ലോകകപ്പ് – ബ്രസീല് സെമിയില്

കൊളംബിയയെ തോല്പിച്ച് ആതിഥേയരായ ബ്രസീല് ലോകകപ്പിന്റെ സെമി ഫൈനലില് പ്രവേശിച്ചു. ഫോര്ട്ടലേസയില് നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കായിരുന്നു ബ്രസീലിന്റെ വിജയം. ജൂലൈ എട്ടിന് നടക്കുന്ന സെമിയില് ജര്മനിയാണ് ബ്രസീലിന്റെ എതിരാളികള്.
കാനറികള്ക്ക് പറക്കാതിരിക്കാനാകില്ലായിരുന്നു. ജയിക്കാന് മാത്രമിറങ്ങിയ ബ്രസീല് സെമിയിലേക്ക് പറന്നുയര്ന്നപ്പോള് കൊളംബിയന് കുളമ്പടിക്ക് താല്ക്കാലിക വിരാമമായി. ആക്രമണമാണ് യഥാര്ത്ഥ പ്രതിരോധം എന്ന് തിരിച്ചറിഞ്ഞ മഞ്ഞപ്പടയുടെ രണ്ട് ഗോളുകളും നേടിയത് പ്രതിരോധ നിരക്കാരായിരുന്നു. ഏഴാം മിനിട്ടിലായിരുന്നു ആദ്യ ഗോള്. നെയ്മര് എടുത്ത കോര്ണര് കിക്ക് മാര്ക്ക് ചെയ്യപ്പെടാതെ നിന്ന തിയാഗോ സില്വ വലയിലേക്ക് തിരിച്ചുവിട്ടു.
തുടര്ന്ന് ഗോള് മടക്കാന് കൊളംബിയയുടേയും ലീഡ് ഉയര്ത്താന് ബ്രസീലിന്റെയും ശ്രമങ്ങളായിരുന്നു. രണ്ടാം പകുതിയില് ആക്രമണം ശക്തിപ്പെടുത്തിയ കൊളംബിയ അറുപത്തിയാറാം മിനിട്ടില് മരിയോ യെപ്സിലൂടെ ബ്രസീല് വല ചലിപ്പിച്ചെങ്കിലും അതിന് മുന്പേ ലൈന് റഫറിയുടെ ഓഫ് സൈഡ് കൊടി ഉയര്ന്നിരുന്നു.അറുപത്തിയൊന്പതാം മിനിട്ടില് അപ്രതീക്ഷിതമായി മഞ്ഞപ്പട ലീഡുയര്ത്തി. ഹള്ക്കിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഡേവിഡ് ലൂയിസ് ലക്ഷ്യത്തിലെത്തിച്ചത് മനോഹരമായ കാഴ്ചയായിരുന്നു.
രണ്ട് ഗോളിന് പിന്നിലായതോടെ റോഡ്രിഗസിന്റെ നേതൃത്വത്തില് കൊളംബിയന് പട ബ്രസീലിയന് ഗോള്മുഖത്തേക്ക് ഇരമ്പിയാര്ത്തു. എഴുപത്തിയെട്ടാം മിനിട്ടില് കാര്ലോസ് ബാക്കയെ ബ്രസീല് ഗോള് കീപ്പര് ജൂലിയോ സെസാര് വീഴ്തിയതിന് കൊളംബിയക്ക് അനുകൂലമായ പെനാല്ട്ടി കിക്കെടുത്ത റോഡ്രിഗസിന് പിഴച്ചില്ല. ടൂര്ണമെന്റില് റോഡ്രിഗസിന്റെ ആറാം ഗോളായിരുന്നു അത്.
പിന്നീട് മത്സരം സമനിലയിലാക്കാനുള്ള കൊളംബിയന് ശ്രമങ്ങളെ കാനറികള് അരയും തലയും മുറുക്കി ചെറുത്തു.ഒടുവില് ഫോര്ട്ടലേസയില് തടിച്ച് കൂടിയ അന്പതിനായിരത്തോളം വരുന്ന ബ്രസീല് ആരാധകര് കേള്ക്കാന് കൊതിച്ച ഫൈനല് വിസില് മുഴങ്ങി.
