പന്തിനൊപ്പം പായുന്ന കമന്ററി

പന്തിനൊപ്പം പായുന്ന കമന്ററി

SD 3‘കമോണ്‍ ഇന്ത്യ… ലെറ്റ്‌സ് ഫുട്‌ബോള്‍..’ കാല്‍പന്തുകളിയുടെ എല്ലാ ആരവങ്ങളും നിറഞ്ഞ ഈ ശബ്ദം ഇന്ന് കേരളത്തിന്റെ അഭിമാനമാണ്. മലയാളികള്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അവസാന വാക്കായി മാറിയ ഷൈജു ദാമോദരനാണ് ഈ ശബ്ദത്തിന്റെ ഉടമ. മലയാളം കമന്ററിയിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയം കവര്‍ന്ന അദ്ദേഹം യുണീക് ടൈംസിനോട് മനസ്സ് തുറക്കുന്നു.

ഷൈജുമോന്‍ എന്ന സ്‌പോര്‍ട്‌സ് ലേഖകനില്‍ നിന്ന് ഷൈജു ദാമോദരന്‍ എന്ന കമന്റേറ്ററിലേക്കുള്ള ദൂരം?

കൃത്യമായ നിര്‍വ്വചനം ഇല്ലാത്ത ചോദ്യമാണിത്. സംഖ്യയില്‍ അടയാളപ്പെടുത്തിയാല്‍ രണ്ടുവര്‍ഷം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കമന്ററി പറഞ്ഞു തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടുവര്‍ഷം ആയിരിക്കുന്നു. മാതൃഭൂമിയില്‍ 19 വര്‍ഷം പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഞാന്‍ ഈ മേഖലയിലേക്ക് കടന്നുവന്നത്. ഈ ഒരു മാറ്റത്തിനായി രണ്ടു വര്‍ഷം എടുത്തു.

എങ്ങനെയാണ് ഈ രംഗത്തേക്ക് എത്തിയത്?

ഞാന്‍ നന്നായി സംസാരിക്കുന്ന വ്യക്തിയാണ്. സംസാരം തന്നെയാണ് എന്റെ ഗുണവും ദോഷവും. സ്‌കൂള്‍ കോളേജ് കാലങ്ങളില്‍തന്നെ സാഹിത്യാഭിരുചിയും വാക്ചാതുര്യവും അത്യാവശ്യം വേണ്ട പ്രസംഗം, സംവാദം എന്നീ മത്സരങ്ങളിലെല്ലാം ഞാന്‍ സമ്മാനം നേടിയിരുന്നു. ഇതെല്ലാം എന്റെ കരിയറിന് മുതല്‍ക്കൂട്ടായിരുന്നു. സ്‌പോര്‍ട്‌സ് ആയിരുന്നു എന്റെ മേഖല. മാതൃഭൂമിയിലെ ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ കൈകാര്യം ചെയ്തിരുന്നത് സ്‌പോര്‍ട്‌സാണ്. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ഞാന്‍ കൈകാര്യം ചെയ്യാത്ത മേഖലകളില്ല. ക്രിക്കറ്റ്, ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്.. അങ്ങനെ പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ മത്സരങ്ങള്‍.. സ്‌പോര്‍ട്‌സിലായിരുന്നു എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഭൂരിഭാഗം സമയവും ചെലവിട്ടത്. സംസാരിക്കാനുള്ള കഴിവിനേക്കാള്‍ എന്നെ കമന്ററിയുടെ ലോകത്തേക്ക് എത്തിച്ചത് കായിക പത്രപ്രവര്‍ത്തനത്തിലുള്ള പരിചയം ആയിരിക്കാം.
പ്രാദേശിക ഭാഷയിലുള്ള കമന്ററികള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ എങ്ങനെയാണ് സഹായിക്കുന്നത്?

തനിസാധാരണക്കാരായ ആളുകളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രേക്ഷകര്‍. അവരുടെ ആവശ്യം യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞ് പ്രാദേശിക കമന്ററികള്‍ ഉള്‍പ്പെടുത്തിയത് സ്റ്റാര്‍ സ്‌പോര്‍ട്‌സാണ്. കഴിഞ്ഞ ദിവസം കോതമംഗലത്തിന് അടുത്തുള്ള പല്ലാരിമംഗലം എന്ന ഗ്രാമത്തിലെ എട്ട് ടീമുകള്‍ കളിക്കുന്ന പല്ലാരിമംഗലം സൂപ്പര്‍ ലീഗിന്റെ (പി.എസ്.എല്‍) ഫൈനലില്‍ സമ്മാനദാനം നിര്‍വ്വഹിക്കാന്‍ മുഖ്യാതിഥിയായി ഞാന്‍ പോയിരുന്നു. കേരളത്തിലെ ഒരു സാധാരണ മലയോര ഗ്രാമത്തില്‍ ഐ.എസ്.എല്ലിനെ അതേപടി മാതൃകയാക്കിക്കൊണ്ടുള്ള തികഞ്ഞ ഗ്രാമീണ ഫുട്‌ബോള്‍ ലീഗ് നടത്തുന്നു എന്നത് തികച്ചും അഭിമാനാര്‍ഹമാണ്. ഐ.എസ്.എല്‍ എത്രമാത്രം ആഴത്തിലാണ് കേരളത്തിലെ സാധാരണ ജനങ്ങളിലേക്ക് എത്തിയതെന്ന് ഇതിലൂടെ മനസ്സിലാക്കാനാവും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഏതുഗ്രാമത്തിലും എന്റെ പേര് പറഞ്ഞാല്‍ തിരിച്ചറിയുന്ന ചുരുങ്ങിയത് ഒരു 1000 പേരെങ്കിലും ഉണ്ടാവും. ഇതില്‍ നിന്ന് തന്നെ ഐ.എസ്.എല്‍ മലയാളം കമന്ററിയും എത്രമാത്രം പ്രശസ്തമായിരിക്കുന്നു എന്ന് മനസ്സിലാക്കാം.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.