എസിസി പ്രസിഡന്റ് മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ വനിതാ ടീം
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ വനിതാ ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെ സംഘടിപ്പിച്ച സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കാൻ തയ്യാറായില്ല.
ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ, ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്താണ് കിരീടം സ്വന്തമാക്കിയത്. മത്സരശേഷം പതിവുപോലെ മൈതാനത്ത് വിജയം ആഘോഷിച്ച താരങ്ങൾ ബ്രോഡ്കാസ്റ്റർമാർക്ക് അഭിമുഖങ്ങളും നൽകിയിരുന്നു. എന്നാൽ, മത്സരം കഴിഞ്ഞ് സാധാരണയായി 15 മുതൽ 20 മിനിറ്റിനുള്ളിൽ നടക്കാറുള്ള സമ്മാനദാന ചടങ്ങ് ഇത്തവണ ഒരു മണിക്കൂറിലേറെ വൈകുകയാണ് ഉണ്ടായത്.
തുടർന്ന് നഖ്‌വിയിൽ നിന്ന് ട്രോഫിയും മെഡലുകളും സ്വീകരിക്കില്ലെന്ന കർശന നിലപാടിൽ ഇന്ത്യൻ ടീം ഉറച്ചുനിന്നു. സമ്മാനദാന ചടങ്ങിൽ ശ്രീലങ്കൻ ടീമിനുള്ള റണ്ണേഴ്‌സ് അപ്പ് പുരസ്കാരം നഖ്‌വി കൈമാറിയെങ്കിലും, ഇന്ത്യൻ താരങ്ങൾ വേദിയിലേക്ക് എത്തിയില്ല.
2025-ലെ പുരുഷ ഏഷ്യാ കപ്പ് ഫൈനലിലും സമാനമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. അന്ന് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പുരുഷ ടീമും നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ട്രോഫിയുമായി നഖ്‌വി ദുബായിലെ ACC ഓഫീസിലേക്ക് മടങ്ങുകയായിരുന്നു. ആ ട്രോഫി ഇപ്പോഴും ACC ഓഫീസിൽ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് വനിതാ ടീമും ബിസിസിഐയുടെ നിലപാടിനൊപ്പം ഉറച്ചുനിന്നത്.
Photo Courtesy: Google/ images are subject to copyright

