ജുവല്‍ മേരി വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നു
ചാനല്‍ അവതാരകയായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ജുവല്‍ മേരി വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നു.. കമല്‍ സംവിധാനം ചെയ്യുന്ന ഉടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലാണ് ജുവല്‍ മമ്മൂട്ടിക്കൊപ്പം വീണ്ടുമെത്തുന്നത്.
ഒരു മാതൃകാ ഗ്രാമത്തിന് വേണ്ടി പോരാടുന്ന ഉമാദേവി എന്ന സാമൂഹ്യ പ്രവര്‍ത്തകയായാണ് ചിത്രത്തില്‍ ജുവല്‍ വേഷമിടുന്നത്. ഗുരുതരമായ ബന്ധത്തില്‍ പെട്ട് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായാണ് മമ്മൂട്ടിയും ജുവലും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തില്‍ ജോയ് മാത്യു, സുനില്‍ സുഗദ, ഷാജു നവോദയ,നന്ദു, പാഷാണം ഷാജി തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്ക്ക്് ഔസേപ്പച്ചന് സംഗീതം നല്കുന്നു.
പി.എസ്. റഫീക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ഗ്രാന്‍ഡ് എ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹബീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ജുവല്‍ മമ്മൂട്ടിക്കൊപ്പം സ്ക്രീനിലെത്തുന്നത്. ജുവലിന്റെ ആദ്യചിത്രമായ പത്തേമാരിയില്‍ മമ്മൂട്ടിയായിരുന്നു നായകന്. പ്രവാസികളുടെ ജീവിതം പ്രമേയമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രം വൈകാതെ തീയറ്ററുകളിലെത്തുമെന്നാണ് സൂചന.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍