സെന്റ് ലൂയിസ് റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് കിരീടം ചൂടി ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ
അമേരിക്കയിൽ നടന്ന സെന്റ് ലൂയിസ് റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് ചെസ്സ് ടൂർണമെന്റിൽ ഇന്ത്യയുടെ യുവ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്രനേട്ടം. ടൂർണമെന്റിൽ ഒരു റൗണ്ട് ബാക്കിനിൽക്കെയാണ് 20-കാരനായ പ്രഗ്നാനന്ദ തന്റെ കരിയറിലെ ആദ്യ സെന്റ് ലൂയിസ് റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് കിരീടം ഉറപ്പിച്ചത്. 47 ലക്ഷം രൂപയാണ് ($50,000) ചാമ്പ്യനായ ഇന്ത്യൻ താരത്തിന് സമ്മാനത്തുകയായി ലഭിക്കുന്നത്.
ആകെ 23.5 പോയിന്റോടെയാണ് പ്രഗ്നാനന്ദ പട്ടികയിൽ ഒന്നാമതെത്തിയത്. 22 പോയിന്റ് നേടിയ ഉസ്‌ബെകിസ്താന്റെ യാവോഖിർ സിന്ദ്രോവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പ്രഗ്നാനന്ദയുടെ കുതിപ്പ്. റാപ്പിഡ് ഘട്ടത്തിലെ മികച്ച പ്രകടനം ബ്ലിറ്റ്‌സിലും തുടർന്ന താരം ബ്ലിറ്റ്‌സിൽ ഒരു ഗെയിം മാത്രമാണ് പരാജയപ്പെട്ടത്. ബ്ലിറ്റ്‌സ് മത്സരങ്ങളിൽ നേടാമായിരുന്ന 18 പോയിന്റിൽ 11.5 പോയിന്റും താരം സ്വന്തമാക്കി. 20.5 പോയിന്റ് നേടിയ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോയ്ക്കാണ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം.
ഈ വിജയത്തോടെ ഗ്രാന്റ് ചെസ്സ് ടൂർ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും പ്രഗ്നാനന്ദയ്ക്ക് സാധിച്ചു. ഈ വർഷം അവസാനം നടക്കുന്ന ഗ്രാന്റ് ചെസ്സ് ടൂർ ഫൈനലിലേക്കുള്ള താരത്തിന്റെ സാധ്യതകളും ഇത് ഗണ്യമായി വർദ്ധിപ്പിച്ചു.
കഴിഞ്ഞ ജൂണിൽ നോർവേ ചെസ്സ് കിരീടം നേടി പ്രഗ്നാനന്ദ ചരിത്രമെഴുതിയിരുന്നു. ഫൈനൽ റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കെയ്മറെ തോൽപ്പിച്ചായിരുന്നു ഈ കിരീടനേട്ടം. ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസൺ, നിലവിലെ ലോക ചാമ്പ്യൻ ദൊമ്മരാജു ഗുകേഷ്, അലിറേസ ഫിറോസ്ജ, വെസ്ലി സോ, വിൻസെന്റ് കെയ്മർ എന്നീ ലോകോത്തര താരങ്ങളെ മറികടന്നാണ് പ്രഗ്നാനന്ദ ആദ്യമായി നോർവേ ചെസ്സ് കിരീടം ഇന്ത്യയിലെത്തിച്ചത്. ഇതിന് പിന്നാലെ തമിഴ്‌നാട് സർക്കാർ ഇന്ത്യൻ താരത്തിന് 50 ലക്ഷം രൂപ പാരിതോഷികമായി നൽകുകയും ചെയ്തിരുന്നു.
Photo Courtesy: Google/ images are subject to copyright

