ജാതി, മത, രാഷ്ട്രീയ, സാമൂഹിക, ഭരണ വ്യവസ്ഥിതികള്‍ക്ക് നേരെ മികച്ചൊരു ആക്ഷേപ ഹാസ്യം, ചര്‍ച്ചയായി ‘1744 വൈറ്റ് ആൾട്ടോ’ റിവ്യൂ

ജാതി, മത, രാഷ്ട്രീയ, സാമൂഹിക, ഭരണ വ്യവസ്ഥിതികള്‍ക്ക് നേരെ മികച്ചൊരു ആക്ഷേപ ഹാസ്യം, ചര്‍ച്ചയായി ‘1744 വൈറ്റ് ആൾട്ടോ’ റിവ്യൂ

മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന ലേബലുമായിട്ടാണ് സെന്ന ഹെഗ്‍ഡെ സിനിമയൊരുക്കാറുള്ളത്. തന്‍റെ ആദ്യ മലയാള ചിത്രമായ ‘തിങ്കളാഴ്ച നിശ്ചയ’ത്തിൽ നിന്നും പുതിയ ചിത്രമായ ‘ 1744 വൈറ്റ് ആൾട്ടോ’യിൽ എത്തുമ്പോൾ കഥ നടക്കുന്നത് കാസര്‍ഗോഡിന്‍റെ ഭൂമികയിലാണെങ്കിലും കഥാപാത്രങ്ങള്‍ വിവിധ ഭാഷാശൈലിയിലുള്ളവരാണ്. കാസര്‍കോടിനടുത്ത് കാഞ്ഞങ്ങാട്ടെ ഒരു നാട്ടുമ്പുറത്തു നടക്കുന്ന, കാഞ്ഞങ്ങാടന്‍ മലയാളം സംസാരിക്കുന്നവരുടെ കഥയെ ഏറെ ആര്‍ജ്ജവത്തോടെ ആത്മാർഥതയോടെ ആവിഷ്‌കരിച്ച തിങ്കളാഴ്ച നിശ്ചയത്തിൽ നിന്ന് സെന്ന 1744 വൈറ്റ് ആള്‍ട്ടോയിലെത്തുമ്പോള്‍ തികച്ചും വ്യത്യസ്തവും പരീക്ഷണാത്മകവുമായ ഒരു ട്രീറ്റ്‍മെന്‍റാണ് സ്വീകരിച്ചിരിക്കുന്നത്.

ഒരു ഫിക്ഷണൽ ഡാര്‍ക്ക് കോമഡി മൂഡിലാണ് സിനിമയുടെ ഒഴുക്ക്. കഥ നടക്കുന്നത് ഒരു സാങ്കല്പിക സ്ഥലത്താണെന്ന് അനുഭവപ്പെടും വിധമാണ് സിനിമയുടെ ചിത്രീകരണവും കളര്‍ ഗ്രേഡിംഗും. ഒരു കൊലപാതകവും അതേ തുടര്‍ന്നുണ്ടായ ഒരു ഹിറ്റ് ആൻഡ് റൺ കേസും അന്വേഷിക്കുകയാണ് എസ്.ഐ മഹേഷും സംഘവും. ഒരു വെളുത്ത ആൾട്ടോ കാര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന സൂചന പോലീസിന് ലഭിക്കുന്നു. ആ കാറിനേയും അതിന് പിന്നിലെ കുറ്റവാളികളെയും കണ്ടുപിടിക്കാനുള്ള നെട്ടോട്ടമാണ് പിന്നീട് സിനിമ പറയുന്നത്. രസച്ചരടു പൊട്ടിക്കാതെ ചിത്രത്തെ ഏറെ എൻഗേജിങ്ങായി മുന്നോട്ട് കൊണ്ടുപോവാനും സെന്ന ഹെഗ്‍ഡെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

1744 എന്ന നമ്പറിലുള്ള ആ വൈറ്റ് ആൾട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. സിനിമയുടെ പേരിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്നതുമാണിത്. വിവിധ ജീവിത സാഹചര്യങ്ങളിലുള്ള മനുഷ്യരാണെങ്കിലും പല രീതിയിൽ ഇവര്‍ പരസ്പര ബന്ധമുണ്ടാവുകയാണ്. മറ്റൊരര്‍ത്ഥത്തിൽ ഈ വെള്ള ആള്‍ട്ടോ കാര്‍ അതിനുള്ള കാരണമായി മാറുകയാണ്.

ഷറഫുദ്ദീനാണ് എസ്.ഐ മഹോഷമായി എത്തിയിരിക്കുന്നത്. പോലീസ് സ്റ്റേഷനിലെ പ്രശ്നങ്ങള്‍ക്ക് മീതെ അയാളുടെ വീട്ടിലും ചില പ്രശ്നങ്ങളുണ്ട്. ഇതിനൊക്കെ ഇടയിൽ അയാളുടെ കേസന്വേഷണ സംഘത്തിലെ പൊലീസുകാർ ഒപ്പിക്കുന്ന മണ്ടത്തരങ്ങളും അമളികളുമൊക്കെ വേറെയും. ഇതൊക്കെ ഏറെ രസകരമായി പ്രേക്ഷകര്‍ക്കിടയിൽ ചിരിയുണര്‍ത്തുന്ന സര്‍ക്കാസ്റ്റിക് ഡാര്‍ക്ക് കോമഡികളായാണ് അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ അഭിനേതാക്കളുടെ സ്വാഭാവികമായ അഭിനയവും സംഭാഷണങ്ങളും എടുത്ത് പറയേണ്ടതാണ്. എബിയായി എത്തിയ രാജേഷ് മാധവന്‍റേയും കണ്ണനായി എത്തിയ ആനന്ദ് മന്മഥന്‍റേയും വേഷങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഷറഫുദ്ദീനും വിൻസി അലോഷ്യസും അരുൺ കുര്യനും സജിൻ ചെറുകയിലും നവാസ് വള്ളിക്കുന്നും നിജില കെ ബേബിയും സ്മിനു സിജോയും ആര്യ സലിമും രഞ്ജി കാങ്കോലും ഏറെ സ്വാഭാവികതയോടെ തങ്ങൾക്ക് ലഭിച്ച വേഷങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്.

വേനലിൽ ഏറെ വിജനമായി കിടക്കുന്ന കാഞ്ഞങ്ങാടിന്‍റെ ഭൂപ്രകൃതി സിനിമയിൽ വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ട്. ശ്രീരാജ് രവീന്ദ്രന്‍റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്. സെന്ന ഹെഗ്ഡെയോടൊപ്പം തിരക്കഥാ രചനയിലും ശ്രീരാജ് പങ്കാളിയായിട്ടുണ്ട്. എഡിറ്റർ ഹരിലാൽ കെ രാജീവും തുടർ‍ച്ച നഷ്ടപ്പെടാതെ ഓരോ സീനും രസകരമായി കൂട്ടിയിണക്കിയിട്ടുണ്ട്. ഹരിത ഹരിബാബു, ജിമ്മ, ഷിബു ഷംസ് , ഷാ എന്നിവരുടെ വരികൾക്ക് മുജീബ് മജീദിന്‍റെ സംഗീതം എടുത്ത് പറയേണ്ടതാണ്. ‘തീയേ ഉരുവം’ എന്ന ഗാനവും വാട്ട സോങ്ങുമൊക്കെ ഗംഭീര ഫീലാണ് സിനിമയ്ക്ക് സമ്മാനിക്കുന്നത്.

മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ഒരു പരീക്ഷണ ചിത്രമെന്ന നിലയിൽ സെന്നയുടെ തികച്ചും വ്യത്യസ്തമായ ഒരു ശ്രമമാണ് 1744 വൈറ്റ് ആള്‍ട്ടോ. ജാതി, മത, രാഷ്ട്രീയ, സാമൂഹിക, ഭരണ വ്യവസ്ഥിതികള്‍ക്ക് നേരെ മികച്ചൊരു ആക്ഷേപ ഹാസ്യ രീതിയിലാണ് സിനിമയിലെ കഥാമുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളുമൊക്കെ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. തീര്‍ച്ചയായും ചിത്രം പൊതു ജനമധ്യത്തിലും സോഷ്യൽമീഡിയയിലുള്‍പ്പെടെ വലിയ ചര്‍ച്ചയാകുമെന്നുറപ്പാണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.