34-നെതിരെ 99 വോട്ടുകൾ; മുഹമ്മദ് മുഹ്‌സിനെ പരാജയപ്പെടുത്തി ഷാനിമോൾ ഉസ്മാൻ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

34-നെതിരെ 99 വോട്ടുകൾ; മുഹമ്മദ് മുഹ്‌സിനെ പരാജയപ്പെടുത്തി ഷാനിമോൾ ഉസ്മാൻ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാവും അരൂര്‍ എംഎല്‍എയുമായ ഷാനിമോള്‍ ഉസ്മാനെ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. എല്‍ഡിഎഫിലെ സിപിഐ പ്രതിനിധി മുഹമ്മദ് മുഹ്സിനെ 34-നെതിരെ 99 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷാനിമോള്‍ ഉസ്മാന്‍ ഈ ചരിത്ര പദവിയിലെത്തിയത്. വോട്ടെടുപ്പില്‍ സ്പീക്കര്‍ പങ്കെടുത്തില്ല. യുഡിഎഫിലെ സന്ദീപ് വാര്യര്‍, അബിദ് ഹുസൈന്‍ തങ്ങള്‍, എല്‍ഡിഎഫിലെ സി.കെ ഹരീന്ദ്രന്‍ എന്നിവര്‍ അവധിയിലായിരുന്നതിനാലും, ബിജെപിയുടെ മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനാലുമാണ് വോട്ട് നില 99-34 ല്‍ ഒതുങ്ങിയത്.

മന്ത്രിസ്ഥാനത്തേക്ക് ടി. സിദ്ദീഖിനായി കെ.സി വേണുഗോപാല്‍ പക്ഷം ശക്തമായി നിലകൊണ്ട പശ്ചാത്തലത്തിലാണ്, വി.ഡി സതീശന്‍ പക്ഷത്തുള്ള ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് നിശ്ചയിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഡെപ്യൂട്ടി സ്പീക്കറാകുന്ന നാലാമത്തെ വനിതയാണ് ഷാനിമോള്‍ ഉസ്മാന്‍. നീണ്ട 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സഭയില്‍ ഒരു വനിതാ അംഗം ഈ പദവി അലങ്കരിക്കുന്നത്. 1991-ല്‍ ഡെപ്യൂട്ടി സ്പീക്കറായ സിപിഐയിലെ ഭാര്‍ഗവി തങ്കപ്പനാണ് ഇതിന് മുൻപ് ഈ പദവിയിലെത്തിയ അവസാന വനിത.

2019-ല്‍ അരൂരിലെ ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിലെത്തിയ ഷാനിമോള്‍, 2021-ല്‍ പരാജയപ്പെട്ടെങ്കിലും ഇത്തവണ അതേ മണ്ഡലം തിരിച്ചുപിടിച്ചാണ് സഭയിലെത്തിയത്. 1966-ല്‍ ആലപ്പുഴ തകഴിയില്‍ ജനിച്ച് കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അവര്‍ എഐസിസി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ, ആലപ്പുഴ നഗരസഭാ അധ്യക്ഷ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കെപിസിസി കോര്‍ കമ്മിറ്റി അംഗം കൂടിയാണ്. ഷാനിമോളുടെ നിയോഗത്തോടെ ആലപ്പുഴ ജില്ലയിലേക്ക് വീണ്ടുമൊരു ഡെപ്യൂട്ടി സ്പീക്കര്‍ പദവി കൂടിയാണ് എത്തിച്ചേരുന്നത്. സഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ. ഒ. അയിഷാ ബായിയും, രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന നഫീസത്ത് ബീവിയും ആലപ്പുഴ ജില്ലയില്‍ നിന്ന് നിയമസഭയിലെത്തിയ വനിതകളായിരുന്നു.

 

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.