‘ആയിഷയായി മഞ്ജു ജീവിച്ചു’ അഭിനന്ദനങ്ങളുമായി ഷൈലജ ടീച്ചര്‍

‘ആയിഷയായി മഞ്ജു ജീവിച്ചു’ അഭിനന്ദനങ്ങളുമായി ഷൈലജ ടീച്ചര്‍

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം നിര്‍വഹിച്ച മഞ്ജു വാര്യര്‍ ചിത്രം ആയിഷ വിജയകരമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആറ് ഭാഷകളിലായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ളവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന ഒട്ടുമിക്ക അഭിനേതാക്കളും. തിരസ്‌കാരങ്ങളും പ്രാരാബ്ധങ്ങളും കാരണം പ്രവാസിയാകേണ്ടി വന്ന നിലമ്പൂര്‍ ആയിഷ എന്ന വിപ്ലവകാരിയായ കലാകാരിക്കുള്ള ആദരമാണ് ഈ സിനിമ. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആഷിഫ് കക്കോടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ മുന്‍ ആരോഗ്യമന്ത്രിയും എം എല്‍ എയുമായ ശ്രീമതി ഷൈലജ ടീച്ചര്‍ ചിത്രം കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുയാണ്. ടീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ…

‘ആയിഷ’ കേരളത്തിന്റെ അഭിമാനമായ കലാകാരി നിലമ്പൂര്‍ ആയിഷയുടെ ജീവിതാനുഭവങ്ങള്‍ ഉള്‍ചേര്‍ന്ന സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ തീര്‍ച്ചയായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജുവാര്യര്‍ ആ കഥാപാത്രമായി പകര്‍ന്നാടുന്നത് കാണാനും അതീവ താല്പര്യമുണ്ടായിരുന്നു. സിനിമ കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല.

ഫ്യൂഡല്‍ യാഥാസ്ഥിതിക സമൂഹത്തോട് പടപൊരുതി അരങ്ങിലേക്ക് തലയുയര്‍ത്തി കടന്നുവന്ന അയിഷാത്തയുടെ ജീവിതകഥ പൂര്‍ണ്ണമായും പറയുകയല്ല ആമിര്‍ പള്ളിക്കലും ആസിഫും ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഗദ്ദാമമാരായി ഗള്‍ഫ്‌നാടുകളില്‍ എത്തുന്ന പെണ്‍കുട്ടികളുടെ ദുരിതകഥകള്‍ നേരത്തെ പല സിനിമകളിലും വരച്ചുകാട്ടിയിട്ടുണ്ട്. ആള്‍കൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ധനിക കുടുംബാംഗമായ മാമ്മയും ഗദ്ദാമയായ ആയിഷയും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തിന്റെ കഥ പറയുകയാണ് ‘ആയിഷ’.

എന്നാല്‍ അതോടൊപ്പം ആരുടെയും മുന്നില്‍ തലകുനിക്കാത്ത നിലമ്പൂര്‍ ആയിഷയുടെ വ്യക്തിത്വം വരച്ചുകാട്ടുകയും ചെയ്യുന്നു. ആയിഷയായി മഞ്ജു ജീവിച്ചു, മാമ്മയായി അഭിനയിച്ച ഡോണ അത്ഭുതകരമായ പകര്‍ന്നാട്ടമാണ് നടത്തിയത്. യാഥാസ്ഥിതിക കേരളീയ സമൂഹത്തോട് അയിഷാത്ത നടത്തിയ വെല്ലുവിളികള്‍ കുറച്ചുകൂടി പ്രകടമാക്കാന്‍ സമയക്കുറവ് മൂലമാകാം കഴിയാതിരുന്നത്. പക്ഷേ അത് ഒരു കുറവായി തോന്നാത്തവിധം ആയിഷയെ ശക്തമാക്കാന്‍ സംവിധായകന് കഴിഞ്ഞു. ആയിഷ ടീമിന് അഭിനന്ദനങ്ങള്‍.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.