ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 7.5 ലക്ഷം കോടിയായി ഉയർന്നു; തദ്ദേശീയ ഉൽപ്പാദനം നാലിരട്ടിയായി വർധിച്ചെന്ന് രാജ്നാഥ് സിംഗ്
സാമ്പത്തിക വളർച്ചയും ദേശീയ സുരക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യയുടെ പ്രതിരോധ മേഖല വൻ കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിൽ സംഘടിപ്പിച്ച ‘ഡെഫ്കോൺ 2026’ (DEFCON 2026) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് മുൻപുണ്ടായിരുന്ന 2.5 ലക്ഷം കോടി രൂപയിൽ നിന്ന് 7.5 ലക്ഷം കോടി രൂപയായി വർധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം രാജ്യത്തെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തിൽ നാലിരട്ടി വർധനവുണ്ടായി. മേക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളുടെ വിജയമാണ് ഇതിന് കാരണം. നിലവിൽ രാജ്യത്തെ ഒരു പ്രതിരോധ പൊതുമേഖലാ സ്ഥാപനം (DPSU) പോലും നഷ്ടത്തിലല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവേഷണത്തിനും വികസനത്തിനും മുൻഗണനപ്രതിരോധ മേഖലയിലെ ഗവേഷണങ്ങൾക്കും വികസനങ്ങൾക്കുമായി 29,000 കോടി രൂപയിലധികം തുകയാണ് നീക്കിവെച്ചിരിക്കുന്നത്. ഈ തുകയുടെ 25 ശതമാനത്തോളം തദ്ദേശീയ വ്യവസായ മേഖലയ്ക്കും അക്കാദമിക രംഗത്തിനുമായി വിനിയോഗിക്കും. പ്രതിരോധ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി 5,522 പ്രതിരോധ സാമഗ്രികൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright

