ചിരിലോകത്തെ “മാജിക് സ്റ്റാർ”

ചിരിലോകത്തെ “മാജിക് സ്റ്റാർ”

2007-ല്‍ ഏഷ്യാനെറ്റില്‍ തന്റെ കരിയര്‍ ആരംഭിച്ച് ‘ ഇപ്പോള്‍ ഫ്ളവേഴ്സ് ടിവിയില്‍ എക്സിക്യൂട്ടീവ് പ്രൊ ഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. മഴവില്‍ മനോരമയിലെ ‘കോമഡി ഫെസ്റ്റിവലിന്റെ’ അസോസിയേറ്റ് പ്രൊഡ്യൂസറും ‘ഇവിടിങ്ങനാണ് ഭായ്’ എന്ന പ്രോഗ്രാമിന്റെ നിര്‍മ്മാതാവുമായിരുന്ന അദ്ദേഹത്തിന് ഫ്ളവേഴ്സിലെ ‘ കോമഡി സൂപ്പര്‍ നൈറ്റ്’ എന്ന പരിപാടിയിലൂടെ 2015 ലെ മികച്ച വിനോദ പരിപാടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ ഏറെ പ്രേക്ഷകപ്രീതി നേടിയ ഗെയിംഷോ സ്റ്റാര്‍ മാജിക് പരിപാടിയുടെ സംവിധായകന്‍ അനൂപ് ജോണുമായി യൂണിക്ടൈംസ് സബ് എഡിറ്റര്‍ ഷീജാ നായര്‍ നടത്തിയ അഭിമുഖം.


1. ടമാര്‍ പടാര്‍ എന്ന ഷോയില്‍ നിന്നും സ്റ്റാര്‍ മാജിക്കിലേക്കുള്ള പ്രയാണം.

ഫെസ്റ്റിവല്‍ സെലിബ്രിറ്റി ഗെയിം ഷോ ആയിട്ട് ഒരു ഓണക്കാലത്ത് നടത്തിയ സെലിബ്രിറ്റി ലീഗ് എന്ന പരിപാടിയില്‍ നിന്നാണ് ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് എന്നീ പരിപാടികളുടെ തുടക്കം. പത്ത് എപ്പിസോഡുകളാണ് സെലിബ്രിറ്റി ലീഗിന് ഉണ്ടായിരുന്നത്. ആ പരിപാടി ജനപ്രീതി പിടിച്ചുപറ്റുകയും നൂറ്റിത്തൊണ്ണൂറോളം എപ്പിസോഡുകളിലായി ടമാര്‍ പടാര്‍ എന്ന പേരില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. അതിന് ശേഷമാണ് സ്റ്റാര്‍ മാജിക് എന്ന പേരിലേക്ക് മാറുന്നത്. ടമാര്‍ പടാറില്‍ നിന്നും കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വരുത്തിയാണ് സ്റ്റാര്‍ മാജിക് ആരംഭിക്കുന്നത്. ടമാര്‍ പടാര്‍ എന്ന ഷോയില്‍ വളര്‍ന്നുവരുന്ന കലാകാരന്മാരുള്‍പ്പെടെ ചെറുതും വലുതുമായ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എടുത്തുപറയേണ്ടത് നോണ്‍ ഫെമിലിയര്‍ ആയിരുന്ന ആര്‍ട്ടിസ്റ്റുകളെ ഫെമിലിയാറാക്കാന്‍ ഈ ഷോയ്ക്ക് സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ നമ്മുടെ ഷോയില്‍ കാണുന്ന മിക്ക ആര്‍ട്ടിസ്റ്റുകളും അധികം അറിയപ്പെടാതെ സ്റ്റേജ് ഷോകള്‍ ചെയ്യുന്നവരും ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നവരുമായിരുന്നു. അവരുടെ കഴിവുകള്‍ മനസ്സിലാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും അവര്‍ക്ക് ഒത്തിരി ഫാന്‍സ് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ടമാര്‍ പടാറില്‍ നിന്നും സ്റ്റാര്‍ മാജിക്കിലേക്കുള്ള രൂപാന്തരത്തിനോടൊപ്പം അവര്‍ക്കും ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം. സ്റ്റാര്‍മാജിക് ഇപ്പോള്‍ നാന്നൂറ്റി അന്‍പതോളം എപ്പിസോഡുകളായി. ടമാര്‍ പടാറില്‍ നിന്നും സ്റ്റാര്‍ മാജിക്കിലെത്തിയത് വളരെ സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. പ്രേക്ഷകര്‍ ഈ പരിപാടിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്നുള്ളതും ആഹ്‌ളാദകരമാണ്.

2. സാധാരണയായി ഒരാളെ ചിരിപ്പിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഒരു ഷോയുടെ ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുമ്പോള്‍ സ്വീകരിക്കുന്ന കരുതലുകള്‍ എന്തൊക്കെയാണ് ?

മറ്റൊരാളെ ചിരിപ്പിക്കുകയെന്നത് വലിയൊരു കഴിവാണ്. ആദ്യം നമ്മുടെ പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ കഴിവുകള്‍ മനസ്സിലാക്കി അവരെ ഏതൊക്കെ മേഖലയിലേക്കാണ് പങ്കെടുപ്പിക്കേണ്ടെതെന്ന് തീരുമാനിക്കുന്നു. ഇവരില്‍ പലരെയും അവര്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ചട്ടക്കൂട്ടില്‍ നിന്നും പുറത്തുകൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. അതാണ് സ്റ്റാര്‍മാജിക്കിലെ പല കലാകാരന്മാരും മികച്ച ഹാസ്യനടനോ / നടിയോ ഒക്കെയായി പ്രേക്ഷകശ്രദ്ധയിലെത്തുന്നത്. ഹാസ്യം പ്രേക്ഷകരിലെത്തിക്കാനും അത് ആസ്വാദ്യകരമാകുവാനും വേണ്ടുന്ന രീതിയിലുള്ള റിഹേഴ്‌സലുകള്‍ ആര്‍ട്ടിസ്റ്റുകളുടെ സഹകരണത്തോടെ നടത്തി വിജയം നേടുകയെന്നത് ഒരു വലിയകാര്യം തന്നെയാണ്. ഒരു കൂട്ടം കലാകാരന്മാരുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും കൂട്ടായപ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത് സാധ്യമാകുന്നത്.


3. ടെലിവിഷന്‍ മേഖലയെ ഒട്ടനവധി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ച് ചാനലുകള്‍ കൈയ്യടക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യത്യസ്തമായ ഒരു ഗെയിംഷോയുമായി നാലുവര്‍ഷത്തോളമായി മുന്നേറുമ്പോള്‍ നേരിടേണ്ടിവന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് ?

അത് വാസ്തവമാണ് . ഒരു ഗെയിം ഷോ ഇത്രയും നാൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുകയെന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. അതും മത്സരം നിലല്‍ക്കുമ്പോള്‍. ഞങ്ങള്‍ ഷോ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുവെന്നതാണ് പ്രധാപ്പെട്ട കാര്യം. ഷോയുടെ തുടക്കകാലഘട്ടത്തില്‍ പലര്‍ക്കും മതിപ്പുണ്ടായിരുന്നില്ല. ഇത്തരത്തിലൊരു ഷോയോ എന്ന് മുഖംചുളിച്ചവരുമുണ്ട്. ഈ പരിപാടിയുടെ കാതലായ ആശയം പ്രേക്ഷകരിലെത്തിക്കുകവഴി ഷോ വളരാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു. ഇതുവഴി ഷോയ്ക്ക് പ്രേക്ഷകപ്രീതി നേടിയെടുക്കാന്‍ സാധിച്ചു. സ്റ്റാര്‍ മാജിക് നിങ്ങളുടെ മുന്നിലെത്തുമ്പോള്‍ അതിന്റെ പിന്നണിയില്‍ എന്റെ ആശയങ്ങള്‍ക്കൊപ്പം നിരവധിപേരുടെ കഠിനാദ്ധ്വാനവും അര്‍പ്പണമനോഭാവവും ഉണ്ട്. ഐക്യമത്യം മഹാബലം എന്ന് പറയുന്നതുപോലെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം തന്നെയാണ് ഈ ഷോയുടെ വിജയവും.


4. വിവാദങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ഒരു പ്രോഗ്രാം ഉയരങ്ങളിലേക്ക് വളര്‍ച്ച നേടുമ്പോള്‍ കൂടെത്തന്നെ വിവാദങ്ങളുമുണ്ടാകും. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് വിവാദങ്ങള്‍ നല്ലതാണ്. ഈ കാലഘട്ടത്തില്‍ നെഗറ്റീവ് പബ്ലിസിറ്റിയാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്. അതിലൂടെയാണ് കൂടുതല്‍ വളര്‍ച്ചയുണ്ടാകുന്നതും. ഒരു കാലത്ത് ഏറ്റവുമധികം വിവാദങ്ങളിലൂടെ കടന്നുപോയിരുന്ന ഒരു പരിപാടിയാണിത്. കോവിഡ് സാഹചര്യത്തില്‍ അതെല്ലാം പരിപാടിക്കനുകൂലമായി മാറുകയാണുണ്ടായത്. വിവാദങ്ങള്‍ നല്ലതാണെന്നതാണ് എന്നുതന്നെയാണ് എന്റെ അഭിപ്രായം. വിവാദങ്ങളിലൂടെയാണ് ഇപ്പോള്‍ എല്ലാം പോപ്പുലര്‍ ആകുന്നത്.

5. പ്രേക്ഷകശ്രദ്ധപിടിച്ചുപറ്റുന്ന പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ടതും തിരസ്‌കരിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ് ?

പ്രേക്ഷകശ്രദ്ധ എന്നതുപറയുന്നതില്‍ കഴമ്പില്ല. ശ്രദ്ധ നേടുക എന്നതാണെങ്കില്‍ അത്തരം പരിപാടികള്‍ മാത്രം ചെയ്താല്‍ റേറ്റിങ് ഉണ്ടാക്കാം. ആള്‍ക്കാരെ സന്തോഷിപ്പിക്കുന്ന പരിപാടി എന്നതാണ് എന്റെ ലക്ഷ്യം. ഒരു മണിക്കൂര്‍ ചിരിച്ച് ആസ്വദിക്കാന്‍ കഴിയുന്ന പക്കാ എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമാണ് സ്റ്റാര്‍ മാജിക്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതരത്തിലുള്ള വിഷയങ്ങള്‍ കൊണ്ടുവരുക. ഇതെല്ലം കൂട്ടിയോജിപ്പിച്ച് സാമൂഹികപ്രതിബദ്ധതയോടെ അവതരിപ്പിക്കുക എന്നതാണ്.
ഇതുവരെയുള്ള വളര്‍ച്ചയില്‍

6. ആരോടെങ്കിലും കടപ്പാടുണ്ടോ ?

ഒരുപാടുപേരോട് കടപ്പാടുണ്ട്. എന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി എന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിത്തന്ന് എന്നെ വളര്‍ത്തിവലുതാക്കിയ എന്റെ മാതാപിതാക്കളോടാണ് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ എന്നുള്ള കോഴ്സ് പഠിക്കണോ എന്ന ആശങ്കകള്‍ക്കിടയിലും എന്റെ ഇഷ്ടം നിറവേറിത്തന്ന മാതാപിതാക്കള്‍ക്ക്, ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും അതോടൊപ്പം തന്നെ അത്യാവശ്യം പ്രചാരം നേടിയ ഒരു പരിപാടി നടത്താന്‍ സാധിക്കുകയും ചെയ്തതിലൂടെ അവരുടെ സംശയദൂരീകരണത്തിന് സാധിച്ചു എന്നത് സന്തോഷമുള്ള കാര്യമാണ്. എന്റെ കുടുംബത്തോടാണ് ആദ്യ കടപ്പാടുള്ളത്. എന്റെ പ്രവര്‍ത്തനമേഖലയില്‍ എന്നോടൊപ്പം നിന്നവരോടും എന്നെ സഹായിച്ചിട്ടുള്ളവരോടും എന്റെ ഗുരുക്കന്മാരോടും എനിക്ക് കടപ്പാടുണ്ട്

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.