെ ഗോളി മലയാളിയായ ശ്രീജിത്തിന്റെ ഉജ്ജ്വലപ്രകടനമാണ് അവസാനനിമിഷത്തില്‍ ഇന്ത്യക്ക് മെഡല്‍ നേടിക്കൊടുത്തത്. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ പ്രകടനവും മികച്ചതായിരുന്നു. കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യൻ വനിതകൾ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത്. സെമിയിൽ അർജന്റീനയോട് തോറ്റെങ്കിലും അവസാനം വരെ പൊരുതിയ ഇന്ത്യ 2-1ന്റെ തോൽവി മാത്രമാണ് വഴങ്ങിയത്. വനിതാ ഹോക്കി ഒളിമ്പിക്സിലെ കന്നി മെഡലെന്ന സ്വപ്നവുമായി ഇന്ത്യ വെങ്കല മെഡലൈനായി ബ്രിട്ടനോട് പൊരുതിയെങ്കിലും 4 – 3 സ്‌കോറില്‍ ഇന്ത്യ വീണു.

ഷീജാ നായർ

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.