വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; വയനാട്ടിലും കാസർകോട്ടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കാലവർഷം കനക്കുന്നതിനിടയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് നിലവിലുള്ളത്.
അതിതീവ്ര മഴ സാധ്യതയും കനത്ത ജാഗ്രതാ നിർദ്ദേശവും മുൻനിർത്തി കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനിയാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
കുറഞ്ഞ സമയം കൊണ്ട് വലിയ തോതിൽ മഴ പെയ്യുന്ന സാഹചര്യം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കാൻ തയ്യാറാകണമെന്നും ഭരണകൂടം അറിയിച്ചു. പരിഭ്രാന്തി ഒഴിവാക്കണമെന്നും എന്നാൽ വരും മണിക്കൂറുകളിൽ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
Photo Courtesy: Google/ images are subject to copyright

