മണിയന്പിള്ള വധം: ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലം: പൊലീസ് ഡ്രൈവര് മണിയന്പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില് കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്. ജീവപര്യന്തത്തിന് പുറമെ 15 വര്ഷം അധിക തടവിനും 4.45 ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കൊല്ലം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2012 ജൂണ് 26ന് പുലര്ച്ചെ കൊല്ലം പാരിപ്പള്ളിയില് മോഷണത്തിന് ഇറങ്ങിയ ആട് ആന്റണി വാഹന പരിശോധനയ്ക്കിടെ പോലീസ് ഡ്രൈവര് മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന എ.എസ്.ഐ ജോയിയെ പരുക്കേല്പ്പിക്കുകയും ചെയ്ത ശേഷം രക്ഷപെടുകയായിരുന്നു. പിന്നീട് 2015 ഒക്ടോബര് 13ന് കേരള-തമിഴ്നാട് അതിര്ത്തിപ്രദേശമായ ഗോപാലപുരത്തുവച്ചാണ് ആട് ആന്റണി പോലീസ് പിടിയിലായത്. കൊലപാതകം (ഐപിസി 302), കൊലപാതകശ്രമം (307), തെളിവു നശിപ്പിക്കല് (201), വ്യാജരേഖ ചമയ്ക്കല് (468), വ്യാജരേഖ യഥാര്ഥ രേഖയെന്ന തരത്തില് ഉപയോഗിക്കല് (471), ഔദ്യോഗിക കൃത്യനിര്വഹണത്തിനിടെ പരുക്കേല്പ്പിക്കല് (333), ഔദ്യോഗിക കസ്റ്റഡിയില് നിന്നു രക്ഷപ്പെടല് (224) എന്നിവയാണ് ആന്റണിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്. ജഡ്ജി ജോര്ജ് മാത്യുവാണ് ആട് ആന്റണിക്കെതിരായ ശിക്ഷ വിധിച്ചത്.
Photo Courtesy : Google/ Images may be subjected to copyright

