സോളാര് കമ്മീഷന്റെ എല്ലാ കണ്ടെത്തലുകളെപ്പറ്റിയും തുടരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര് കമ്മീഷന്റെ എല്ലാ കണ്ടെത്തലുകളെപ്പറ്റിയും തുടരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില് പലരായി കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള് റിപ്പോര്ട്ടിലുണ്ടെന്നും ഇവര്ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയില് വ്യക്തമാക്കി. മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും മുന്മന്ത്രി ആര്യാടനും സരിത.എസ്.നായരെ വഴിവിട്ടു സഹായിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
ഉമ്മന്ചാണ്ടിക്കെതിരെ രൂക്ഷവിമര്ശനമാണ് സോളാര് കമ്മീഷന് റിപ്പോര്ട്ടില് ഉന്നയിച്ചിരിക്കുന്നത്. 2 കോടി 16 ലക്ഷം രൂപ സോളാര് കമ്പനിയില് നിന്ന് ഉമ്മന് ചാണ്ടി കൈപ്പറ്റിയതായും സരിതയെ ശാരീരികമായി ചൂഷണം ചെയ്തതായും റിപ്പോര്ട്ടില് പരാമര്ശമുണ്ട്. ആര്യാടന് മുഹമ്മദ് സരിതയില് നിന്ന് 25 ലക്ഷം വാങ്ങിയെന്നും ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും റിപ്പോര്ട്ടില് പറയുന്നു.
അതേസമയം സോളാര് റിപ്പോര്ട്ടിന്റെ പേരില് യു.ഡി.എഫിനെ തകര്ക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണിയെ ഒരു ചുക്കും ചെയ്യാന് കഴിയില്ലെന്നും സോളാര് റിപ്പോര്ട്ട് തീര്ത്തും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Photo Courtesy : Google/images may subject to copyright
