ഭക്ഷണം തീര്ന്നുപോയി-തട്ടുകട നടത്തുന്ന സ്ത്രീക്കും മകനും മര്ദ്ദനം
ഭക്ഷണം തീര്ന്നുപോയതിന്റെ വിരോധം കാരണം തട്ടുകട നടത്തുന്ന സ്ത്രീയെയും മകനെയും തല്ലിച്ചതച്ച പ്രതികളില് രണ്ട് പേരെ പിടികൂടി. ഒന്നാം പ്രതി ഒളിവില്. പത്തനംതിട്ട കോയിപ്രം കുമ്പനാട് ചൊവ്വ രാത്രി 10.45 നാണ് സംഭവം. ജംഗ്ഷനില് തട്ടുകട നടത്തുന്ന കോയിപ്രം കുമ്പനാട് കരിപ്പുറത്തകണ്ടം കരിങ്കുറ്റിയില് ജോണ് ജോയിയുടെ ഭാര്യ ലിസി ജോയി (58)ക്കും മകനുമാണ് ക്രൂരമര്ദ്ദനം ഏറ്റത്. രണ്ടാം പ്രതി മുണ്ടമല പുല്ലേലിമല പുല്ലേലില് വീട്ടില് രാജുവിന്റെ മകന് പ്രസ്റ്റീന് രാജു (24), മൂന്നാം പ്രതി കോയിപ്രം കുറവന് കുഴി ആന്താരിമണ് ഓലിക്കുതാഴെതില് ഷാജിയുടെ മകന് ശാരോണ് ഷാജി (22) എന്നിവരെയാണ് കോയിപ്രം പോലീസ് ബുധന് വൈകിട്ട് അറസ്റ്റ് ചെയ്തത്. ബൈക്കില് എത്തിയ പ്രതികള് ഭക്ഷണം ചോദിച്ചപ്പോള് തീര്ന്നുപോയെന്നു പറഞ്ഞതില് പ്രകോപിതരായി അക്രമം അഴിച്ചുവിടുകയായിരുന്നു. ഒന്നാം പ്രതി സുനില് അസഭ്യം വിളിച്ചുകൊണ്ട് ഉപദ്രവിക്കാന് തുടങ്ങിയപ്പോള്, കടയുടെ സമീപത്തു നിന്ന രാജന് എന്നയാള് ചോദ്യം ചെയ്തു. ഇയാളെ പ്രതികള് ചെള്ളക്കടിക്കുകയും തള്ളിതാഴെയിടുകയും ചെയ്തു. തടസ്സം പിടിക്കാനെത്തിയ ലിസിയുടെ മകന് അനീഷ് കുമാറിനെ ഒന്നും മൂന്നും പ്രതികള് അടിക്കുകയും തൊഴിക്കുകയും ചെയ്തപ്പോള്, ലിസി ഇടയ്ക്ക് കയറി തടയാന് ശ്രമിച്ചു. അപ്പോഴാണ് അവര്ക്ക് മര്ദ്ദനമേറ്റത്. ദേഹോപദ്രവം ഏല്പ്പിച്ച പ്രതികള് ലിസിയുടെ സാരി പിടിച്ചുവലിച്ച് അപമാനിക്കുകയും, തള്ളിയിടുകയും ചെയ്തു. വലതുകയ്യുടെ ചെറുവിരലിനും കാല് മുട്ടുകള്ക്കും മുറിവുപറ്റി. പ്രതികള് കടയില് സഹായിക്കാന് നിന്ന മരുമകളെ അസഭ്യം വിളിക്കുകയും ചെയ്തു. പ്രതികളിലൊരാള് ബൈക്കില് സൂക്ഷിച്ച ഇരുമ്പിന്റെ സ്ക്വയര് പൈപ്പ് കൊണ്ട് ലിസിയുടെ മകനെ അടിച്ച് ഇടതു തോളിനു മുറിവേല്പ്പിച്ചു. സംഭവമറിഞ്ഞ പോലീസ് ലിസിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി കേസെടുത്തു. അന്വേഷണമാരംഭിച്ച പോലീസ്, സംഭവത്തിന് ശേഷം സ്ഥലം വിട്ട പ്രതികളില് രണ്ടാം പ്രതി വീട്ടിലെത്തിയതായി അറിഞ്ഞ്, അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള് ഇയാള് കുറ്റം സമ്മതിച്ചു. തുടര്ന്ന് കുറ്റസമ്മതമൊഴിപ്രകാരം മറ്റ് പ്രതികളെ തിരിച്ചറിയുകയും, പിന്നീട് നടത്തിയ തെരച്ചിലില് മൂന്നാം പ്രതിയെ വീട്ടില് നിന്നും പിടികൂടുകയുമായിരുന്നു. മൂന്നാം പ്രതി ശാരോണ് ഷാജി റാന്നി പോലീസ് സ്റ്റേഷനിലെ മൂന്ന് മോഷണ കേസുകളില് പ്രതിയാണെന്ന് ചോദ്യം ചെയ്യലില് തെളിഞ്ഞു. പ്രതികള് കഞ്ചാവ് പോലെയുള്ള ലഹരുവസ്തുക്കള് സ്ഥിരമായി ഉപയോഗിക്കുകയും മോഷണം, അടിപിടി, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില് ഏര്പ്പെട്ടുവരികയാണെന്നും അന്വേഷണത്തില് വെളിവായി. ജില്ലാ പോലീസ് മേധാവി സ്വപ്നില് മധുകര് മഹാജന് ഐ പി എസ്സിന്റെ നിര്ദേശാനുസരണം ഒന്നാം പ്രതിക്കുവേണ്ടി തെരച്ചില് വ്യാപിപ്പിക്കുകയും, പ്രതികള്ക്കെതിരായ അന്വേഷണം ഊര്ജ്ജിതമാക്കുകയും ചെയ്തു. പ്രതികളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. എസ് ഐ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ് സി പി ഓമാരായ പ്രകാശ്, ജോബിന് ജോണ്, സി പി ഓ ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

