സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ എസ് യു
വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് കെഎസ്യു നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മാർച്ചിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ എസ് യു ആഹ്വാനം ചെയ്തു. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കെഎസ്യു. എസ്എഫ്ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്യു വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്നു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. സെക്രട്ടേറിയേറ്റിനു മുന്നിൽ കെഎസ്യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി എന്നിവർ നിരാഹാരസമരം ആരംഭിച്ചു. സിദ്ദാർഥന്റെ മരണത്തിനെതുടർന്ന് കെഎസ്യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെക്രട്ടേറിയേറ്റിനു മുന്നിലെ സമരം. എസ്എഫ്ഐ അരുംകൊല ചെയ്ത സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, സിദ്ധാർഥന്റെ കൊലപാതകത്തിനു ഉത്തരവാദിയായ ഡീൻ എം.കെ. നാരായണനെ പുറത്താക്കി പ്രതി ചേർക്കുക,കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡണ്ട് അറിയിച്ചു.
Photo Courtesy: Google/ images are subject to copyright

